ദാവോസ്: 19 വർഷത്തിനു ശേഷം കേരളം പങ്കെടുത്ത ദാവോസ് ലോക സാമ്പത്തിക ഫോറം വാർഷിക സമ്മേളനത്തിൽ സംസ്ഥാനത്തിൻ്റെ മാറിയ വ്യവസായ മുഖത്തിന് പ്രശംസയും കൈയ്യടിയും. സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രതിനിധി സംഘം നടത്തിയ വാർത്താ സമ്മേളനത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തന്നെ കേരളത്തിൻ്റെ വ്യവസായ മാറ്റത്തെ മാധ്യമ പ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിച്ചു. രാജ്യത്തെ ഏറ്റവും പുരോഗതി പ്രാപിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ നിക്ഷേപ സാധ്യതകൾ ഗൗരവപൂർവ്വം പരിശോധിക്കുകയാണെന്ന് ദാവോസ് സമ്മേളനത്തിൽ പങ്കെടുത്ത ആഗോള പ്രശസ്ത കമ്പനികളും വിവിധ രാഷ്ട്രങ്ങളുടെ പ്രതിനിധികളും വ്യക്തമാക്കി.
4 ദിവസത്തെ സമ്മേളന പരിപാടികൾക്കിടയിൽ തന്നെ 51കമ്പനികളുടെ മേധാവികളുമായും വിവിധ രാഷ്ട്രങ്ങളുടെ പ്രതിനിധി സംഘവുമായും ചർച്ച നടത്തിയതായി വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഫെബ്രുവരിയിൽ നടക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിലേക്ക് ഇവരെ ക്ഷണിച്ചതായും കേരളത്തിൻ്റെ നിക്ഷേപ സാധ്യതകൾ അവതരിപ്പിച്ചതായും മന്ത്രി പറഞ്ഞു. മെഡിക്കൽ ഉപകരണം, ഐ.ടി, ലോജിസ്റ്റിക്സ് മേഖലകളിലെ പ്രമുഖ കമ്പനികൾ നിക്ഷേപ സംഗമത്തിന് പ്രതിനിധികളെ അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സൗദി അറേബ്യ, യെമൻ ഭരണാധികാരികളുമായി നടത്തിയ ചർച്ചയും പ്രതീക്ഷ ജനിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
വിപ്രോ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ റിഷാദ് പ്രേംജി, ടെക് മഹീന്ദ്ര പ്രസിഡൻ്റ് ലക്ഷ്മൺ ചിദംബരം, ഗതാഗത നെറ്റ്‌വർക്ക് രംഗത്തെ പ്രമുഖ കമ്പനിയായ ഉബർ ഫോർ ബിസിനസ്, ബിസിനസ് ഡവലപ്മെൻ്റ് , ഫ്ളീറ്റ്സ് ആഗോള മേധാവി പ്രദീപ് പരമേശ്വരൻ, സൗദി അറേബ്യയുടെ റോയൽ കമ്മീഷൻ ഫോർ ജുബൈൽ ആൻ്റ് യമ്പു പ്രസിഡൻ്റ് ഖാലിദ് മുഹമ്മദ് അൽ സലിം, ബൽജിയം ആസ്ഥാനമായ എ.ബി. ഇൻ ബെവ് ഇന്ത്യ പ്രസിഡൻ്റ് കാർത്തികേയ ശർമ്മ, ഹിറ്റാച്ചി ഇന്ത്യ എം.ഡി. ഡോ.ഭാരത് കൗശൽ, ഹൈനെകെൻ സി.ഇ.ഒ. ഡോൾഫ് വാൻ ഡെൻ ബ്രിങ്ക്, ഗ്രീൻകോ സി.ഇ.ഒ. അനിൽകുമാർ ചലമല ഷെട്ടി, ജൂബിലൻ്റ് ഭാരതിയ ഗ്രൂപ്പ് സ്ഥാപകൻ ഹരി എസ്. ഭാരതിയ, ഭാരത് ഫോർജ് സി.ഇ.ഒ. നീലേഷ് തുംഗാർ തുടങ്ങിയവരുമായി മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചർച്ച നടത്തി.
ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി. എം.ഡി. എസ്.ഹരികിഷോർ എന്നിവരും മന്ത്രിക്കൊപ്പം ചർച്ചകളിൽ പങ്കെടുത്തു.