ദാവോസ്: ലോക സാമ്പത്തിക ഫോറവുമായി ദീർഘകാല സഹകരണത്തിനുള്ള സാധ്യതകൾ തുറന്ന് കേരളം. നിർമ്മിത ബുദ്ധി, എം.എസ്.എം.ഇ., ജൈവ വൈവിധ്യം, നൈപുണി വികസനം, ഹരിതോർജ്ജ ഉൽപാദനം തുടങ്ങിയ മേഖലകളിൽ ദീർഘകാല സഹകരണത്തിന് കേരളം താൽപര്യമറിയിച്ചു. ഇതിനുള്ള നിർദ്ദേശങ്ങൾ സാമ്പത്തിക ഫോറം തയ്യാറാക്കിയാൽ അതുമായി സഹകരിക്കുമെന്ന് കേരളം വ്യക്തമാക്കി. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൻ്റെ 55ാം വാർഷിക സമ്മേളനത്തിനിടെ ഫോറം മേധാവികളുമായി വ്യവസായ മന്ത്രി പി.രാജീവിൻ്റെ നേതൃത്വത്തിലുള്ള ഉന്നത തലസംഘം നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണത്തിനുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്.
സാമ്പത്തിക ഫോറത്തിൻ്റെ ഭാഗമായി ലോകത്തെ പ്രമുഖ കമ്പനികളും നിക്ഷേപകരുമായി മന്ത്രി രാജീവിൻ്റെ നേതൃത്വത്തിലുള്ള കേരള സംഘം ചർച്ച നടത്തി. ഗതാഗത നെറ്റ്‌വർക്ക് രംഗത്തെ പ്രമുഖ കമ്പനിയായ ഉബറിൻ്റെ ആഗോള മേധാവികളുമായി നടത്തിയ ചർച്ചയിൽ ഫെബ്രുവരിയിൽ കൊച്ചിയിൽ നടക്കുന്ന നിക്ഷേപക സംഗമത്തിലേക്ക് കമ്പനിയെ ക്ഷണിച്ചു. മൊബിലിറ്റി സൊല്യൂഷനുകളിൽ ഉബറിൻ്റെ ആഗോള വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനുള്ള ചർച്ചകൾ തുടരാനും തീരുമാനിച്ചു. ഉബർ ഫോർ ബിസിനസ്, ബിസിനസ് ഡവലപ്മെൻ്റ് , ഫ്ളീറ്റ്സ് ആഗോള മേധാവി പ്രദീപ് പരമേശ്വരനും സംഘവുമായിട്ടായിരുന്നു കൂടിക്കാഴ്ച.
സൗദി അറേബ്യയുടെ നിക്ഷേപ – വ്യവസായ വികസന പദ്ധതികളുടെ ആസൂത്രണ ചുമതലയുള്ള റോയൽ കമ്മീഷൻ ഫോർ ജുബൈൽ ആൻ്റ് യമ്പു പ്രസിഡൻ്റ് ഖാലിദ് മുഹമ്മദ് അൽ സലിമുമായും മന്ത്രി രാജീവ് ചർച്ച നടത്തി. കേരളവും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താൻ ചർച്ചയിൽ ധാരണയായി. കേരളത്തിലെ നിക്ഷേപ സാധ്യതകൾ പരിഗണിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. നിക്ഷേപക സംഗമത്തിലേക്ക് കമ്മീഷൻ്റെ പ്രതിനിധി സംഘത്തെ കേരളം ക്ഷണിച്ചു. ബൽജിയം ആസ്ഥാനമായ എ.ബി ഇൻ ബെവ് ഇന്ത്യ പ്രസിഡൻ്റ് കാർത്തികേയ ശർമ്മ, ഹിറ്റാച്ചി ഇന്ത്യ എം.ഡി. ഡോ.ഭാരത് കൗശൽ എന്നിവരുമായും പി.രാജീവ് കൂടിക്കാഴ്ച നടത്തി. സാങ്കേതിക വിദ്യാരംഗത്തെ സഹകരണം, അടിസ്ഥാന സൗകര്യ വികസനം എന്നീ രംഗങ്ങളിൽ കേരളവുമായി സഹകരിക്കുമെന്ന് കമ്പനി മേധാവികൾ പറഞ്ഞു.
ഹൈനെകെൻ സി.ഇ.ഒ. ഡോൾഫ് വാൻ ഡെൻ ബ്രിങ്കുമായും വ്യവസായ മന്ത്രി ചർച്ച നടത്തി. ഗ്രീൻകോ സി.ഇ.ഒ. അനിൽകുമാർ ചലമല ഷെട്ടി, ജൂബിലൻ്റ് ഭാരതിയ ഗ്രൂപ്പ് സ്ഥാപകൻ ഹരി എസ്.ഭാരതിയ, ഭാരത് ഫോർജ് സി.ഇ.ഒ. നീലേഷ് തുംഗാർ തുടങ്ങിയവരുമായും മന്ത്രി ചർച്ച നടത്തി. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി. എം.ഡി. എസ്.ഹരി കിഷോർ എന്നിവരും മന്ത്രിക്കൊപ്പം ചർച്ചകളിൽ പങ്കെടുത്തു.