ഡമാസ്‌കസ്: സിറിയയിൽ ബഷർ അൽ അസദിന്റെ ഭരണത്തിന് അവസാനമായി. തലസ്ഥാന നഗരമായ ഡമാസ്‌കസ് വിമതസേന പിടിച്ചെുത്തു. ഭരണം കൈമാറാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി ഘാസി അൽ ജലാലി വ്യക്തമാക്കി.
Follow the FOURTH PILLAR LIVE channel on WhatsApp
വിമതർ തലസ്ഥാനത്തേക്കു പ്രവേശിച്ചതോടെ പ്രസിഡൻറ് അസദ് ഇവിടെ നിന്ന് വിമാനത്തിൽ അജ്ഞാത കേന്ദ്രത്തിലേക്കു കടന്നു. ഇതിന് പിന്നാലെ സിറിയയെ അസദ് ഭരണകൂടത്തിൽ നിന്ന് മോചിപ്പിച്ചുവെന്ന് വിമതർ പ്രഖ്യാപനം നടത്തി.
ഇത് പുതിയൊരു തുടക്കത്തിന്റെ ആരംഭം, ഇരുണ്ടയുഗത്തിന്റെ അന്ത്യമെന്ന് ഹയാത് തഹ്രീർ അൽ-ഷാമിന്റെ (എച്ച്.ടി.എസ്.) നേതാവ് ടെലഗ്രാമിൽ കൂടി പ്രഖ്യാപിച്ചു. അസദ് ഭരണത്തിൽ മാറ്റിപ്പാർപ്പിക്കപ്പെട്ടവർക്കും ജയിലിലടക്കപ്പെട്ടവർക്കും ഇനി തിരികെ വീടുകളിലേക്ക് വരാമെന്നും വിമതർ പ്രഖ്യാപിച്ചു. എല്ലാവരും സമാധാനത്തോടെ ജീവിക്കുന്ന പുതിയൊരു സിറിയിയാരിക്കുമെന്നും നീതി ലഭിക്കുമെന്നും എച്ച്.ടി.എസ്. പറഞ്ഞു.
സിറിയയുടെ വടക്കൻ പ്രദേശമായ ആലപ്പോയും അതിന് ശേഷം ഹോംസ്, ഹമാ മേഖലകൾ ഒക്കെ തന്നെ വിമതർ കീഴടക്കിയിരുന്നു. ശനിയാഴ്ച രാത്രി തന്നെ ഡമാസ്‌കസിന് 50 കിലോമീറ്റർ അടുത്തേക്ക് വിമതർ എത്തുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ ഡമാസ്‌കസ് വിമതർ പൂർണമായി വളയുകയും തന്ത്രപ്രധാനമായ മേഖലകൾ നിയന്ത്രണത്തിലാക്കുകയും ചെയ്തു.
വിമത സൈന്യത്തോട് സഹകരിക്കാൻ തയാറെന്ന് പ്രധാനമന്ത്രി ജലാലി അറിയിച്ചിട്ടുണ്ട്. സിറിയയ്ക്ക് അയൽക്കാർ ഉൾപ്പെടെ ലോകവുമായി നല്ല ബന്ധം സ്ഥാപിക്കുന്ന ഒരു സാധാരണ രാജ്യമാകാൻ കഴിയും. എന്നാൽ ഈ വിഷയം സിറിയൻ ജനത തിരഞ്ഞെടുക്കുന്ന ഏതൊരു നേതൃത്വത്തെയും ആശ്രയിച്ചാണുള്ളത്. ജനങ്ങൾ തിരഞ്ഞെടുക്കുന്ന നേതൃത്വവുമായി സഹകരിക്കാനും സാധ്യമായതെല്ലാം വാഗ്ദാനം ചെയ്യാനും തയ്യാറാണ്. ഫേസ്ബുക്ക് അക്കൗണ്ടിൽ സംപ്രേക്ഷണം ചെയ്ത ഒരു പ്രസംഗത്തിൽ ജലാലി പറഞ്ഞു.
സിറിയയുടെ പൂർണ നിയന്ത്രണം വിമതരുടെ കയ്യിലായതോടെ തിരശ്ശീല വീണത് ആഭ്യന്തര യുദ്ധത്തിനിടെ ഛിന്നഭിന്നമായിക്കഴിഞ്ഞ രാജ്യത്തിന്റെ അധികാരം കൈവിട്ടുപോകാതിരിക്കാൻ പ്രസിഡന്റ് ബഷർ അൽ അസദ് 14 വർഷമായി നടത്തിവന്ന ശ്രമങ്ങൾക്കുകൂടിയാണ്. പിതാവ് ഹാഫിസ് അൽ അസദിന്റെ പിന്തുടർച്ചാവകാശിയായി 2000ലാണ് നേത്രരോഗവിദഗ്ധൻ കൂടിയായ ബഷർ അൽ അസദ് സിറിയൻ പ്രസിഡന്റാവുന്നത്. അസദ് രാജ്യംവിട്ടതോടെ അവരുടെ 54 വർഷത്തെ കുടുംബവാഴ്ച കൂടിയാണ് സിറിയയിൽ അവസാനിച്ചത്.
സിറിയയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാനാവുന്ന ഭരണാധികാരി എന്ന് ജനങ്ങൾ കരുതിയ അദ്ദേഹത്തിനെതിരെ പിന്നീട് വലിയ പ്രക്ഷോഭങ്ങൾതന്നെ നടന്നു. 2011 മാർച്ചിലാണ് പ്രക്ഷോഭങ്ങൾ തുടങ്ങിയത്. പ്രക്ഷോഭം നിഷ്‌കരുണം അടിച്ചമർത്തുന്ന അച്ഛൻ അസദിന്റെ രീതി മകൻ അസദും പിന്തുടർന്നതോടെ പ്രതിഷേധങ്ങളുടെ രീതി മാറി. കലാപം ആഭ്യന്തര യുദ്ധമായി മാറി. സഖ്യകക്ഷികളായ ഇറാന്റെയും റഷ്യയുടേയും പിന്തുണയോടെ പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള നഗരങ്ങൾ തകർത്ത് കീഴ്‌പ്പെടുത്താൻ ബഷർ തന്റെ സൈന്യത്തെ അഴിച്ചുവിട്ടു. 5 ലക്ഷത്തോളം പേരാണ് സിറിയൻ ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ടത്.
ഈയടുത്ത കാലം വരെയും അസദ് ഭരണകൂടത്തിന് പേടിക്കേണ്ട യാതൊരാവശ്യവും ഇല്ലായിരുന്നു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗം പ്രതിപക്ഷ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലും വടക്കുകിഴക്ക് കുർദിഷ് നിയന്ത്രണത്തിലുമായിരുന്നു. അതേസമയം തന്നെ സിറിയയുടെ പ്രധാനഭാഗങ്ങൾ സർക്കാർ അധീനതയിൽ തുടർന്നു. എന്നാൽ, നവംബർ അവസാനത്തോടെ വടക്കുപടിഞ്ഞാറൻ സിറിയ ആസ്ഥാനമായുള്ള പ്രതിപക്ഷ ഗ്രൂപ്പുകൾ നടത്തിയ അപ്രതീക്ഷിത ആക്രമണത്തോടെയാണ് സിറിയയിൽ കാറ്റ് മാറി വീശാൻ തുടങ്ങിയത്. ഔദ്യോഗിക സേനാവിഭാഗം പെട്ടെന്ന് തകർന്നു. അസദിന്റെ പ്രധാന സഖ്യകക്ഷിയായ റഷ്യ യുക്രൈനിലെ യുദ്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. അതിനാൽ സിറയയിൽ റഷ്യ ശ്രദ്ധിച്ചില്ല. ഇതോടെ അസദ് ഭരണം വീണു.