Follow the FOURTH PILLAR LIVE channel on WhatsApp
നസ്റല്ല കൊല്ലപ്പെട്ടത് ഹിസ്ബുള്ള സ്ഥിരീകരിച്ചു
ബെയ്റൂട്ട്: ഹിസ്ബുള്ള മേധാവി ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടു. അദ്ദേഹം കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. നസ്റല്ലയെ കൊലപ്പെടുത്തിയെന്ന് നേരത്തെ ഇസ്രയേൽ അവകാശപ്പെട്ടിരുന്നുവെങ്കിലും ആദ്യം ഈ വാർത്ത ഹിസ്ബൂള്ള തള്ളി. ഇസ്രായേൽ അവകാശപ്പെട്ടത് പോലെ കഴിഞ്ഞ ദിവസം ബെയ്റൂട്ടിൽ നടത്തിയ ആക്രമണത്തിൽ നസ്റല്ല കൊലപ്പെട്ടുവെന്ന് ഹിസ്ബുള്ള പുറത്തിറക്കിയ പ്രസ്താവനയിൽ ഇപ്പോൾ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകിട്ട് ബെയ്റുട്ടിൽ നടന്ന വ്യോമാക്രമണത്തിനിടെ നസ്റല്ല കൊല്ലപ്പെട്ടുവെന്നാണ് ഹിസ്ബുല്ല പ്രസ്താവനയിലൂടെ അറിയിച്ചത്.
ഹസന്‍ നസ്‌റല്ലയെ ലക്ഷ്യമിട്ടു തെക്കന്‍ ബെയ്‌റൂട്ടിലെ ദഹിയയില്‍ ഇസ്രായേല്‍ കനത്ത മിസൈല്‍ ആക്രമണം നടത്തിയിരുന്നു. വന്‍സ്‌ഫോടനങ്ങളോടെ നാലു കെട്ടിടസമുച്ചയങ്ങള്‍ തകര്‍ന്നടിഞ്ഞു. ഹിസ്ബുല്ലയുടെ സെന്‍ട്രല്‍ കമാന്‍ഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ 24 കിലോമീറ്റര്‍ അകലെയുള്ള കെട്ടിടങ്ങളും കുലുങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച, ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവ് ഇബ്രാഹിം ആക്വില്‍ കൊല്ലപ്പെട്ടത് ദഹിയയില്‍ ഇസ്രായേല്‍ നടത്തിയ സമാനമായ ആക്രമണത്തിലാണ്.
1992 ഫെബ്രുവരി മുതൽ ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറലാണ് ഹസ്സൻ നസ്റല്ല. എട്ട് സഹോദരങ്ങളാണ് നസ്റല്ലയ്ക്കുളളത്. ചെറുപ്പം മുതലേ മതപഠനം നടത്തിയ അദ്ദേഹം ഒടുവിൽ ഷിയാ രാഷ്ട്രീയ, അർദ്ധസൈനിക വിഭാഗമായ അമൽ മൂവ്മെന്റിൽ ചേർന്നു. 1982ൽ ലെബനനിലെ ഇസ്രായേൽ അധിനിവേശത്തെത്തുടർന്ന് നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. അന്ന് ഹിസ്ബുള്ള സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് നസ്റല്ല. ഇസ്രായേൽ സേനയ്ക്കെതിരായ ചെറുത്തുനിൽപ്പിനെ പിന്തുണയ്ക്കുന്നതിനായി ലെബനനിലെത്തിയ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ സഹായത്തോടെയാണ് ഈ സംഘം സ്ഥാപിതമായത്.
1985ൽ, ഹിസ്ബുള്ള ഒരു തുറന്ന കത്തിൽ അമേരിക്കയെയും ഇസ്രയേലിനെയും ഇസ്ലാമിന്റെ പ്രധാന ശത്രുക്കളായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ മുസ്ലിം പ്രദേശങ്ങൾ കൈവശപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഇസ്രായേലിനെ തുടച്ചുമാറ്റണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. സുരക്ഷാ പ്രശ്നങ്ങൾ കാരണം നിരവധി രഹസ്യ സ്ഥലങ്ങളിലായാണ് നസ്റല്ല കഴിഞ്ഞിരുന്നത്. 1997ൽ ഹിസ്ബുള്ളയ്ക്കുവേണ്ടി പോരാടുന്നതിനിടെ നസ്റല്ലയുടെ മൂത്തമകൻ ഹാദി മരണപ്പെട്ടിരുന്നു. ഇസ്രയേൽ സൈന്യമാണ് ഹാദിയെ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ലെബനനിൽ 11 പേർ കൊല്ലപ്പെട്ടുവെന്നും 108 പേർക്ക് പരിക്കേറ്റതായും ലെബനൻ ആരോഗ്യമന്ത്രി ഫിറാസ്സ് ആബിയാദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലെബനനിലെ ആക്രമണത്തിൽ ഇതുവരെ 700 പേരാണ് കൊല്ലപ്പെട്ടത്.
ഇതുവരെ 140തിലധികം ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഹിസ്ബുള്ളയ്ക്കെതിരെയുള്ള ആക്രമണത്തിൽ 85 ബങ്കർ ബസ്റ്റർ ഉപയോഗിച്ചിട്ടുണ്ടെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭൂഗർഭ സൗകര്യങ്ങളും കോൺഗ്രീറ്റ് കെട്ടിടങ്ങളും തകർക്കാൻ ശേഷിയുള്ള ബോംബുകളാണിവ. 2,000 പൗണ്ടിനും 4,000 പൗണ്ടിനുമിടയിലാണ് ഓരോ ബോംബിന്റെയും ഭാരം. ജനസാന്ദ്രതയുള്ള സ്ഥലങ്ങളിൽ ബങ്കർ ബസ്റ്ററുകൾ ഉപയോഗിക്കരുതെന്ന് ജനീവ കൺവെൻഷനിൽ തീരുമാനിച്ചിരുന്നു.