Follow the FOURTH PILLAR LIVE channel on WhatsApp
ഫ്ലോറിഡ: നീണ്ട കാത്തിരിപ്പും ലോകത്തിന്‍റെ ആകാംക്ഷയും അവസാനിപ്പിച്ച് ക്രൂ-9 ബഹിരാകാശ ദൗത്യ സംഘം ഭൂമിയിൽ മടങ്ങിയെത്തി. നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരെയും വഹിച്ചുള്ള സ്പേസ് എക്സ് ഡ്രാഗൺ പേടകം ഫ്ലോറിഡയിലെ തീരത്തിന് സമീപം അറ്റ്ലാൻഡിക് സമുദ്രത്തിലെ ഗൾഫ് ഓഫ് മെക്സിക്കോയിൽ സ്പ്ലാഷ് ഡൗൺ ചെയ്തു. നാസയുടെ നിക്ക് ഹേഗ്, റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിൻ്റെ ബഹിരാകാശ യാത്രികൻ അലക്സാണ്ടർ ഗോർബനോവ് എന്നിവർക്കൊപ്പമാണ് 17 മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ സുനിതയും ബുച്ചും ഭൂമിയിൽ എത്തിയത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദീർഘ വാസത്തിന് ശേഷം ബുധനാഴ്ച പുലര്‍ച്ചെ 3.27നായിരുന്നു സ്പ്ലാഷ് ഡൗൺ. 4 പേരെയും വഹിച്ചുകൊണ്ടുള്ള സ്പേസ് എക്സ് ഡ്രാഗണ്‍ ഫ്രീഡം മൊഡ്യൂള്‍ കടലിലിറങ്ങിയപ്പോള്‍ എല്ലാ സുരക്ഷയും യു.എസ്. കോസ്റ്റ് ഗാർഡ് ഉറപ്പാക്കിയിരുന്നു. എന്നാല്‍ ഇവർക്കെല്ലാം മുമ്പ് സുനിതയെയും സംഘത്തെയും സ്വീകരിച്ചത് പേടകത്തിന് അരികിലെത്തിയ വലിയ ഡോള്‍ഫിനുകളായിരുന്നു. ഈ കാഴ്ച നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്‍റര്‍ തന്നെയാണ് കൗതുകത്തോടെ പങ്കുവെച്ചത്.
പേടകത്തിൻ്റെ ഡി ഓർബിറ്റ് ജ്വലനത്തിന് ഇന്ത്യൻ സമയം പുലർച്ചെ 2.41ന് തുടക്കമായി. 2.49ന് ഡി ഓർബിറ്റ് ജ്വലനം അവസാനിച്ചു. തൊട്ടുപിന്നാലെ, 3.10ന് തങ്ങൾ സുരക്ഷിതമാണെന്ന് കമാൻഡർ നിക്ക് ഹേഗിൻ്റെ അറിയിപ്പെത്തി. 3.20ന് പേടകം ഭൂമിയിലേക്ക്. 3.24ന് പേടകത്തിൻ്റെ വേഗം കുറച്ച് മെയിൻ പാരഷ്യൂട്ട് തുറന്നു. 3.27ന് പേടകം കടലിൽ ലാൻഡ് ചെയ്യുന്ന സ്പ്ലാഷ് ഡൗൺ നടന്നു. ഡി ഓർബിറ്റ് ജ്വലനം നടന്ന് 44 മിനിറ്റുകൾക്കിപ്പുറമായിരുന്നു സ്പ്ലാഷ് ഡൗൺ.

നാസയുടെ ബോട്ടുകൾ പേടകത്തെ ബന്ധിച്ച് റിക്കവറി ബോട്ടിലേക്ക് അടുപ്പിച്ചു. 4.08ന് പേടകത്തിൻ്റെ വാതിൽ തുറന്നു. തുടർന്ന്, 4 യാത്രികരും സുരക്ഷിതരെന്ന് അറിയിപ്പെത്തി. 4.18ന് നിക്ക് ഹേഗ് പുറത്തിറങ്ങി. 4.20ന് അലക്സാണ്ടർ ഗോർബനോവ്, 4.22ന് സുനിത വില്യംസ്, 4.24ന് ഒടുവിലായി ബുച്ച് വിൽമോർ എന്നിവരും പുറത്തിറങ്ങിയതോടെ ഡ്രാഗൺ പേടകം ദൗത്യം സുരക്ഷിതമായി പൂർത്തിയാക്കി.

2024 ജൂണിൽ ബോയിങ് സ്റ്റാർലൈനർ പേടകത്തിലാണ് ക്രൂ 9 സംഘാംഗങ്ങളായ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിയത്. 8 ദിവസത്തിന് ശേഷം, ജൂൺ 14ന് അതേ പേടകത്തിൽ മടക്കം നിശ്ചയിച്ചിരുന്നെങ്കിലും പേടകത്തിന് ഉണ്ടായ സാങ്കേതിക പ്രശ്നങ്ങൾ മടക്കം വൈകിപ്പിക്കുകയായിരുന്നു. സ്റ്റാർലൈനർ പേടകത്തിൻ്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിനുണ്ടായ സാങ്കേതിക പ്രശ്നവും ഹീലിയം ചോർച്ചയുമാണ് മടക്കയാത്രയ്ക്ക് വെല്ലുവിളിയായത്. നിരവധി തവണ മടക്കയാത്ര നിശ്ചയിച്ചിരുന്നെങ്കിലും പേടകത്തിൻ്റെ സാങ്കേതിക പ്രശ്നം തടസ്സം സൃഷ്ടിച്ചു.
പിന്നീട് സെപ്റ്റംബറിൽ ഇരുവരുമില്ലാതെ സ്റ്റാർലൈനർ പേടകം ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ് സ്പേസ് ഹാർബറിൽ ലാൻഡ് ചെയ്തു. സുനിതയെയും ബുച്ചിനെയും മറ്റൊരു പേടകത്തിൽ എത്തിക്കുമെന്ന് നാസ അറിയിച്ചു. ഒടുവിൽ ദൗത്യം ഇലോൺ മസ്കിൻ്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സിൻ്റെ ചുമതലയിലായി. അതിപ്പോൾ വിജയകരമായി പൂർത്തിയാവുകയും ചെയ്തു.