Follow the FOURTH PILLAR LIVE channel on WhatsApp
സാൻ ഫ്രാൻസിസ്കോ: മെറ്റയുടെ എ.ഐ. ആപ്പിന് പ്രിയമേറുന്നുവെന്ന് റിപ്പോർട്ട്. പുറത്തിറക്കി 4 ദിവസത്തിനകം ഗൂഗിൾ പ്ലേ സ്റ്റോറിൽ മാത്രം 10 ലക്ഷത്തിലധികം പേർ മെറ്റ എ.ഐ. ആപ്പ് ഡൗൺലോഡ് ചെയ്തു കഴിഞ്ഞു. മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ 100 കോടിയിലേറെ പേർ മെറ്റ എ.ഐ. ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.
ആപ്പുമായി ടെക്സ്റ്റ്, ശബ്ദം എന്നിവ വഴി സംവദിക്കാം. ചിത്രങ്ങൾ സൃഷ്ടിക്കാനുള്ള സൗകര്യവും വെബ് സെർച്ച് ഫീച്ചറും ലഭ്യമാണ്. മെറ്റ റേ-ബാൻ ഗ്ലാസുകളെ മെറ്റ എ.ഐ. ആപ്പുമായി ബന്ധിപ്പിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
എപ്രിൽ 30ന് മെറ്റ, ലാമ കോൺ ഡെവലപ്പർ കോൺഫറൻസിൻ്റെ ഉദ്ഘാടന വേദിയിലാണ് മെറ്റ എ.ഐയുടെ പ്രത്യേക ആപ്പ് അവതരിപ്പിച്ചത്. അതുവരെ മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രത്യേക വെബ്‌പേജിലൂടെയും ലഭ്യമായിരുന്ന മെറ്റ എ.ഐ. ചാറ്റ്ബോട്ട് ഒരു സ്വതന്ത്ര ആപ്പാക്കി മാറ്റുകയാണ് ചെയ്തത്.
ചാറ്റ് ജി.പി.ടി., ഗ്രോക്ക്, പെർപ്ലെക്സിറ്റി എന്നിവയ്ക്ക് സമാനമായി രൂപകല്പന ചെയ്ത ഈ എ.ഐ. അസിസ്റ്റൻ്റ് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ഒരേ സമയം പുറത്തിറക്കി. മെറ്റ എ.ഐ. ആപ്പിൻ്റെ ഫീച്ചറുകൾ ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് ഒരു അക്കൗണ്ട് ആവശ്യമാണ്. ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് എളുപ്പത്തിൽ ആരംഭിക്കാം.
ചാറ്റ് ജി.പി.ടിയിലേയും പെർപ്ലെക്സിറ്റി ആപ്പിലേയും പോലുള്ള സബ്‌സ്ക്രിപ്ഷൻ മോഡലുകൾ മെറ്റ എ.ഐ. നിലവിൽ അവതരിപ്പിച്ചിട്ടില്ല, അതിനാൽ ആപ്പ് സൗജന്യമായി ഉപയോഗിക്കാം. മെറ്റ എ.ഐ. ആപ്പിൻ്റെ ജനപ്രീതി വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്.
































