29 C
Trivandrum
Friday, January 17, 2025

ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസ്സിന് പെട്രോൾ പമ്പിന് മുന്നിൽ വെച്ച് തീപിടിച്ചു; ഒഴിവായത് വൻദുരന്തം

പാലക്കാട്: മുണ്ടൂർ-തൂത സംസ്ഥാനപാതയിൽ തിരുവാഴിയോട്ട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ബസിലെ യാത്രക്കാരും ജീവനക്കാരും ഇറങ്ങിയോടിയതിനാൽ വൻ അപകടം ഒഴിവായി. ബസ് പൂർണമായും കത്തിനശിച്ചു.

Follow the FOURTH PILLAR LIVE channel on WhatsApp 

വെള്ളിയാഴ്ച രാത്രി 9ന് തിരുവാഴിയോട് പെട്രോൾ പമ്പിന് മുൻപിലായിരുന്നു അപകടം. 22 യാത്രക്കാരും 4 ജീവനക്കാരുമായി കോഴിക്കോട്ടുനിന്ന് ചെന്നൈയ്ക്ക് പോകുകയായിരുന്ന ‘എ വൺ’ സ്ലീപ്പർ ബസിനാണ് തീപിടിച്ചത്. ഓടിക്കൊണ്ടിരിക്കേ വണ്ടിയുടെ മുന്നിൽനിന്ന് പുക ഉയരുന്നതുകണ്ട് ഡ്രൈവർ ബസ് നിർത്തി. പരിശോധിക്കുന്നതിനിടെ തീ പടർന്നുപിടിച്ചു. ഉടനെ യാത്രക്കാരെ അടിയന്തരരക്ഷാവാതിൽ വഴി പുറത്തിറക്കി.

ഇതിനിടെ, തീ ബസിനകത്തേക്ക് പടർന്നതോടെ ഒരു യാത്രക്കാരൻ ബസിനുള്ളിൽ കുടുങ്ങി. ഉടൻതന്നെ പിന്നിലെ ചില്ല് തകർത്ത് ഇയാളെ പുറത്തിറക്കുകയായിരുന്നു. തൊട്ടുപിന്നാലെ തീ പൂർണമായും പടർന്നുപിടിച്ചു. ബസിലെ യാത്രക്കാരിൽ പലരും ഉറങ്ങിത്തുടങ്ങിയിരുന്നെങ്കിലും ഞൊടിയിടയിൽ എല്ലാവരെയും പുറത്തിറക്കാനായതും തുണയായി. കോങ്ങാട്, മണ്ണാർക്കാട് അഗ്നിരക്ഷാസേനയെത്തി 45 മിനിട്ട് പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

ബസിന്റെ മുൻഭാഗത്തെ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം. പെട്ടെന്ന് തീപടർന്നതിനാൽ യാത്രക്കാർ ബസിന്റെ ചുവട്ടിലെ അറയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളിൽ പകുതിമാത്രമാണ് പുറത്തെടുക്കാനായത്. പലരുടെയും ഡ്രൈവിങ് ലൈസൻസടക്കമുള്ള രേഖകൾ കത്തിയമർന്നു. അപകടത്തെത്തുടർന്ന് ഈ ഭാഗത്ത് ഒരുമണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു.

ബസിന് തീപിടിച്ചത് പെട്രോൾ പമ്പിന് സമീപത്തായത് ആശങ്ക പരത്തിയെങ്കിലും നാട്ടുകാരും പമ്പിലെ ജീവനക്കാരും സമയോചിതമായി ഇടപെട്ടതിനാൽ വൻ അപകടം ഒഴിവായി. തിരുവാഴിയോട് പെട്രോൾ പമ്പിനുമുൻപിൽ റോഡിന്റെ മറുവശത്താണ് ബസ് നിർത്തിയത്. തീ പടർന്നതിനുപിന്നാലെ പമ്പിന്റെ പ്രവർത്തനം പൂർണമായും നിർത്തിവെയ്ക്കുകയായിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks