Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: ഐ.ബി. ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ സുകാന്ത് സുരേഷ് കീഴടങ്ങി. ആത്മഹത്യ നടന്ന് 2 മാസത്തിന് ശേഷമാണ് സുകാന്ത് കീഴടങ്ങുന്നത്. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു. ഇതോടെയാണ് കീഴടങ്ങിയത്.
ഇയാള്‍ ഇത്രയും നാള്‍ ഒളിവിലായിരുന്നു. ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെ കൊച്ചി സിറ്റി പൊലീസിന് മുമ്പാകെ സുകാന്ത് കീഴടങ്ങുകയായിരുന്നു.
2 മാസത്തോളം ഒളിവില്‍ കഴിഞ്ഞിട്ടും ഇയാളെ എന്തുകൊണ്ട് പിടിക്കാന്‍ സാധിച്ചില്ല എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഇയാള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസിനെ ഗുരുതരമായി ബാധിക്കുമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ജാമ്യ ഹര്‍ജി തള്ളിയത്.
മുന്‍ ഐ.ബി. ഉദ്യോഗസ്ഥന്‍ കൂടിയാണ് സുകാന്ത്. ആത്മഹത്യ പ്രേരണ കുറ്റമുള്‍പ്പെടെ ചുമത്തപ്പെട്ടതിന് പിന്നാലെയാണ് ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഐ.ബി. ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുകാന്തുമായുള്ള വാട്‌സാപ്പ് ചാറ്റിൻ്റെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു. അതില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തിലുള്ള ചാറ്റുകള്‍ സുകാന്തിൻ്റേതായി കണ്ടെത്തിയിരുന്നു.
ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയതിന് തൊട്ടുപിന്നാലെതന്നെ സുകാന്ത് പൊലീസിൽ കീഴടങ്ങിയത് ഇത്രയും നാള്‍ ഇയാള്‍ കൊച്ചിയിലുണ്ടായിരുന്നുവെന്നു വ്യക്തമാക്കുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐ.ബി. ഓഫീസറായ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുകാന്തിൻ്റെ പങ്ക് പുറത്തുവന്നത്.