പത്തനംതിട്ട: കരുനാഗപ്പള്ളിക്കു പിന്നാലെ തിരുവല്ലയിലും സി.പി.എമ്മിൽ അച്ചടക്ക നടപടി. ഇതിന്റെ ഭാഗമായി തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി കെ.കെ.കൊച്ചുമോനെ മാറ്റി. ഏരിയാ കമ്മിറ്റി അംഗം ജെനു മാത്യുവിന് താൽക്കാലിക ചുമതല നൽകിയിട്ടുണ്ട്. തിരുവല്ലയിലെ പ്രശ്‌നങ്ങൾ പരിശോധിക്കാൻ നേരിട്ടെത്തിയ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിദ്ധ്യത്തിലാണ് നടപടി തീരുമാനിച്ചത്.
അലങ്കോലമായ ലോക്കൽ സമ്മേളനം ഡിസംബർ 9ന് വീണ്ടും ചേർന്ന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കും. നടപടിക്കു വിധേയനായിട്ടും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ മുൻ ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി.ആന്റണിക്ക് താക്കീതും നൽകി.
തിരുവല്ലയിലെ സംഘടന കാര്യങ്ങൾ പരിശോധിച്ചുവെന്നും സമ്മേളനവുമായി മുന്നോട്ട് പോകുമെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി. തിരുവല്ലയിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും പരിഹരിച്ചുവെന്നും ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവും പ്രതികരിച്ചു.