തിരുവനന്തപുരം: 800 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ നേമം മണ്ഡലത്തിൽ നടപ്പക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കോലിയക്കോട് വെൽഫയർ എൽ.പി. സ്‌കൂളിൽ നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
Follow the FOURTH PILLAR LIVE channel on WhatsApp
നേമം മണ്ഡലത്തിലെ 17 സ്‌കൂളുകളിൽ ഒരു കോടി മുതൽ 15 കോടിവരെ ചെലവഴിച്ച് വിവിധ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കോലിയക്കോട് വെൽഫയർ എൽ.പി. സ്‌കൂളിന്റെ വികസനത്തിനായി ആവശ്യമെങ്കിൽ ഇനിയും ഫണ്ട് അനുവദിക്കുമെന്നും നേമം എം.എൽ.എ. ആയ അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തിൽ നിന്നും ഒരു കോടി രൂപയും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 46 ലക്ഷം രൂപയും ഉപയോഗിച്ചാണ് ബഹുനില മന്ദിരത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
4,800 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച പുതിയ മന്ദിരത്തിൽ ആറ് ക്ലാസ്സ്മുറികളും രണ്ട് ടോയ്‌ലറ്റ് ബ്ലോക്കുകളും വരാന്തയും ഉണ്ട്. മൂന്ന് നിലകൾ നിർമ്മിക്കുന്നതിനുള്ള അടിത്തറ കെട്ടിടത്തിന് നൽകിയിട്ടുണ്ട്. 15 മാസം കൊണ്ടാണ് മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.