29 C
Trivandrum
Tuesday, July 15, 2025

സ്റ്റേഷനിൽ കൊണ്ടുവന്നതിന് പൊലീസിനോട് ദേഷ്യം, സ്റ്റേഷനിലുണ്ടായിരുന്ന വാഹനങ്ങൾക്ക് തീയിട്ടു

Follow the FOURTH PILLAR LIVE channel on WhatsApp 

പാലക്കാട് : മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷനിൽനിന്ന് തിരികെ പോകുന്നതിനിടെ കസ്റ്റഡിയിലുണ്ടായിരുന്ന വാഹനങ്ങൾക്ക് തീയിട്ടു. സ്റ്റേഷന് മുന്നിൽ ദേശീയപാതയിൽ മേൽപ്പാലത്തിനു താഴെ നിർത്തിയിട്ടിരുന്ന രണ്ട് പിക്കപ് വാനുകൾ പൂർണമായും കത്തിനശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചുള്ളിമട സ്വദേശി പോൾരാജിനെ (35) വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു.

വനപ്രദേശത്ത് മാലിന്യം തള്ളാൻ കൊണ്ടുപോയിരുന്ന പിക്കപ്പ് വാനുകൾ കോടതി നിർദേശപ്രകാരം പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്നു. ഈ വാഹനങ്ങളാണ് കത്തിനശിച്ചത്. പൊലീസുകാരും കഞ്ചിക്കോട് അഗ്‌നിരക്ഷാസേനയും ചേർന്ന് എട്ടരയോടെ തീയണച്ചു. തീയിട്ട ശേഷം സ്ഥലത്തു നിന്നു ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതിയെ പൊലീസ് പിന്തുടർന്നു പിടികൂടി.

ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് പോൾരാജിനെ വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചുള്ളിമടയിലെ പലചരക്ക് കടയ്ക്കുമുന്നിൽ മദ്യപിച്ച് ബഹളം വെയ്ക്കുകയും ആളുകളോട് വഴക്കിടുകയും ചെയ്‌തെന്ന പരാതിയെത്തുടർന്നായിരുന്നു ഇത്. ചോദ്യം ചെയ്യലിനുശേഷം ബന്ധുക്കളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അവരോടൊപ്പം വിട്ടയച്ചു. പോൾരാജിന്റെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരത്തിലാണ് രാത്രിയോടെ സ്റ്റേഷനു സമീപത്തെത്തി സർവീസ് റോഡിൽ നിർത്തിയിട്ട വാഹനങ്ങൾ പോൾ രാജ് പെട്രോൾ ഒഴിച്ച് തീയിട്ടത്.

കത്തിച്ച വാഹനത്തിൽ തെർമോകോൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് സാമഗ്രികളാണ് ഉണ്ടായിരുന്നത്. ഇതിനാൽ പെട്ടെന്നു തീ മുഴുവൻ ഭാഗങ്ങളിലേക്കും പടർന്നു. സ്റ്റേഷനു മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നു പുക ഉയരുന്നതു കണ്ടാണ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് ഓടിയെത്തിയത്. ഇതിനോടകം പോൾരാജ് മറ്റൊരു ഓട്ടോയിൽ കയറി രക്ഷപ്പെട്ടു. എന്നാൽ ഇൻസ്‌പെക്ടർ എൻ.എസ്.രാജീവ്, എസ്.ഐ. ജെ.ജയ്സൺ എന്നിവരുടെ നേതൃത്വത്തിൽ പിന്തുടർന്നു ചുള്ളിമടയിൽ നിന്ന് ഇയാളെ പിടികൂടി. സർവീസ് റോഡിലുണ്ടായിരുന്നു യാത്രാ വാഹനങ്ങളിലേക്ക് ഉൾപ്പെടെ തീപടരുന്ന സാഹചര്യമുണ്ടായിരുന്നെങ്കിലും അഗ്‌നിരക്ഷാസേനയും പൊലീസും ചേർന്ന് ഉടൻ തീയണച്ചു.

പോൾരാജിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തതായും മുമ്പ് മോഷണക്കേസിൽ പ്രതിയായിട്ടുണ്ടെന്നും വാളയാർ പോലീസ് പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks