Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവിങ് സിറ്റിലൊരു വനിത തിരുവനന്തപുരത്തുകാർക്ക് കൗതുകക്കാഴ്ചയാണ്. എല്ലാ മേഖലകളും വനിതകൾ ശോഭിക്കുന്ന ഈ കാലത്ത് വളയം പിടിക്കുന്ന വളയിട്ട കൈ അത്ഭുതമൊന്നുമല്ലെങ്കിലും തിരുവനന്തപുരം കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിൽ അങ്ങനെയൊന്ന് ആദ്യമാണ്. സംസ്ഥാനത്ത് ഇത് രണ്ടാമതും.
കാട്ടാക്കട പനയംകോട് തടത്തരികത്തുവീട്ടിൽ രാജിയാണ് (35) ആനവണ്ടിയുടെ വളയം പിടിച്ച് ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നത്. വർഷങ്ങളോളം കാട്ടാക്കടയിൽ ടാക്‌സി ഡ്രൈവർ ആയിരുന്ന റസാലത്തിന്റെയും ശാന്തയുടെയും മകളാണ് രാജി. അച്ഛന്റെ വാഹനങ്ങൾ കഴുകാനും അറ്റകുറ്റപ്പണികൾ നടത്താനും ആവേശത്തോടെ കൂടെക്കൂടിയിരുന്ന രാജിക്ക് ഡ്രൈവിങ് സീറ്റ് എന്നുമൊരു ആവേശമായിരുന്നു. സ്‌കൂൾ, ഡിഗ്രി പഠനകാലത്തും അതിനോടുള്ള ഇഷ്ടം തുടർന്നു. അച്ഛനോടൊപ്പം പതിയെപ്പതിയെ ബൈക്കും കാറും ലോറിയും ഓടിച്ചുപഠിക്കാൻ തുടങ്ങി.
വിവാഹം കഴിഞ്ഞ് ഭർത്താവ് ബനാർജിന്റെ പിന്തുണയും കിട്ടി. കൂടുതൽ സമയം വാഹനം ഓടിക്കണം എന്ന ആഗ്രഹം ചെന്നെത്തിയത് ഡ്രൈവിങ് സ്‌കൂൾ പരിശീലകയുടെ വേഷത്തിലേക്കായിരുന്നു. ഒന്നര പതിറ്റാണ്ടോളമായി ഡ്രൈവിങ് പരിശീലക എന്നനിലയിൽ കാട്ടാക്കടക്കാർക്ക് ചിരപരിചിതയാണ് രാജി. അതിനിടെയാണ് കെ.എസ്.ആർ.ടി.സിയിൽ വനിതാ ഡ്രൈവർമാരെ നിയമിക്കാൻ തീരുമാനിച്ച് അപേക്ഷ ക്ഷണിച്ചത് അറിയുന്നത്. പരീക്ഷയിൽ രാജി രണ്ടാം റാങ്കോടെ വിജയിച്ചു.
കാട്ടാക്കട പ്ലാമ്പഴിഞ്ഞി റൂട്ടിൽ വെള്ളിയാഴ്ച പകൽ 1.50ന് ആയിരുന്നു ആദ്യ ട്രിപ്പ്. കൂടെ കണ്ടക്ടറായി അശ്വതിയും. ഡ്രൈവിങ് സീറ്റിൽ രാജിയെ കണ്ടതോടെ നാടൊന്നാകെ ആശംസ അറിയിച്ചു. ആദ്യ യാത്രയും കെ.എസ്.ആർ.ടി.സി. ഡ്രൈവിങ്ങും പ്രത്യേക അനുഭവമായെന്ന് രാജി പറയുന്നു. പ്ലാമ്പഴിഞ്ഞി ട്രിപ്പിനുശേഷം വെള്ളിയാഴ്ച അഞ്ച് ട്രിപ്പിലായി രാജി ഓടിച്ചത് 150 കിലോമീറ്റർ.