29 C
Trivandrum
Friday, March 14, 2025

സുധാകരൻ്റെ കൊലവിളി വിലപ്പോയില്ല; ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റു

Follow the FOURTH PILLAR LIVE channel on WhatsApp 

കോഴിക്കോട്: കെ.പി.സി.സി. പ്രസിഡൻ്റ് കെ.സുധാകരൻ നടത്തിയ കൊലവിളിയുടെ പേരിൽ കുപ്രസിദ്ധമായ ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റു. സി.പി.എം പിന്തുണയോടെ കോൺഗ്രസിലെ വിമതരുടെ 11 അംഗ പാനൽ ജയിച്ചുകയറി. ഭരണസമിതിയില്‍ കോണ്‍ഗ്രസ് വിമതര്‍ക്ക് ഏഴും സി.പി.എമ്മിന് നാലും അംഗങ്ങളുണ്ട്.

കോണ്‍ഗ്രസിന് എന്തെങ്കിലും സംഭവിച്ചാല്‍ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് സുധാകരൻ ഭീഷണി മുഴക്കിയിരുന്നത്. തടി വേണോ, ജീവന്‍ വേണോ എന്ന് ഓര്‍ക്കണമെന്നും ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് വിമതർക്കെതിരെ ഭീഷണി ഉയർത്തി.

ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരിലാണ് വിമത പാനൽ മത്സരിച്ചത്. ജി.സി.പ്രശാന്തിനെ ചെയർമാനായി തിരഞ്ഞെടുത്തു. കോൺഗ്രസ് ജില്ലാ നേതൃത്വം നിർദേശിച്ച പാനലും കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട ബാങ്കിന്റെ നിലവിലെ ചെയർമാൻ പ്രശാന്ത് നേതൃത്വം നൽകുന്ന പാനലും തമ്മിലായിരുന്നു പ്രധാന പോരാട്ടം. 11 അംഗ ഭരണ സമിതിയിലേക്ക് ഇരുപക്ഷത്തെയും 11 പേർ വീതം 22ഉം എട്ട് ബി.ജെ.പി പ്രതിനിധികളും ഒരു സ്വതന്ത്രനുമടക്കം ആകെ 31 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. 36,000ഓളം വോട്ടർമാരിൽ 9,000ത്തിൽ താഴെ അംഗങ്ങളാണ് വോട്ടുചെയ്തത്.

വാശിയേറിയ തിരഞ്ഞെടുപ്പിൽ ആദ്യവസാനം വരെ സംഘർഷമായിരുന്നു. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു. കോൺഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന്റെ ഭരണം പിടിക്കാൻ കോൺഗ്രസ് ഔദ്യോഗിക പക്ഷവും സി.പി.എം പിന്തുണയുള്ള വിമതപക്ഷവും രംഗത്തിറങ്ങിയ തിരഞ്ഞെടുപ്പിൽ ഇരുപക്ഷവും അരയും തലയും മുറുക്കി പോരാടി.

സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘത്തെ സുരക്ഷക്ക് നിയോഗിച്ചെങ്കിലും ഇവരെ കാഴ്ചക്കാരാക്കിയായിരുന്നു ഏറ്റുമുട്ടൽ. ഇരുപക്ഷവും തങ്ങളുടേതല്ലാത്ത വോട്ടർമാരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തു. അക്രമി സംഘത്തെ ഭയന്ന് നൂറുകണക്കിനാളുകളാണ് വോട്ടുചെയ്യാതെ മടങ്ങിയത്. വോട്ടുചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നവർക്കാണ് മർദ്ദനമേറ്റത്. സ്ത്രീകളടക്കമുള്ളവർക്കുനേരെ അക്രമികൾ അസഭ്യവർഷവും നടത്തി. മാത്രമല്ല ബാങ്കിന്റെ അംഗത്വ കാർഡുകൾ അടക്കം പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.

ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെ പറയഞ്ചേരി ഗവ. ബോയ്‌സ് ഹൈസ്‌കൂളിലായിരുന്നു വോട്ടെടുപ്പ്. രാവിലെതന്നെ വോട്ടുചെയ്യാൻ വലിയതോതിൽ ആളുകൾ എത്തിയെങ്കിലും പത്തുമണിയോടെ ഇരുപക്ഷവും കള്ളവോട്ട് ആരോപണം ഉയർത്തി പ്രതിഷേധിച്ചതാണ് തർക്കമായത്.

കോഴിക്കോട്ട് ഞായറാഴ്ച കോൺഗ്രസ് ഹർത്താൽ

ചേവായൂർ സർവിസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സി.പി.എം അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഞായറാഴ്ച ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. പാൽ, പത്രം, ആംബുലൻസ്, ആശുപത്രി, വിവാഹ സംഘം, മറ്റ് അവശ്യ സർവിസ് എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. വ്യാപാരികൾ അടക്കം ജനങ്ങൾ ഹർത്താലുമായി സഹകരിക്കണമെന്ന് എം.കെ.രാഘവൻ എം.പിയും ഡി.സി.സി പ്രസിഡൻറ് അഡ്വ. കെ.പ്രവീൺകുമാറും ആവശ്യപ്പെട്ടു.

എന്നാൽ, ഹർത്താലുമായി സഹകരിക്കില്ലെന്നും കടകൾ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അറിയിച്ചു

Recent Articles

Related Articles

Special

Enable Notifications OK No thanks