Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ അതല്ലാതാക്കി വിജ്ഞാപനം ചെയ്യരുതെന്ന് സുപ്രീം കോടതി നിർദ്ദേശം. സുപ്രീം കോടതി പുറപ്പെടുവിച്ച വിധികളോ ഉത്തരവുകളോ റദ്ദാക്കാൻ പാർലമെൻ്റിന് അധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. വഖഫ് ഭേദഗതിക്കെതിരെ നൽകിയ ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർദ്ദേശം.
കോടതി വിധികളുടെ അടിസ്ഥാനത്തിൽ നിയമം നിർമ്മിക്കുക എന്നത് മാത്രമേ പാർലമെൻ്റിന് ചെയ്യാൻ സാധിക്കൂ എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വഖഫ് നിയമത്തിലെ ഒരു വ്യവസ്ഥ അധികാര പരിധി കടക്കുന്നു എന്ന സൂചനയും അദ്ദേഹം നൽകി.
ബുധനാഴ്ച നടന്ന വാദത്തിൽ ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ സഞ്ജീവ് കുമാർ, കെ.വി.വിശ്വനാഥൻ എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ച് കേന്ദ്ര സർക്കാർ നിലപാടിനെതിരെ രൂക്ഷമായി പ്രതികരിച്ചു. ക്ഷേത്രങ്ങളുടെ ഭരണസമിതികളിൽ മുസ്ലീങ്ങളെ കേന്ദ്രം അനുവദിക്കുമോ എന്ന് കോടതി ചോദിച്ചു. വഖഫ് ബോർഡിലെയും കൗൺസിലിലെയും അംഗങ്ങളെ സംബന്ധിച്ചും സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. എക്‌സ് ഒഫീഷ്യോ അംഗങ്ങൾ ഒഴികെ ബാക്കി അംഗങ്ങളെല്ലാം മുസ്ലീങ്ങൾ ആയിരിക്കണമെന്ന് കോടതി പറഞ്ഞു.
വഖഫ് ആണ് എന്ന് ഒരു വ്യക്തി പറഞ്ഞ വസ്തു രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ പുതിയ നിയമ ഭേദഗതി നിയമത്തിന് ശേഷം ആ ഭൂമിയുടെ പദവി എന്തായിരിക്കും? അത് വഖഫ് ഭൂമിയാണോ അതോ വഖഫ് ഭൂമി അല്ലാതാകുമോ? ഭൂമി സംബന്ധിച്ച തർക്കം ഉണ്ടെങ്കിൽ അതിൽ ആരാണ് തീരുമാനം എടുക്കുക? -ചീഫ് ജസ്റ്റിസ് ചോദിച്ചു.
കളക്‌ടർമാർക്ക് വഖഫ് ഭൂമിയെ സംബന്ധിച്ച അന്വേഷണം നടത്താമെന്ന് പാർലമെൻ്റ് പാസാക്കിയ ഭേദഗതിയിൽ പറയുന്നുണ്ട്. തർക്കമുള്ള ഭൂമിയുടെ സ്വഭാവം സംബന്ധിച്ച് കളക്ടറുടെ തീരുമാനം വരുന്നത് വരെ അത് വഖഫ് ഭൂമിയല്ലെന്നു പറയുന്നതിൽ എന്ത് ന്യായമാണുള്ളത്? ആ ഒരു കാലയളവിൽ വഖഫ് ഭൂമിയല്ല എന്ന് പറയുന്നത് നിയമപരമായി നിലനിൽക്കുന്നതാണോ എന്നും സുപ്രീം കോടതി ചോദിച്ചു. പല പള്ളികളും പണിതത് 15ാം നൂറ്റാണ്ടിലൊക്കെയാണ്. ആ ഭൂമിയുടെ വില്പനക്കരാർ കൊണ്ടുവരണമെന്നത് എത്രത്തോളം പ്രായോഗികമാണ്? -ചീഫ് ജസ്റ്റിസ് ചോദിച്ചു.
140ഓളം ഹർജികളാണ് വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ വന്നിട്ടുള്ളത്. ഇതിൽ ആദ്യം സമർപ്പിച്ച 10 ഹർജികളിൽ വ്യാഴാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.