Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: യെമനിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് ഒഴിവാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് സി.പി.എം. ലോക്സഭാ കക്ഷി നേതാവ് കെ.രാധാകൃഷ്ണൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തുനല്കി. യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മരണശിക്ഷ ജൂലൈ 16ന് നടപ്പാക്കാൻ അവിടത്തെ സർക്കാർ തീരുമാനിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൻ്റെ ഗൗരവം വിലയിരുത്തി അടിയന്തരമായി ഇടപെടേണ്ടതുണ്ടെന്ന് രാധാകൃഷ്ണൻ കത്തിൽ ആവശ്യപ്പെട്ടു.
കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ നഴ്സായി ജോലി ചെയ്യാനാണ് യെമനിലെത്തിയത്. എന്നാൽ തൊഴിലിടത്ത് കൊടിയ പീഡനത്തിന് അവർ വിധേയയായി എന്നാണ് ബന്ധുക്കളുടെ മൊഴി. അതിൻ്റെ പശ്ചാത്തലത്തിൽ സംഭവിച്ച ദൗർഭാഗ്യകരമായ സംഭവത്തിലാണ് വധശിക്ഷ ലഭിച്ചത്. ഇക്കാര്യങ്ങൾ പ്രധാനമന്ത്രിക്കു നല്കിയ കത്തിൽ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മാനുഷിക പരിഗണന കണക്കിലെടുത്ത് നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ ഇന്ത്യക്കു കഴിയുന്ന എല്ലാത്തരം ഇടപെടലുകളും ഉടൻ നടത്തണമെന്നും കത്തിൽ പ്രധാനമന്ത്രിയോട് എം.പി. അഭ്യർത്ഥിച്ചു. വിദേശകാര്യ മന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ട് കഴിയാവുന്ന ഇടപെടൽ നടത്താൻ ശ്രമിക്കുന്നുണ്ടെന്നും രാധാകഷ്ണൻ അറിയിച്ചു.
























