29 C
Trivandrum
Friday, April 25, 2025

ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി: കേന്ദ്രസർക്കാർ പുനഃപരിശോധന ഹർജി നൽകും

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡല്‍ഹി: നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കും. ഈയാഴ്ച തന്നെ ഹര്‍ജി നല്‍കാനുള്ള നടപടികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. സമയപരിധി നിശ്ചയിച്ചത് പുനഃപരിശോധിക്കണമെന്നും കേന്ദ്രത്തിന്‍റെ വാദങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നുമാകും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടുക.

ഹര്‍ജി നല്‍കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയം വിദഗ്ധരുടെ അഭിപ്രായം തേടിയിട്ടുണ്ട്. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ചിനു മുൻപാകെയാകും കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി സമർപ്പിക്കുക.

ഗവര്‍ണര്‍മാര്‍ ബില്ലുകൾ തടഞ്ഞുവെയ്ക്കുന്നതും അവർ രാഷ്ട്രപതിക്ക് അയയ്ക്കുന്ന ബില്ലുകളില്‍ കാലതാമസം നേരിടുന്നതും പതിവായ ഘട്ടത്തിലാണ് സുപ്രധാനമായ വിധി വന്നത്. ഗവർണർമാർക്ക് മുന്നിലെത്തുന്ന ബില്ലുകളിൽ ഒന്നു മുതൽ 3 വരെ മാസത്തിനുള്ളിൽ തീരുമാനം ഉണ്ടാകണമെന്നും ആയിരുന്നു സുപ്രീം കോടതി നിർദേശം. നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ അയച്ചാല്‍ രാഷ്ട്രപതി 3 മാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നുള്ള വിധി സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു.

ആദ്യമായാണ് നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ രാഷ്ട്രപതിക്ക് സുപ്രീം കോടതി സമയപരിധി നിശ്ചയിക്കുന്നത്. പല സംസ്ഥാനങ്ങളിലെയും ബില്ലുകളെ കോടതി വിധി ബാധിക്കുമെന്നിരിക്കെയാണ് കേന്ദ്രം തുടർനിയമനടപടിക്ക് നീങ്ങുന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks