Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ(64) വ്യാഴാഴ്ച ഡൽഹിയിലെത്തിക്കും. രാജ്യത്തെത്തിക്കാൻ കേന്ദ്രസർക്കാരിൻ്റെ വിവിധ ഏജൻസികളടങ്ങുന്ന സംഘം അമേരിക്കയിലേക്ക് പോയിരുന്നു. എൻ.ഐ.എയുടെ കസ്റ്റഡിയിലാക്കിയശേഷം നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കും.
ഡൽഹിയിലെയും മുംബൈയിലെയും 2 ജയിലുകളിൽ ഉയർന്ന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മൽ കസബിനെ പാർപ്പിച്ച ആർതർ റോഡിലെ സെൻട്രൽ ജയിലിലെ 12ാം നമ്പർ ബാരക്കിലായിരിക്കും തഹാവുർ റാണയേയും പാർപ്പിക്കുക.
പാക് സൈന്യത്തിൽ സേവനമനുഷ്ടിച്ച പശ്ചാത്തലമുള്ള തഹാവുർ റാണയ്ക്ക് കടുത്ത പരിശീലനം ലഭിച്ചതായും വിവരമുണ്ട്. ഡൽഹിയിലെത്തിച്ച ശേഷം തിഹാർ ജയിലിലാണ് അതീവസുരക്ഷാ ക്രമീകരണങ്ങളോടെ തഹാവുർ റാണയെ പാർപ്പിക്കുക. തുടർന്ന് ഇവിടെ നിന്ന് മുംബൈയിലെത്തിക്കും.
ഇന്ത്യയിലെത്തിച്ച ശേഷം ആദ്യം എൻ.ഐ.എ. തഹാവുർ റാണയെ ചോദ്യം ചെയ്യും. മുംബൈ പൊലീസിൻ്റെ അന്വേഷണ റിപ്പോർട്ടിൽ തഹാവുർ റാണയെ പ്രതിയായി ഉൾപ്പെടുത്തിയിരുന്നില്ല. എൻ.ഐ.എ. ചോദ്യം ചെയ്തതിന് ശേഷമാണ് തഹാവുർ റാണയുടെ പങ്ക് വ്യക്തമായത്. റാണയെ കസ്റ്റഡിയിൽ കിട്ടാൻ മുംബൈ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നുണ്ട്. കൈമാറ്റ വ്യവസ്ഥകൾക്കനുസരിച്ചായിരിക്കും ഇതിലെ തീരുമാനമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.
കനേഡിയൻ പൗരത്വമുള്ള പാക് വംശജനായ റാണ ലോസ് ആഞ്ജലിസിലെ ജയിലിലാണ് കഴിഞ്ഞിരുന്നത്. മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യസൂത്രധാരനായ ലഷ്‌കർ -എ-തൊയ്ബ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‍ലിയുടെ സഹായിയായിരുന്നു റാണ. 2019ലാണ് എഫ്.ബി.ഐ. അറസ്റ്റ് ചെയ്തത്. ഇന്ത്യക്ക് കൈമാറരുതെന്ന റാണയുടെ ഹർജി യു.എസ്. സുപ്രീംകോടതി തള്ളിയിരുന്നു.