29 C
Trivandrum
Saturday, April 26, 2025

മുനമ്പത്തേത് വഖഫ് ഭൂമി അല്ല: നിലപാട് മാറ്റി സിദ്ദിഖ് സേഠിൻ്റെ ചെറുമക്കൾ

Follow the FOURTH PILLAR LIVE channel on WhatsApp 

കോഴിക്കോട്: മുനമ്പം വഖഫ് കേസില്‍ നിലപാട് മാറ്റി ഭൂമി വഖഫ് ചെയ്ത സിദ്ദിഖ് സേഠിൻ്റെ ചെറുമക്കള്‍. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന് സിദ്ദിഖ് സേഠിൻ്റെ ചെറുമക്കളുടെ അഭിഭാഷകന്‍ വഖഫ് ട്രിബ്യൂണലിനെ അറിയിച്ചു. മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും വഖഫ് ബോര്‍ഡില്‍ ഹര്‍ജി നല്‍കിയ സിദ്ദിഖ് സേഠിൻ്റെ മകള്‍ സുബൈദയുടെ മക്കളാണ് നിലപാട് മാറ്റിയത്.

മുനമ്പം ഭൂമി വഖഫാണോ അതോ ഫാറൂഖ് കോളേജിന് സ്ഥലമുടമകള്‍ ഉപഹാരം എന്നനിലയില്‍ നല്‍കിയതാണോ എന്നകാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായാണ് ട്രിബ്യൂണല്‍ വാദംകേള്‍ക്കുന്നത്. ഭൂമി ഫാറൂഖ് കോളേജിന് രജിസ്റ്റര്‍ ചെയ്തുനല്‍കിയപ്പോള്‍ ഭൂമിയുടെ ക്രയവിക്രയം ഫാറൂഖ് കോളേജിന് പൂര്‍ണമായും നല്‍കിയതായി പരാമര്‍ശമുണ്ട്. മാത്രമല്ല, ശേഷിച്ച ഭൂമി ഉടമസ്ഥര്‍ക്ക് തിരികെ ലഭ്യമാക്കാനും വ്യവസ്ഥയുണ്ടായിരുന്നു. അതിനാല്‍ ഈ പരാമര്‍ശങ്ങള്‍ ഭൂമി വഖഫ് അല്ലെന്നതിന് തെളിവാണെന്നാണ് സുബൈദയുടെ മക്കളുടെ അഭിഭാഷകന്‍ വാദിച്ചത്.

ഭൂമി വഖഫല്ലെന്ന് ഫാറൂഖ് കോളേജിന് വേണ്ടി ഹാജരായ അഭിഭാഷകരും ട്രിബ്യൂണലിന് മുന്‍പാകെ വാദിച്ചിരുന്നു. അതേസമയം, സിദ്ദിഖ് സേഠിൻ്റെ രണ്ടുമക്കള്‍ മുനമ്പത്തെ ഭൂമി വഖഫാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

വഖഫ് ആധാരത്തില്‍ രണ്ടുതവണ വഖഫ് എന്ന് പരാമര്‍ശിച്ചതും ദൈവനാമത്തില്‍ ആത്മശാന്തിക്കായി സമര്‍പ്പിക്കുന്നതായി പറഞ്ഞതും ഉന്നയിച്ച് ഭൂമി വഖഫ് തന്നെയാണെന്നായിരുന്നു വഖഫ് ബോര്‍ഡ് കഴിഞ്ഞദിവസം വാദിച്ചത്. എന്നാല്‍, ക്രയവിക്രയ സ്വാതന്ത്ര്യവും തിരിച്ചെടുക്കാനുള്ള നിബന്ധനയും ഉള്ളതിനാല്‍ ഭൂമിയെ വഖഫായി പരിഗണിക്കാനാവില്ലെന്ന് ഫാറൂഖ് കോളേജിനായി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. ഫാറൂഖ് കോളേജ് മത-ജീവകാരുണ്യസ്ഥാപനമല്ലാത്തതിനാല്‍ ഭൂമി നല്‍കിയതിനെ വഖഫായി പരിഗണിക്കാനാവില്ലെന്നായിരുന്നു മുനമ്പം നിവാസികളുടെ വാദം.

മുനമ്പം വഖഫ് ഭൂമി കേസില്‍ കഴിഞ്ഞ ദിവസം കക്ഷിചേര്‍ന്ന മുനമ്പം നിവാസികള്‍ക്കുവേണ്ടി അഭിഭാഷകന്‍ എതിര്‍ഹര്‍ജി നല്‍കി. ഹര്‍ജിക്കാരായ ഫാറൂഖ് കോളേജിൻ്റെയും എതിര്‍കക്ഷികളുടെയും വാദംകേട്ട ട്രിബ്യൂണല്‍ കൂടുതല്‍ വാദംകേള്‍ക്കാന്‍ കേസ് ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks