29 C
Trivandrum
Friday, April 25, 2025

മുൻകാല പ്രാബല്യമില്ല: മുനമ്പം പ്രശ്നം പരിഹരിക്കാൻ വഖഫ് ബില്ലിനാകില്ല

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: വഖഫ് ഭേദഗതി ബിൽ പാർലമെൻ്റ് പാസാക്കിയ വേളയിൽ മുനമ്പത്ത് പ്രകടമായ ആഹ്ളാദം നിരാശയ്ക്കു വഴിമാറി. തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പുതിയ നിയമം പരിഹാരമുണ്ടാക്കും എന്ന പ്രതീക്ഷയിലായിരുന്നു മുനമ്പത്തുകാർ ആഹ്ളാദപ്രകടനം നടത്തിയത്. എന്നാൽ, വഖഫ് നിയമത്തിലെ ഭേദഗതിക്ക്‌ മുൻകാല പ്രാബല്യമില്ലാത്തത് മുനമ്പം നിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തടസ്സമാകും എന്നു വ്യക്തമായിട്ടുണ്ട്.

ഏതെങ്കിലും ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിക്കാൻ വഖഫ് ബോർഡിന് അധികാരം നൽകുന്ന വകുപ്പ് 40 ഭേദഗതിയിലൂടെ ഒഴിവാക്കിയതാണ് നിയമത്തിൽ വരുത്തിയ പ്രധാന മാറ്റം. എന്നാൽ ഈ ഭേദഗതിക്ക്‌ മുൻകാല പ്രാബല്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വഖഫ് ഭൂമിയായി രജിസ്റ്റർ ചെയ്ത സ്ഥലത്തെ എങ്ങനെ ഒഴിവാക്കാമെന്നതിൽ ഭേദഗതി കൊണ്ടുവന്നപ്പോൾ ആലോചന നടന്നിട്ടില്ല.

2019ലാണ് വഖഫ് ബോർഡ് വകുപ്പ് 40 പ്രകാരം മുനമ്പത്തെ 404 ഏക്കറോളം ഭൂമി വഖഫായി പ്രഖ്യാപിച്ചത്. അപ്പോൾ തന്നെയാണ് മുനമ്പത്തെ ഭൂമി വഖഫ് അസെറ്റ് രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതും. എന്നാൽ, ഇവിടെ താമസിക്കുന്നവർ അതിനുമുൻപേ ഭൂമി വാങ്ങിയവരാണ്. വഖഫ് അസെറ്റ് രജിസ്റ്ററുമായി ബന്ധപ്പെട്ട ഒന്നും പുതിയ ഭേദഗതിയിലും പറയാത്തതാണ് മുനമ്പത്തുകാർക്ക് തിരിച്ചടിയാകുന്നത്.

മുനമ്പത്തെ ഭൂമി വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയതിന് എതിരെയുള്ള അപ്പീൽ നിലവിൽ കോഴിക്കോട് വഖഫ് ട്രിബ്യൂണലിൻ്റെ പരിഗണനയിലാണ്. ഭൂമി വഖഫായി പ്രഖ്യാപിച്ചത് ട്രിബ്യൂണൽ റദ്ദാക്കിയാൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാകുകയുള്ളൂ. പുതിയ ഭേദഗതിപ്രകാരം ട്രിബ്യൂണൽ തീരുമാനം അന്തിമമല്ലെന്നത് ഈ സാധ്യതയും ഇല്ലാതാക്കുന്നതിനാൽ ആശയക്കുഴപ്പം വർധിച്ചിരിക്കുകയാണ്. വഖഫ് രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനു മുമ്പേ കൈമാറ്റം ചെയ്യപ്പെട്ട ഭൂമിയെ പിന്നീട് വഖഫ് ആയി പ്രഖ്യാപിച്ച് ഏറ്റെടുക്കാനാവില്ലെന്ന വ്യവസ്ഥയുണ്ടെങ്കിൽ പ്രശ്നം പരിഹരിക്കാനാവും എന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പുതിയ ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വകുപ്പ് 2 എ മുനമ്പത്തുകാർക്ക് പ്രയോജനപ്രദമാവുമെന്ന് പ്രചരിപ്പിക്കാൻ ബി.ജെ.പി. കേന്ദ്രങ്ങൾ ശ്രമം നടക്കുന്നുണ്ട്. ട്രസ്റ്റിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലം പുതിയ ഭേദഗതി നിലവിൽവരുന്നതിനു മുമ്പോ ശേഷമോ വഖഫ് ആയി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അത് വഖഫായി കണക്കാക്കാനാകില്ലെന്നാണ് വകുപ്പ് 2 എയിൽ പറയുന്നത്. എന്നാൽ, മുനമ്പത്തെ ഭൂമി ഫാറൂഖ് കോളേജ് മാനേജ്‌മെൻ്റ് കമ്മിറ്റിക്ക് കൈമാറുന്നതുതന്നെ വഖഫായിട്ടാണെന്നാണ് ബോർഡ് അവകാശപ്പെടുന്നത്. 1950 നവംബർ 1ന് സിദ്ദിഖ് സേട്ട് ഭൂമി കൈമാറിയതുതന്നെ വഖഫായിട്ടാണെന്ന് ബോർഡ് പറയുമ്പോൾ ഇക്കാര്യത്തിൽ വകുപ്പ് 2 എയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks