Follow the FOURTH PILLAR LIVE channel on WhatsApp
മധുര: കേരളത്തില്‍ അടുത്ത തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിനെ പിണറായി വിജയന്‍ തന്നെ നയിക്കുമെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ ബേബി. പിണറായി വിജയന്‍ അടുത്ത തവണയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കവേയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
ഇപ്പോള്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയാണ്. സ്വാഭാവികമായും അടുത്ത തിരഞ്ഞെടുപ്പില്‍ മുന്നണിയുടെ പ്രചാരണത്തില്‍ പിണറായി വിജയന്‍ തന്നെ നയിക്കും. തുടര്‍ഭരണം കിട്ടുന്ന സാഹചര്യമുണ്ടായാല്‍ മുഖ്യമന്ത്രി ആരാകുമെന്ന് ഇപ്പോള്‍ ഉദ്വേഗത്തോടെ ചര്‍ച്ച ചെയ്യുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയതിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയെന്നത് സംഘടനാപരമായിട്ടുള്ള വലിയ വെല്ലുവിളിയാണ്. കൂട്ടായി ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയും. മറ്റെല്ലാവരുടെയും സഹായ സഹകരണങ്ങളുണ്ടാവും. യോജിച്ച് കൂട്ടായി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് സി.പി.എം. കുറച്ചുകാലമായുള്ള പാർട്ടിയുടെ പോളിറ്റ്ബ്യൂറോയുടെ ഭാഗമായുള്ള പ്രവർത്തനത്തിന്റെ തുടർച്ചായാണ് ജനറൽ സെക്രട്ടറി പദവിയെന്നും ബേബി വ്യക്തമാക്കി.
രാജ്യം അനുഭവിക്കുന്ന വെല്ലുവിളികളാണ് പാർട്ടിയുടെയും വെല്ലുവിളികൾ. രാജ്യത്ത് 80,000ലധികം പാർട്ടി ബ്രാഞ്ചുകളുണ്ട്. കൂടാതെ ഇൻ്റർമീഡിയേറ്ററി കമ്മറ്റികളുണ്ട്. ഈ കമ്മറ്റികളെല്ലാം സജീവമായി പ്രവർത്തിക്കുകയാണെങ്കിൽ പാർട്ടി കോൺഗ്രസിൽ കൈക്കൊണ്ട രാഷ്ട്രീയ തീരുമാനങ്ങൾ നടപ്പാക്കാൻ കഴിയും. സംഘടനാപരമായ ഒരു പുനഃശാക്തീകരണത്തിലേക്ക് പോകേണ്ടതുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ സി.പി.എമ്മിൻ്റെ ഇടപ്പെടൽശേഷി വർധിപ്പിക്കുന്നതിന് പാർട്ടി കോൺഗ്രസ് തീരുമാനങ്ങളിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര കമ്മറ്റിയെ നിശ്ചയിക്കുന്നതിൽ ഉണ്ടായ തിരഞ്ഞെടുപ്പ് ജനാധിപത്യ അവകാശം അനുവദിച്ചുകൊടുക്കുന്നതിൻ്റെ ഭാഗമാണ്. അതിൽ മറ്റുവിഷയങ്ങളൊന്നും ഉണ്ടായിട്ടില്ല. കേന്ദ്രകമ്മിറ്റി പാനൽ പൂർണമായിട്ട് അംഗീകരിക്കുകയാണ് ചെയ്തത്. പാർട്ടി കോൺഗ്രസിൽ തൻ്റെ ഓർമ്മയിൽ ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.