Follow the FOURTH PILLAR LIVE channel on WhatsApp
കോഴിക്കോട്: വേണ്ടിവന്നാൽ ക്രൈസ്തവസമുദായം രാഷ്ട്രീയപ്രസ്ഥാനമായി മാറുമെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സർക്കാർ അവഗണനയ്ക്കും നീതിനിഷേധങ്ങൾക്കുമെതിരേ താമരശ്ശേരി രൂപത കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ മുതലക്കുളത്തുനടത്തിയ അവകാശപ്രഖ്യാപനറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ ജനതയെ ആർക്കും തീറെഴുതിക്കൊടുത്തിട്ടില്ല. ഒരു രാഷ്ട്രീയപ്പാർട്ടിയും എക്കാലത്തേക്കും തങ്ങളുടെ വോട്ടുബാങ്കായി ക്രൈസ്തവരെ കാണുകയും വേണ്ടാ. ക്രൈസ്തവജനത ആരുടെയും ഫിക്സഡ് ഡിപ്പോസിറ്റല്ല. ഞങ്ങൾ ക്രൂരമായി അവഗണിക്കപ്പെടുകയാണ്. വേണ്ടിവന്നാൽ പ്രത്യക്ഷ രാഷ്ട്രീയ ഇടപെടലുകൾ നടത്തും. അത്രമേൽ ഗതികെട്ടതുകൊണ്ടാണ് ഇപ്പോൾ സമരത്തിനിറങ്ങിയത്. കാർഷികോത്‌പന്നങ്ങൾക്ക് വിലയില്ല, ആസിയാൻ കരാർ തിരുത്തണമെന്ന ആവശ്യം പരിഗണിക്കുന്നില്ല, വന്യമൃഗങ്ങളിൽനിന്ന് കർഷകരെയും കൃഷിയെയും രക്ഷിക്കണം, വർഗീയമായ സമ്മേളനമായി കാണരുത്, മലയോരത്തെ എല്ലാവർക്കുംവേണ്ടിയാണ് തെരുവിലിറങ്ങിയത് -മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനംവെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വഖഫ് ബോർഡ് പ്രതിയായോ വാദിയായോ വരുന്ന കേസുകൾ വഖഫ് ബോർഡുതന്നെ പരിഹരിച്ചാൽ തീരുന്നതല്ല -മാർ പാംപ്ലാനി പറഞ്ഞു. എല്ലാ രൂപതകളിലും വന്യജീവി പ്രതിരോധസേന രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാട്ടിൽ ആനയിറങ്ങുന്നതുതടയാൻ നിയമമുണ്ടാക്കണമെന്നും മലയോര ജനതയുടെ ദുരിതംകാണാൻ കണ്ണില്ലാത്ത വനംമന്ത്രി രാജിവെക്കണമെന്നും താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡൻ്റ് ഡോ.ചാക്കോ കാളംപറമ്പിൽ അധ്യക്ഷത വഹിച്ചു.