29 C
Trivandrum
Sunday, April 20, 2025

വയനാട് ടൗൺഷിപ്പിന് ശിലയിട്ടു; ജനം ഒപ്പം നില്ക്കുമെങ്കിൽ ഒന്നും അസാധ്യമല്ലെന്ന് മുഖ്യമന്ത്രി

Follow the FOURTH PILLAR LIVE channel on WhatsApp 

കല്പറ്റ: ജനം ഒപ്പം നില്ക്കുമെങ്കിൽ ഒന്നും അസാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ദുരന്തത്തിനും കേരളത്തെ തോൽപ്പിക്കാനാകില്ല. എന്തിനെയും അതിജീവിക്കും. അതാണ് ചൂരൽമല, മുണ്ടക്കൈ പുനരധിവാസം നൽകുന്ന മഹാ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിൻ്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ വ്യാഴാഴ്ച കൊടുത്തയച്ച കത്തിൽ 100 വീടുകൾ നിർമിക്കുന്നതിന് 20 കോടി രൂപ അനുവദിച്ചതായി അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.വൈ.എഫ്.ഐ. 100 വീടിനുള്ള പണം കഴിഞ്ഞ ദിവസം കൈമാറി. സ്കൂൾ വിദ്യാർഥികളുടെ എൻ.എസ്.എസ്. 10 കോടി രൂപ നൽകി. വാഗ്ദാനം എന്തായാലും എന്തുവിലകൊടുത്തും നിറവേറ്റുന്നതാണ് നമ്മുടെ രീതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാം അനുഭവിച്ച വേദനയ്ക്കിടയിൽ ഇത്തരമൊരു ഘട്ടം എല്ലാവരിലും നല്ല വികാരം ഉണർത്തുന്ന സമയമാണ്. നമ്മുടെ നാടിൻ്റെ ഒരുമയുടെ കരുത്താണ് ഈ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. അസാധ്യമെന്ന് കരുതുന്ന എന്തും സാധ്യമാക്കാനാകും എന്നതാണ് നമ്മുടെ അനുഭവം. വലിയൊരു ജീവകാരുണ്യമാണ് ഫലവത്താക്കുന്നത്. വലിയ സ്രോതസായി പ്രതീക്ഷിച്ചത് കേന്ദ്രസഹായമാണ്. കിട്ടിയത് വായ്പാ രൂപത്തിലുള്ള തീർത്തും അപര്യാപ്തമായ തുകയാണ്. കേന്ദ്ര സഹായത്തിൻ്റെ അഭാവത്തിലും പുനരധിവാസവുമായി നാം മുന്നോട്ട് പോയി.

അസാധാരണ ദൗത്യം ഏറ്റെടുത്ത് മുന്നേറാൻ നമുക്കുണ്ടായ ധൈര്യം പകർന്നത് നമ്മുടെ നാടിൻ്റെ ഒരുമയും ഐക്യവും മനുഷ്യത്വവുമാണ്. അതിനോടൊപ്പം സർക്കാരിനും നിൽക്കാനായാൽ അസാധ്യമായത് സാധ്യമാക്കാൻ സാധിക്കും. ഇച്ഛാശക്തി ഉണ്ടാകുക എന്നതായിരുന്നു പ്രധാനം. അതിൻ്റെ തെളിവാണ് ഇവിടെയുയരുന്ന ടൗൺഷിപ്പ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരമൊരു ആശയം വന്നപ്പോൾ എല്ലാവരും അതുമായി സഹകരിക്കാൻ തയാറായി. പട്ടിണിക്കാർ മുതൽ പ്രവാസി സമൂഹം വരെ നമ്മോടൊപ്പം നിന്നു. കുടുക്ക പൊട്ടിച്ചു ചില്ലറ തുട്ടുകൾ തന്ന കുട്ടികൾ വരെയുണ്ട്. അവരൊടൊക്കെ നന്ദി പറഞ്ഞ് തീർക്കാൻ സാധിക്കില്ല. ഹൈക്കോടതിയും നമ്മോടൊപ്പം ചേർന്ന് കേന്ദ്ര സർക്കാരിന് നിർദേശം നൽകുന്നുണ്ട്. ദുരന്തമുണ്ടായപ്പോൾ സർക്കാർ ഇവിടെ തന്നെ ആസ്ഥാനമാക്കി പ്രവർത്തിച്ചു. എല്ലാം ഏകോപിപ്പിച്ച് നീങ്ങാൻ നമുക്ക് സാധിച്ചു. അതേ തരത്തിലുള്ള അസാധാരണ ഇടപെടലുകളാണ് പുനരധിവാസത്തിനും നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യത്തെ മാതൃകാ വീടിൻ്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. സ്പോൺസർഷിപ്പിനുള്ള പോർട്ടലും അദ്ദേഹം ലോഞ്ച് ചെയ്തു.

ജൂലൈ 30ന് ദുരന്തമുണ്ടായതു മുതൽ ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ചു നിന്നുവെന്ന് അധ്യക്ഷത വഹിച്ച റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ഒ.ആർ.കേളു, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രിയങ്ക ഗാന്ധി എം.പി., എം.എൽ.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ടി.സിദ്ദിഖ് തുടങ്ങിയവർ സംബന്ധിച്ചു.

ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെടുന്ന 402 കുടുംബങ്ങളിൽ വീടു തിരഞ്ഞെടുത്തവർക്കുള്ള വീടുകളാണ് ടൗൺഷിപ്പിലുണ്ടാവുക. കമ്യൂണിറ്റി ഹാൾ, അങ്കണവാടി, ഓപ്പൺ തിയേറ്റർ, മാർക്കറ്റ്, കളിസ്ഥലം, ജിംനേഷ്യം, പ്രാഥമികാരോഗ്യകേന്ദ്രം, വായനശാല തുടങ്ങിയ സൗകര്യങ്ങളുമുണ്ടവും. 1,000 ചതുരശ്ര അടിയിൽ ഒരുനില വീടാണ് നിർമ്മിക്കുക.

മാതൃകാവീടിൻ്റെ പ്ലാനും തറക്കല്ലിടൽവേദിയിൽ രേഖപ്പെടുത്തിയിരുന്നു. 7 സെൻ്റ് പ്ലോട്ട് ശരിയാക്കി, വീടിൻ്റെ കൃതൃമായ കണക്കാണ് കാണിച്ചത്. എല്ലാ വീടിനും സിയാലിൻ്റെ നേതൃത്വത്തിൽ സോളാർ സംവിധാനവും ഒരുക്കും. വീടുകൾ ഒക്ടോബറോടെ പൂർത്തീകരിക്കും. ടൗൺഷിപ്പിൽ താമസിക്കാൻ താത്പര്യപ്പെടാത്ത കുടുംബങ്ങൾക്ക് 15 ലക്ഷം രൂപയുടെ സഹായധനവും അനുവദിക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളുടെ വീണ്ടെടുപ്പും പാലം, റോഡ് നിർമാണങ്ങളും പുനരധിവാസപ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്നുണ്ട്.

27. 5.11

Recent Articles

Related Articles

Special

Enable Notifications OK No thanks