29 C
Trivandrum
Sunday, April 20, 2025

വയനാട്ടിൽ ഡി.വൈ.എഫ്.ഐയുടെ 100 വീടുകൾ; 20 കോടി മുഖ്യമന്ത്രിക്കു കൈമാറി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിലെ ദുരിതബാധിതര്‍ക്ക് 100 വീടുകള്‍ വെച്ചു നല്‍കാനുള്ള തുകയും ധാരണ പത്രവും മുഖ്യമന്ത്രിക്ക് കൈമാറി യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ. ഒരു വീടിന് 20 ലക്ഷം എന്ന തോതില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച പ്രകാരം 20 കോടി രൂപയാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മന്ത്രിമാരുടെയടക്കം സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ഡി.വൈ.എഫ്.ഐ. നടത്തിയത് മാതൃകാപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 25 വീട് എന്നതിൽ നിന്ന് 100 വീടായി മാറിയത് അഭിമാനകരമായ കാര്യമാണ്. ദുരന്തങ്ങൾ ഉണ്ടായപ്പോഴെല്ലാം ദുരന്ത സ്ഥലത്ത് ആത്മസമർപ്പണത്തോടെ ഇറങ്ങിത്തിരിച്ച യുവജനങ്ങളെയാണ് കാണാൻ കഴിഞ്ഞത്. സ്വന്തം ജീവൻ പോലും വകവയ്ക്കാതെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ക്രിയാത്മകമായി ഇടപെടാനും നല്ല രീതിയിൽ കാര്യങ്ങൾ ക്രമീകരിക്കാനും യുവജന സംഘടനകൾ സജീവമായി ഇടപെട്ടു. അതിൽ ഡി.വൈ.എഫ്.ഐ. പ്രത്യേക പരാമർശം അർഹിക്കുന്ന സംഘടനയാണ്. അതിൽ ഡി.വൈ.എഫ്.ഐയോടൊപ്പം സഹകരിച്ച മറ്റ് യുവജന സംഘടനകളും ഉണ്ട്.

എല്ലാവർക്കും നിർമിക്കുന്നത് ഒരേ പോലുള്ള വീടുകളാണ്. എല്ലാവരെയും ഒരേ പോലെ കണ്ട് അവരെ സഹായിക്കുകയാണ് ചെയ്തത്. ദുരന്തമേഖലയിലെ ഒരു വീടിനായി സ്പോൺസർമാർ നൽകുക 20 ലക്ഷം രൂപയാണ്. ചിലപ്പോൾ ഇതിൽ കൂടുതൽ തുക വേണ്ടി വന്നേക്കും. ആ തുക സംസ്ഥാന സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേന്ദ്രത്തിനെതിരായ വിമർശവും മുഖ്യമന്ത്രി ഉന്നയിച്ചു. ദുരന്തം നേരിട്ടപ്പോഴെല്ലാം കേരളം നേരിട്ടത് അവഗണനയാണ്. 2018 മുതൽ കേരളം ഈ അവഗണന നേരിടുന്നു. നാട് തകർന്നു പോകട്ടെ എന്ന് ദുഷ്ട മനസ്സുകൾ ചിന്തിക്കുന്നു. എന്നാൽ അനിതര സാധാരണമായ ഒരുമയും ഐക്യവും കാണിക്കുന്ന ജനതയുള്ള നാടാണിത്. ആ ഒരുമയുടെയും ഐക്യത്തിൻ്റെയും കരുത്ത് ഓരോ ഘട്ടത്തിലും നമുക്ക് പ്രകടിപ്പിക്കാൻ കഴിഞ്ഞു.

അങ്ങനെയാണ് ഈ നാട് ഓരോ ദുരന്തത്തെയും അതിജീവിച്ച് മുന്നോട്ടുവരുന്നത്. സഹായം നൽകേണ്ടവർ സഹായിച്ചില്ല എന്ന കുറവ് നിലനിൽക്കുന്നുണ്ട്. ഇനിയും ദുരന്തങ്ങൾ ഉണ്ടായേക്കാം. എന്നാൽ ആ ദുരന്തങ്ങൾക്ക് തകർക്കാൻ കഴിയുന്നതായിരിക്കില്ല ഇപ്പോൾ ഉള്ള പുനർനിർമാണം. അത്തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങളാണ് മുണ്ടക്കൈ ചൂരൽമലയിൽ നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks