29 C
Trivandrum
Friday, April 25, 2025

നിർമ്മല സീതാരാമൻ കേരളത്തെ അപമാനിച്ചുവെന്ന് പി.രാജീവ്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: നോക്കു കൂലി സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ്റെ പ്രസ്താവന തൻ്റെ സ്ഥാനം മറന്ന് ബി.ജെ.പി. രാഷ്ട്രീയം മാത്രം കണക്കിലെടുത്തുള്ളതാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് കുറ്റപ്പെടുത്തി. കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ അന്ധതയിൽ കേരള വിരുദ്ധ നിലപാടാണ് അവർ സ്വീകരിച്ചത്. കേരളത്തെ അപമാനിക്കാനുള്ള ശ്രമമാണിത്. കക്ഷിരാഷ്ട്രീയത്തിനതീതമായി ഇതിനെതിരെ പ്രതികരിക്കണം അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽ നടക്കുന്ന കാര്യമല്ല കേന്ദ്രമന്ത്രി പറഞ്ഞത്. നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കാൻ 2016ൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചു. എല്ലാ ട്രേഡ് യൂണിയനുകളും നോക്കുകൂലിക്കെതിരാണ് തങ്ങളുടെ നിലപാടെന്ന് വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ ഒരു മന്ത്രിക്ക് എന്തുകൊണ്ട് രാജി വെയ്ക്കേണ്ടി വന്നു എന്നാണ് നിർമ്മല സീതാരാമൻ വിശദീകരിക്കേണ്ടിയിരുന്നത്. വിൻഡ് പവർ കമ്പനിയുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളെ തുടർന്നാണ് മഹാരാഷ്ട്ര മന്ത്രി രാജിവെച്ചത്. റിക്രൂട്ടിങ് ഏജൻസികൾ ഇടപെട്ട് 2 കോടി കൈക്കൂലി ചോദിച്ചതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സർപഞ്ച് സന്തോഷ് ദേശ്മുഖിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. 2024 ഡിസംബറിൽ നടന്ന സംഭവമാണിത്. ആന്ധ്രാപ്രദേശിൽ എ.പി. റയോൺസിൻ്റെ ജനറൽ മാനേജറെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവവുമുണ്ട്. ഇത്തരം കാര്യങ്ങളാണ് പരിശോധിക്കേണ്ടത്.

കേരളത്തിൽ ഇത്തരം സംഭവങ്ങളുണ്ടായിട്ടില്ല. ഓരോ സംസ്ഥാനത്തിനും അവരുടെ അഭിമാനമുണ്ട്. കേരളത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന തിരുത്തണമെന്നും രാജീവ് ആവശ്യപ്പെട്ടു.

Recent Articles

Related Articles

Special

Enable Notifications OK No thanks