29 C
Trivandrum
Sunday, April 20, 2025

അഭിലാഷിൻ്റേയും ഷെറിൻ്റെയും പറയാത്ത പ്രണയം

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: അന്നാ നാടകത്തിനു ശേഷം അവളെ കാണുമ്പോഴൊക്കെ നെഞ്ചിലൊരു കോൽക്കളി നടക്കുകയാണ്, പക്ഷേ…

മനസ്സിലൊളിപ്പിച്ച ഇഷ്ടം തുറന്നു പറയാൻ കഴിയാതെ പോകുന്ന അഭിലാഷിൻ്റെയും അവൻ്റെ മനസ്സിൽ നിറഞ്ഞുനിന്ന ഷെറിൻ്റേയും മനോഹരമായ പ്രണയത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് അഭിലാഷം. ഈ ചിത്രത്തിൻ്റെ ട്രെയിലർ പ്രകാശനം ചെയ്തു.

ഏറെ ശ്രദ്ധിക്കപ്പെട്ട മണിയറയിലെ അശോകൻ എന്ന ചിത്രത്തിനു ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ അഭിലാഷ്, ഷെറിൻ എന്നീ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സൈജു കുറുപ്പും തൻവി റാമുമാണ്. സമീപകാലത്ത് വൈവിദ്ധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇടയിൽ കൗതുകമായി മാറിയ സൈജു കുറുപ്പിൻ്റെ അഭിലാഷ് എന്ന കഥാപാത്രം പുത്തൻ അനുഭവം പകരും.

അർജുൻ അശോകൻ ഈ ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, കെ.പി.ഉമ, അഡ്വ.ജയപ്രകാശ് കുളുർ, നാസർ കർത്തേനി, നീരജ രാജേന്ദ്രൻ, ശീതൾ സഖറിയ, അജിഷ പ്രഭാകരൻ, നിംന ഫതുമി, വാസുദേവ് സജീഷ്, ആദിഷ് പ്രവീൺ, ഷിൻസ് ഷാൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മലബാറിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ നാട്ടിൻപുറത്തിൻ്റെ സൗന്ദര്യവും ഗൃഹാതുരത്വവുമൊക്കെ നൽകിക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഈദ് പെരുന്നാളിനോടനുബന്ധിച്ച് മാർച്ച് 29നാണ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നത്.

കാത്തിരിപ്പിൻ്റെ സുഖമുള്ള പ്രണയത്തിൻ്റെ മണമുള്ള ഒരു പ്രണയ കഥകൂടി എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നത്. തട്ടത്തിൽ എന്നു തുടങ്ങുന്ന വരികളോടെ എത്തിയ ഒരു ഗാനവും ഏറെ ജനപ്രിയമായിരുന്നു.

സെക്കൻഡ് ഷോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആൻസരിഗാ ആൻ്റണി, ശങ്കർ ദാസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജിനിത് കാച്ചപ്പിള്ളിയുടേതാണ് തിരക്കഥ. ഷറഫു, സുഹൈൽ കോയ എന്നിവരുടെ വരികൾക്ക് ശ്രീഹരി കെ.നായർ ഈണം പകർന്നിരിക്കുന്നു.

ഛായാഗ്രഹണം – സജാദ് കാക്കു, എഡിറ്റിങ് – നിംസ്, കലാസംവിധാനം -അർഷാദ് നക്കോത്ത്, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – ജിസൻ പോൾ, പ്രൊഡക്ഷൻ കൺട്രോളർ – രാജൻ ഫിലിപ്പ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സാംസൺ, പി.ആർ.ഒ.- വാഴൂർ ജോസ്.

മുക്കം, അരീക്കോട്, കോഴിക്കോട്, കോട്ടയ്ക്കൽ, മലപ്പുറം, മുംബൈ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.

Recent Articles

Related Articles

Special

Enable Notifications OK No thanks