Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: പാതിവില സ്കൂട്ടർ വാഗ്ദാനം ചെയ്ത് കേരളത്തിലുടനീളം കൊള്ള സംഘടിപ്പിക്കുകയാണെന്നും കോണ്‍ഗ്രസും ബി.ജെ.പിയും മുസ്ലിം ലീഗും ജനങ്ങളെ കൊള്ളയടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നതെന്ന് എം.വി.ഗോവിന്ദൻ. സമ്പത്ത് എങ്ങനെയെങ്കിലും സ്വരൂപിക്കുന്നതിന് വേണ്ടിയുള്ള ആര്‍ത്തിയാണിത്. അതുകൊണ്ടാണ് എം.എല്‍.എ. ഉള്‍പ്പെടെയുള്ളവർ ഇതിന്റെ ഭാഗമായതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ പൂര്‍ണ പിന്തുണ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസുകാരെ ഇതിന്റെ ഭാഗമാക്കി മാറ്റിയത്. ഇവരെ ന്യായീകരിക്കാനാണ് കെ.പി.സി.സി. പ്രസിഡൻ്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുന്നോട്ട് വന്നത്. ഇപ്പോള്‍ കണക്കുകള്‍ പുറത്തുവന്നു. പൊലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ എത്തിത്തുടങ്ങി. അതോടെ സതീശനും സുധാകരനും കൊള്ള നടത്തിയവരെ ന്യായീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ എത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം വിഷയങ്ങളില്‍ എന്ത് നിലപാട് ഇവര്‍ സ്വീകരിക്കുന്നു എന്നത് ജനങ്ങള്‍ക്കിടയില്‍ പ്രസക്തമാണ്. ആരെങ്കിലും ഒപ്പം നിന്ന് ഫോട്ടോ എടുത്താൽ അവർ കുറ്റക്കാരനാകുമോയെന്ന് ഗോവിന്ദൻ ചോദിച്ചു. എ.വിജയരാഘവനുമൊത്തുള്ള ആനന്ദകുമാറിന്റെ ഫോട്ടോയെ കുറിച്ചുളള ചോദ്യത്തിനായിരുന്നു മറുപടി. എൻ.ജി.ഒ. കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ആനന്ദകുമാർ എ.കെ.ജി. സെന്ററിൽ വന്നിട്ടുണ്ടെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. ഈ തട്ടിപ്പില്‍ ഏതെങ്കിലും സി.പി.എമ്മുകാര്‍ക്ക് പങ്കുണ്ടെങ്കില്‍ സംഘടനാപരമായി നടപടിയെടുത്ത് പുറത്താക്കും. ഇതുപോലെ പറയാന്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ആര്‍ജവം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് ജയിക്കാനുള്ള വഴിയൊരുക്കുകയാണ് കോൺഗ്രസ്
ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് ബി.ജെ.പിക്ക് ജയിക്കാനുള്ള വഴിയൊരുക്കി കൊടുക്കുകയാണെന്നും ഇടതുപക്ഷം പറഞ്ഞ ഓരോ കാര്യങ്ങളും ശരിയായി കൊണ്ടിരിക്കുകയാണെന്നും സി.പി.എം. സെക്രട്ടറി പറഞ്ഞു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ട് ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേകതകൾ കണക്കിലെടുത്തു ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള മണ്ഡലങ്ങളും പാർട്ടികളും കൂട്ടായ്മയും സൃഷ്ടിക്കണം എന്ന നിലപാട് എടുത്തപ്പോഴാണ് ബി.ജെ.പിയെ തോല്പിക്കാം എന്ന ഒരു മനസ്സ് ഇന്ത്യൻ ജനതയ്ക്ക് ഉണ്ടായത്. അത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുമുണ്ട്. 2 ശതമാനം വോട്ടുകൂടി കിട്ടുകയും 38 സീറ്റുകൂടി അധികം നേടുകയും ചെയ്താൽ ചിത്രം മാറുമായിരുന്നു. പക്ഷേ കോൺഗ്രസ്സ് ഇക്കാര്യം ഫലപ്രദമായ രീതിയിൽ ഇന്ത്യയിലുടനീളം കൈകാര്യം ചെയ്യാത്തത് കൊണ്ടാണ് ഇവ ഇന്ത്യ കൂട്ടായ്മയ്ക്ക് നഷ്ടമായത്- അദ്ദേഹം പറഞ്ഞു.
ഹരിയാണ തിരഞ്ഞെടുപ്പിലും അത് തന്നെയാണ് സംഭവിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസ്സ് വമ്പിച്ച രീതിയിൽ ജയിക്കുമെന്ന് പ്രതീക്ഷിച്ച തിരഞ്ഞെടുപ്പായത് കൊണ്ട് തന്നെ അമിതവിശ്വാസത്തിന്റെ പുറത്ത് എസ്.പി., എ.എ.പി. ഉൾപ്പെടെയുള്ള ആരുമായും കൂടാൻ തയ്യാറായില്ല. ആരുടെയും സഹായം വേണ്ട ഒറ്റയ്ക്ക് ജയിക്കുമെന്ന് പറഞ്ഞ് മത്സരിച്ച് ബി.ജെ.പിക്ക് വഴിയൊരുക്കി കൊടുക്കുകയാണ് ഉണ്ടായത് -അദ്ദേഹം പറഞ്ഞു.