29 C
Trivandrum
Saturday, March 15, 2025

ഭൂനികുതി പരിഷ്കരിച്ചു, സർക്കാർ ഭൂമിയുടെ പാട്ടനിരക്കും പരിഷ്‌കരിക്കും

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ഭൂനികുതി കാലോചിതമായി പരിഷ്കരിക്കാൻ ബജറ്റിൽ നിർദ്ദേശം. ഇതിലൂടെ 100 കോടി വരുമാനം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. സര്‍ക്കാര്‍ ഭൂമിയുടെ പാട്ടനിരക്ക് പരിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്തില്‍ നിലവില്‍ 20 സെന്‍റ് (8.1ആര്‍) വരെ ഭൂമിയുള്ളവര്‍ക്ക് ഈടാക്കുന്ന നികുതി 40.50രൂപയാണ്. നികുതി പരിഷ്കരിക്കുന്നതോടെ ഇത് 60.75 രൂപയായി ഉയരും. 8.1 ആറിന് മുകളില്‍ ഭൂമിയുള്ളവരുടെ നികുതി ആറിന് 8 രൂപയില്‍ നിന്ന് 12 രൂപയായി ഉയര്‍ത്തി. അതായത് 8.2 ആര്‍ (20.25സെന്‍റ്) ഭൂമിയുള്ളവര്‍ നിലവില്‍ നല്‍കിയിരുന്ന നികുതി 65.6 രൂപയായിരുന്നു. പുതുക്കിയ നികുതി നിരക്ക് പ്രകാരം ഇത് 98.4 രൂപയായി ഉയരും.​​

നഗരസഭകളില്‍ ആറു സെന്‍റുവരെ (2.43 ആര്‍) ഭൂമിയുള്ളവര്‍ നിലവില്‍ ഒരു ആറിന് 10 രൂപ ക്രമത്തില്‍ 24.3 രൂപയാണ് ഭൂനികുതിയായി നല്‍കിയിരുന്നത് . ഇനിയത് ആറിന് 15 രൂപ പ്രകാരം 37.05 രൂപ നല്‍കണം. അറു സെന്‍റിന് മുകളില്‍ ഭൂമിയുളള്ളവരുടെ നികുതി ആര്‍ ഒന്നിന് 15 രൂപയില്‍ നിന്ന് 22.50 രൂപയായി ഉയര്‍ത്തി. അതായത് മൂന്ന് ആര്‍ (7.41സെന്‍റ്) ഭൂമിയുള്ളവര്‍ നിലവില്‍ 45 രൂപയാണ് നല്‍കിയിരുന്നത് . പുതുക്കിയ നിരക്ക് പ്രകാരം ഇനിമുതല്‍ 67.5 രുപ നല്‍കണം.

കോര്‍പ്പറേഷന്‍ പരിധിയില്‍ 1.62 ആര്‍ (4സെന്‍റ്) വരെ വിസ്തൃതിയുള്ള ഭൂമിക്ക് നിലവില്‍ ആര്‍ ഒന്നിന് 20 രൂപ ക്രമത്തില്‍ 32 രൂപയാണ് നികുതി ഈടാക്കിയിരുന്നത് . ഇനിയിത് 30 രൂപ ക്രമത്തില്‍ 48.60 രൂപ നല്‍കണം.നാലു സെന്‍റിന്‍ മേല്‍ ഭൂമിയുള്ളവരുടെ നികുതി ആര്‍ ഒന്നിന് 30 രൂപയായിരുന്നത് 45 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. അതായത് 2 ആര്‍(4.94സെന്‍റ്) ഭൂമിയുള്ളയാള്‍ 60 രൂപ നികുതി നല്‍കിയിരുന്നത് 90 രൂപയായി ഉയര്‍ന്നു.

‘സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭൂമിയുടെ മൂല്യവും അതിന്റെ വരുമാന സാധ്യതകളും പതിന്മടങ് വര്‍ദ്ധിച്ചു. ഇപ്പോള്‍ ഈടാക്കുന്ന അടിസ്ഥാന ഭൂനികുതി തികച്ചും നാമമാത്രമാണ്. ഭൂമിയില്‍ നിന്ന് സര്‍ക്കാരിനുള്ള വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി നിലവിലുള്ള ഭൂനികുതി സ്ലാബുകളുടെ നിരക്കുകള്‍ 50 ശതമാനം വര്‍ദ്ധിപ്പിക്കുകയാണ്. ഇതിലൂടെ പ്രതിവര്‍ഷം 100 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു- മന്ത്രി പറഞ്ഞു.

‘2023- 2024 വര്‍ഷത്തെ സര്‍ക്കാര്‍ ഭൂമിയുടെ പാട്ടം 445.39 കോടി രൂപയാണ്. ആകെ പിരിച്ചെടുക്കാനായത് 9.18 കോടി രൂപ മാത്രമാണ്. പാട്ടനിരക്ക് കൂടുതലാണെന്നാണ് വിമര്‍ശനം. ബിസിനസ് എളുപ്പമാക്കുന്നതിനും സംരംഭകത്ത്വ വികസനത്തിന്റെയും ഭാഗമായി പാട്ടനിരക്കുകള്‍ യുക്തിപൂര്‍വമാക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാര്‍ മനസിലാക്കുന്നു. കമ്പോള വിലയ്ക്ക് പകരം സമീപ സമാന വിലയുടെ ന്യായ വില കണക്കിലെടുത്ത് പാട്ട നിയമം ആവിഷ്‌കരിക്കുകയും പാട്ടനിരക്കുകള്‍ യുക്തിസഹമാക്കുകയും ചെയ്യും. കുടിശ്ശികയുള്ള പാട്ടം ഈടാക്കുന്നതിലേക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപടികളിലേക്ക് കടക്കുന്നതാണ്’- കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

Recent Articles

Related Articles

Special

Enable Notifications OK No thanks