29 C
Trivandrum
Tuesday, March 25, 2025

‘രവി പിള്ള ചേട്ടൻ ചെയ്യുന്നത് അറിയണമെങ്കിൽ പ്രവാസി മലയാളികളോട് ചോദിച്ചാൽ മതി’

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സമ്പന്നരാവുക എന്നത് ഭൂരിപക്ഷത്തിന്റെയും സ്വപ്നമാണെങ്കിലും സമ്പത്ത് സാർത്ഥകമാകുന്നത് അത് ഉണ്ടാക്കുന്നതിലല്ല, ഉപയോഗിക്കുന്നതിലൂടെയാണ് എന്ന് നടൻ മോഹൻലാൽ. ബഹ്‌റൈൻ രാജാവ് പരമോന്നത സിവിലിയൻ ബഹുമതിയായ മെഡൽ ഓഫ് എഫിഷ്യൻസി (ഫസ്റ്റ് ക്ലാസ്) നൽകി ആദരിച്ച പ്രമുഖ പ്രവാസി വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗവുമായ ഡോ.ബി.രവി പിള്ളയ്ക്ക് കേരളത്തിന്റെ കേരളത്തിന്റെ സ്നേഹാദരം നൽകുന്നതിനായി തിരുവനന്തപുരം ടാഗോർ തിയറ്ററിൽ സംഘടിപ്പിച്ച ‘രവിപ്രഭ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രവി പിള്ള ചേട്ടനെ കുറിച്ച് ഓർക്കുമ്പോൾ ‘ദ ഗോൾ ഈസ് നോട്ട് ടു ഗെറ്റ് റിച്ച്, ദ ഗോൾ ഈസ് ടു ലീവ് റിച്ച്’ എന്ന ചൊല്ലാണ് എനിക്ക് ഓർമ വരുന്നത്. ഒരാൾ കോടീശ്വരനോ ശതകോടീശ്വരനോ ആകുന്നത് ആഡംബരം കൊണ്ടല്ല, മറിച്ച് അർഹിക്കുന്നവർക്കും അശരണർക്കും നേടിയ സമ്പത്തിന്റെ നല്ലൊരു ഭാഗം തിരികെ നൽകുന്നതിലൂടെയാണ്. തന്റെ സ്വത്ത് ഉപയോഗിച്ച് അനേകർക്ക് ജീവിതമാർഗം ഉണ്ടാക്കുന്നതിലൂടെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. സർവ്വ മതങ്ങളുടെയും തത്വശാസ്ത്രങ്ങളും പ്രത്യക്ഷ ശാസ്ത്രങ്ങളും അനുശ്വാസിക്കുന്നതും ഇതുതന്നെയാണ്. അത് അദ്ദേഹം ഏറ്റവും മനോഹരമായിട്ട് ചെയ്യുന്നു. കൂടുതൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കി കൊണ്ട് തന്റെ വ്യവസായ സാമ്രാജ്യം അനുദിനം വികസിപ്പിക്കുമ്പോൾ ഈ പിള്ള ചേട്ടൻ ചെയ്യുന്നത് അതാണ്. അത് അറിയണമെങ്കിൽ പ്രവാസി മലയാളികളോട് ചോദിച്ചാൽ മതി.

ഏതാണ്ട് അര നൂറ്റാണ്ട് മുമ്പ് തന്നെ ഊർജ മേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ആ മേഖലയിൽ ഒരു സ്ഥാപനത്തെ ഇത്രത്തോളം വളർത്തിയെടുക്കാൻ രവി പിള്ള ചേട്ടന് സാധിച്ചു. ഔദ്യോഗിക ചുമതലകളിൽ നിന്ന് നാളിതുവരെ ഒരു ദിവസം പോലും അവധി എടുത്തിട്ടില്ല. വ്യക്തിജീവിതത്തിൽ എനിക്ക് ഒരുപാട് അറിയാവുന്ന ഒരാളാണ്. എന്റെ വ്യക്തിജീവിതത്തിലും സിനിമാ ജീവിതത്തിലും പല കാര്യങ്ങളിലും എപ്പോൾ വേണമെങ്കിലും വിളിച്ച് അഭിപ്രായം ചോദിക്കാനും ഉപദേശം തേടാനും സ്വാതന്ത്ര്യം തന്ന ഒരു ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്.

പുരസ്കാരങ്ങൾക്ക് മൂല്യം കൂടുന്നത് അവ അർഹിക്കുന്ന കരങ്ങളിൽ എത്തിച്ചേരുമ്പോഴാണ്. നാളെയുടെ ചെറുപ്പക്കാർക്ക് ഈ ജീവിതം മാതൃകയാക്കാനുള്ള സന്ദേശമായിട്ട് അദ്ദേഹത്തിന് നൽകുന്ന ഈ അംഗീകാരവും സ്വീകരണവും മാറുമെന്ന് പ്രതീക്ഷിക്കുന്നു – മോഹൻലാൽ കൂട്ടിച്ചേർത്തു

സ്നേഹ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് പരിഗണന ലഭിക്കുന്നുണ്ടെങ്കിൽ ആ നാടുകളെ ദീർഘകാലം വിശ്വസ്തതയോടെ സേവിച്ച രവി പിള്ളയെ പോലുള്ളവർ ഉണ്ടാക്കിയ സല്പേരാണ് അതിനു പിന്നിലെ പ്രധാന സ്വാധീന ശക്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദീര്‍ഘകാലത്തെ സമര്‍പ്പിത പ്രയത്‌നത്തിന്റെ ഫലമായാണ് വലിയ വളര്‍ച്ച രവി പിള്ള കൈവരിച്ചത്. രവി പിള്ള ലോകമാകെ അറിയപ്പെടുന്ന വ്യവസായ പ്രമുഖനാണ്. സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ചൊരു വ്യക്തിയാണ് രവി പിള്ള. അങ്ങനെയൊരു വ്യക്തിയാണ് ലോകമാകെ അറിയുന്ന വ്യവസാ പ്രമുഖനായി വളര്‍ന്ന് വന്നിട്ടുള്ളത്. അത് ഒരു ദിവസം കൊണ്ടുണ്ടായതല്ല. ദീര്‍ഘകാലത്തെ സമര്‍പ്പിത പ്രയത്‌നത്തിന്റെ ഫലമായാണ് വലിയ വളര്‍ച്ച കൈവരിച്ചത്. എന്നാല്‍ അപ്പോളും എപ്പോളും സ്വന്തം നാടിനെ അദ്ദേഹം മറന്നില്ല. അത് കൊണ്ടാണ് അദ്ദേഹം ആദരിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2025 വരെ രവി പിള്ള അക്കാദമി സ്കോളർഷിപ്പ് നല്കുന്നതിനായി 525 കോടി രൂപ നീക്കിവെച്ചതായി മറുപടി പ്രസംഗത്തിൽ ഡോ.രവി പിള്ള പറഞ്ഞു. ഓരോ വർഷവും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തിലെ 1,500 കുട്ടികൾക്കാണ് സ്കോളർഷിപ്പ്. ഇതിനായി ഓരോ വർഷവും 10.50 കോടി രൂപയാണ് നീക്കിവെച്ചത്. സ്കോളർഷിപ്പ് വിതരണത്തിനായി ഓരോ വർഷവും ഓഗസ്റ്റ് മാസത്തിൽ ഈ തുക നോർക്കയ്ക്കു കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

മന്ത്രി ജി.ആർ.അനിലിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ കെ.രാജൻ, കെ.എൻ.ബാലഗോപാൽ, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ബഹ്റൈൻ രാജ പ്രതിനിധികളായ ഡോ.ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ, അഹമ്മദ് അബ്ദുൾ മാലിക്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിവിധ കക്ഷി നേതാക്കളായ ബിനോയ് വിശ്വം, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എം.എം.ഹസൻ, വി.മുരളീധരൻ, പി.കെ.കുഞ്ഞാലിക്കുട്ടി, എൻ.കെ.പ്രേമചന്ദ്രൻ എം.പി., എസ്.രാമചന്ദ്രൻ പിള്ള, എം.വി.ശ്രേയാംസ് കുമാർ, ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ., നോർക്ക റൂട്ട്സ് ഡയറക്ടർ ഡോ.കെ.വാസുകി, ചലച്ചിത്രകാരന്മാരായ ഷാജി എൻ.കരുൺ, ടി.കെ.രാജീവ് കുമാർ, സംഗീതജ്ഞ ഡോ.കെ.ഓമനക്കുട്ടി, ആർട്ടിസ്റ്റ് മദനൻ തുടങ്ങിയവർ സംബന്ധിച്ചു. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പ്രശസ്തിപത്രം സമർപ്പിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ഡോ. ജി.രാജ്മോഹൻ സ്വാഗതവും വർക്കിങ് ചെയർമാൻ ഇ.എം.നജീബ് നന്ദിയും പറഞ്ഞു.

ഡോ.രവി പിള്ളയുടെ ‘രവിയുഗം’ എന്ന ആത്മകഥയുടെ കവർ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ടാഗോർ തിയറ്റർ വളപ്പിൽ രവിപ്രഭ ഫോട്ടോ എക്സിബിഷൻ, പെയിന്റിങ് മത്സര വിജയികളുടെ പെയിന്റിങ് പ്രദർശനം എന്നിവയും ഉണ്ടായിരുന്നു. പരിപാടിയുടെ ഭാഗമായി ഗായിക സിത്താര കൃഷ്ണകുമാറിൻ്റെ സംഗീതവിരുന്നും രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴൽ കച്ചേരിയും അരങ്ങേറി. നോർക്ക റൂട്ട്സിന്റെയും വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Recent Articles

Related Articles

Special

Enable Notifications OK No thanks