തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി നിരക്ക് കൂടുതലാണെന്ന പ്രചാരണം തെറ്റാണെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. മാസം 40 യൂണിറ്റ് വരെയുള്ള ഗാർഹിക ഉപഭോഗത്തിന് രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്ക് കേരളത്തിൽ. 100 യൂണിറ്റു വരെയുള്ള ഉപഭോഗത്തിൽ 22ാം സ്ഥാനത്താണ് കേരളം. 29 സംസ്ഥാനങ്ങളിലെ പുതിയ വൈദ്യുതി നിരക്കുകൾ താരതമ്യം ചെയ്തുള്ള പട്ടിക റെഗുലേറ്ററി കമ്മീഷൻ പുറത്തുവിട്ടു.
Follow the FOURTH PILLAR LIVE channel on WhatsApp
40 യൂണിറ്റുവരെയുള്ള ഗാർഹിക ഉപഭോഗത്തിന് രാജസ്ഥാനിലാണ് കൂടിയ നിരക്ക്,- 11.57 രൂപ. നാഗാലാൻഡിൽ 10.73 രൂപയും കർണാടകത്തിൽ 9.70 രൂപയും മഹാരാഷ്‌ട്രയിൽ 9.53 രൂപയും തമിഴ്‌നാട്ടിൽ 4.80 രൂപയുമാണ്. 29 സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും അവസാനമാണ് കേരളം.
മാസം 100 യൂണിറ്റുവരെ ഉപയോഗിച്ചാൽ നാഗാലാൻഡിൽ യൂണിറ്റ് വില 11.95 രൂപ നൽകണം. രണ്ടാം സ്ഥാനത്ത് കർണാടകമാണ്- 10.30 രൂപ. മൂന്നാമതുള്ള ബിഹാറിൽ 9.82 രൂപയും നാലാമതുള്ള യു.പിയിൽ 9.35 രൂപയുമാണ്. 22ാം സ്ഥാനത്തുള്ള കേരളത്തിൽ ഫിക്സഡ് ചാർജ് ഉൾപ്പെടെ 4.670 രൂപ മതി. തമിഴ്‌നാട്ടിൽ 4.80 രൂപയും.
250 യൂണിറ്റുവരെ ഉപയോഗിക്കുന്നവർക്ക് മഹാരാഷ്‌ട്രയിലാണ് നിരക്ക് കൂടുതൽ,- 11.39 രൂപ. 424 രൂപയാണ് ഫിക്സഡ് ചാർജ്. മധ്യപ്രദേശിൽ 10.96 രൂപയും കർണാടകത്തിൽ 10.90 രൂപയും നാഗാലാൻഡിൽ 10.46 രൂപയും ഈടാക്കും. കേരളത്തിലിത് 6.40 രൂപമാത്രം; ഫിക്സഡ് ചാർജ് മാസം 145 രൂപയും. കർണാടകത്തിൽ 210 രൂപയും രാജസ്ഥാനത്തിൽ 300 രൂപയുമാണ്.
ചെറുകിട, ഇടത്തരം, വൻകിട വ്യവസായങ്ങൾക്കുള്ള നിരക്കും കേരളത്തിൽ കുറവാണ്. ചെറുകിട വാണിജ്യ സ്ഥാപനങ്ങൾക്കുള്ള വൈദ്യുതി നിരക്കും കേരളത്തിലാണ് കുറവ്.