തിരുവനന്തപുരം: ബഹ്‌റൈൻ സർക്കാരിന്റെ പരമോന്നത ബഹുമതി നേടിയ പ്രമുഖ പ്രവാസി വ്യവസായി ഡോ.ബി.രവിപിള്ളയ്ക്ക് കേരളത്തിന്റെ സ്‌നേഹാദരം നൽകുന്നതിനായി ഫെബ്രുവരി 5ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ രവിപ്രഭ എന്ന പരിപാടി സംഘടിപ്പിക്കുന്നു. വൈകിട്ട് 4ന് നടക്കുന്ന സ്നേഹ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള മുഖ്യാതിഥിയായിരിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. മന്ത്രിമാർ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
രവിപ്രഭയുടെ ഭാഗമായി പ്രശസ്ത ഗായിക സിത്താര കൃഷ്ണകുമാർ നയിക്കുന്ന മ്യൂസിക് ബാൻഡിന്റെ മാസ്മരിക സംഗീതം, ഓടക്കുഴൽ വാദകൻ രാജേഷ് ചേർത്തലയുടെ സംഗീതവിരുന്ന്, ‘ഡോ.ബി. രവിപിള്ളയുടെ ജീവിതയാത്ര’ എന്ന പുസ്തകത്തിന്റെ പ്രകാശനം, രവിപ്രഭ-ഫോട്ടോ എക്‌സിബിഷൻ എന്നിവ ഉണ്ടായിരിക്കും. ഫെബ്രുവരി 2ന് ചിത്രരചനാ മത്സരം, ഗാനാലാപന മത്സരം എന്നിവയുണ്ടാകും.
രവിപ്രഭയുടെ ഭാഗമായി ഫെബ്രുവരി 2ന് രാവിലെ 9 മണി മുതൽ സന്ധ്യവരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഡോ.രവി പിള്ളയുടെ ജീവിതയാത്ര അടയാളപ്പെടുത്തുന്ന ഫോട്ടോ പ്രദർശനം ഉണ്ടായിരിക്കും. ഒരു വ്യക്തിയുടെ ജീവിതമുഹൂർത്തങ്ങൾക്കൊപ്പം വിവിധ രാജ്യങ്ങളുടെ വികാസപരിണാമങ്ങളും ചിത്രങ്ങളിലൂടെ രേഖപ്പെടുത്തും. വെർച്വൽ ഫോട്ടോ ടൂറും ഓൺലൈനായി ഉണ്ടാകും. പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
അന്നുതന്നെ രാവിലെ 9 മുതൽ സംസ്ഥാനതലത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം നടത്തും. കേരളത്തെ ആസ്പദമാക്കിയുള്ളതായിരിക്കും വിഷയങ്ങൾ. മൂന്നു വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനം 25,000 രൂപ, രണ്ടാം സമ്മാനം 15,000 രൂപ, മൂന്നാം സമ്മാനം 10,000 രൂപ എന്നിവയും ഓരോ വിഭാഗത്തിലും 10 പേർക്ക് വീതം 1,000 രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകും.
യൂണിവേഴ്സിറ്റി കോളേജിൽ അന്നുതന്നെ വൈകിട്ട് 4 മണി മുതൽ 6 മണി വരെ പൊതുജനങ്ങൾക്കായി ഗാനാലാപന മത്സരവുമുണ്ടായിരിക്കും. എം.ടി.വാസുദേവൻ നായരുടെ സിനിമകളിലെ പാട്ടുകളും പി.ജയചന്ദ്രൻ പാടിയ പാട്ടുകളും പ്രായഭേദമെന്യേ ആർക്കും പാടാം. 15,000 രൂപ, 10,000 രൂപ, 5000 രൂപ എന്നിങ്ങനെ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളും നൽകും. കൂടാതെ പത്തു പേർക്ക് 1,000 രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകും.