29 C
Trivandrum
Tuesday, March 25, 2025

രാജ്യത്തെ ആദ്യ സോളാർ കാർ: വില 3.25 ലക്ഷം, കിലോമീറ്ററിന് ചെലവ് 50 പൈസ

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ സൗരോർജ്ജ കാറായ ‘വേവ് ഇവാ’ ഔദ്യോഗികമായി പുറത്തിറക്കി. ഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ (ബി.എം.ജി.ഇ. 2025) ആണ് പുണെ ആസ്ഥാനമായുള്ള ഇലക്‌ട്രിക് വാഹന സ്റ്റാർട്ടപ്പ് കമ്പനി വേവ് മൊബിലിറ്റി ‘വേവ് ഇവാ’ പുറത്തിറക്കിയത്.

3 മീറ്ററിൽ താഴെയുള്ള ഈ ഇലക്ട്രിക് കാറിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില 3.25 ലക്ഷം രൂപ മാത്രമാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ 250 കിലോമീറ്റർ വരെ ഓടാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കാറിൻ്റെ സൺറൂഫിന് പകരം അതിൽ നൽകിയിരിക്കുന്ന സോളാർ പാനൽ ഉപയോഗിക്കാം. ഒരു കിലോമീറ്റർ ഓടുന്നതിന് 50 പൈസ മാത്രമാണ് ചെലവ്. കാറിൻ്റെ ഡെലിവറി 2026ൽ ആരംഭിക്കുമെന്ന് കമ്പനി ചീഫ് ടെക്നോളജി ഓഫീസർ സൗരഭ് മെഹ്ത പറഞ്ഞു.

2024 ഓട്ടോ എക്‌സ്‌പോയിലാണ് ഈ ഇലക്ട്രിക് കാറിൻ്റെ പ്രോട്ടോടൈപ്പ് മോഡൽ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. മുൻ മോഡലിനെ അപേക്ഷിച്ച് ഇപ്പോൾ പുറത്തിറക്കിയ കാറിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വീതി കൂട്ടുകയും പിന്നിലെ ടയറിൻ്റെ സ്ഥാനം മാറ്റുകയും ചെയ്തു. ഈ മാറ്റം ക്യാബിൻ സ്പേസ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

മുൻവശത്ത് ഒരു സീറ്റേയുള്ളൂ. പിന്നിൽ അല്പം വീതിയുള്ള സീറ്റാണ്. അതിൽ മുതിർന്ന ഒരാളോടൊപ്പം ഒരു കുട്ടിക്ക് ഇരിക്കാൻ കഴിയും. ഈ കുഞ്ഞൻ കാറിൻ്റെ ഡ്രൈവിങ് സീറ്റ് 6 തരത്തിൽ ക്രമീകരിക്കാം. ഇതിന് പുറമെ പനോരമിക് സൺറൂഫും കാറിൽ നൽകിയിട്ടുണ്ട്. എയർ ബാഗുൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും റിവേഴ്സ് പാർക്കിങ് ക്യാമറയും ഇതിലുണ്ട്.

3060 മില്ലിമീറ്റർ നീളം, 1150 മില്ലിമീറ്റർ വീതി, 1590 മില്ലിമീറ്റർ ഉയരം എന്നിങ്ങനെയാണ് കാറിൻ്റെ അളവുകൾ. 170 മില്ലിമീറ്റർ ആണ് ഗ്രൗണ്ട് ക്ലിയറൻസ്. മുന്നിൽ ഡിസ്‌ക് ബ്രേക്കുകളും പിൻ ചക്രങ്ങളിൽ ഡ്രം ബ്രേക്കുകളുമുണ്ട്. ഇലക്ട്രിക് പവർ സ്റ്റിയറിംഗ് ഘടിപ്പിച്ച ഈ കാറിൻ്റെ ടേണിങ് റേഡിയസ് 3.9 മീറ്ററാണ്. ഈ റിയർ വീൽ ഡ്രൈവ് കാറിൻ്റെ ഉയർന്ന വേഗം മണിക്കൂറിൽ 70 കിലോമീറ്ററാണ്.

ഒരു ചെറിയ കാർ ആണെങ്കിലും അതിൻ്റെ ഇൻ്റീരിയറിൽ മികച്ച സൗകര്യങ്ങൾ നൽകാൻ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. സാമാന്യം മികച്ച എയർ കണ്ടീഷനറിനൊപ്പം ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി സംവിധാനവുമുണ്ട്. പനോരമിക് സൺറൂഫ് കാറിൻ്റെ ഇൻ്റീരിയറിന് കൂടുതൽ വിശാലമായ അനുഭവം നൽകുന്നു. കാറിനുള്ളിൽ ഇരിക്കുമ്പോൾ അത് ചെറുതാണെന്ന് തോന്നില്ല.

ഇതൊരു പ്ലഗിൻ ഇലക്ട്രിക് കാറാണ്. 18 കിലോവാട്ട് അവർ ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് കാറിനുള്ളത്. 12 കിലോവാട്ട് പവറും 40 ന്യൂട്ടൻ മീറ്റർ ടോർക്കും ഉത്പാദിപ്പിക്കുന്ന ഒരു ലിക്വിഡ് കൂൾഡ് ഇലക്ട്രിക് മോട്ടോർ ഇതിൽ ഉപയോഗിച്ചിരിക്കുന്നു. വെറും 5 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0 മുതൽ 40 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ ഇതിന് കഴിയും. ഈ കാറിൻ്റെ ആകെ ഭാരം 800 കിലോഗ്രാം ആണ്.

വീട്ടിലെ ഒരു സാധാരണ (15 ആംപിയർ) സോക്കറ്റിൽ നിന്ന് കാർ ബാറ്ററി എളുപ്പത്തിൽ ചാർജ് ചെയ്യാൻ കഴിയും. വീട്ടിൽ നിന്ന് ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം 4 മണിക്കൂർ എടുക്കും. അതേസമയം ഡി.സി. ഫാസ്റ്റ് ചാർജറിൽ (സി.സി.എസ്.2) നിന്ന് പൂർണ്ണമായി ചാർജ് ചെയ്യാൻ 45 മിനിറ്റ് മാത്രമേ എടുക്കൂ. നഗരത്തിനുള്ളിൽ ചെറിയ സവാരികൾക്കായിട്ടാണ് ഈ കാർ രൂപകല്പന ചെയ്തിരിക്കുന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks