29 C
Trivandrum
Tuesday, March 25, 2025

നിയമസഭാ സമ്മേളനം ജനുവരി 17 മുതൽ; ബജറ്റ് ഫെബ്രുവരി 7ന്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ 13ാം സമ്മേളനം ജനുവരി 17ന് ആരംഭിക്കും. ​ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനം ആരംഭിക്കുക. ഫെബ്രുവരി 7ന് 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണവും 10, 11, 12 തീയതികളിൽ ബജറ്റിന്മേലുള്ള പൊതു ചർച്ചയും നടക്കും. ഫെബ്രുവരി 13ന് 2024-25 സാമ്പത്തിക വർഷത്തെ അവസാന ബാച്ച് ഉപധനാഭ്യർഥനകൾ പരിഗണിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ജനുവരി 17 മുതൽ മാർച്ച് 28 വരെയുള്ള കാലയളവിൽ ആകെ 27 ദിവസം സഭ ചേരുന്നതിനാണ് സമ്മേളന കലണ്ടർ പ്രകാരം നിശ്ചയിച്ചിട്ടുള്ളതെന്ന് സ്പീക്കർ എ.എൻ.ഷംസീർ അറിയിച്ചു. ഫെബ്രുവരി 14 മുതൽ മാർച്ച് 2 വരെ സഭ ചേരുന്നതല്ല. ഈ കാലയളവിൽ വിവിധ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർത്ഥനകളുടെ സൂക്ഷ്‌മ പരിശോധന നടത്തും. മാർച്ച് 4 മുതൽ 26 വരെ 2025-26 വർഷത്തെ ധനാഭ്യർത്ഥനകൾ സഭ ചർച്ച ചെയ്തു പാസ്സാക്കും.

2024-25 വർഷത്തെ അന്തിമ ഉപധനാഭ്യർത്ഥനകളെ സംബന്ധിക്കുന്നതും 2025-26 വർഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ രണ്ടു ധനവിനിയോഗ ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാകേണ്ടതുണ്ട്. ഗവൺമെന്റ് കാര്യങ്ങൾക്കായി നീക്കി വച്ചിട്ടുള്ള ദിവസങ്ങളിലെ ബിസിനസ് ക്രമീകരിക്കുന്നത് സംബന്ധിച്ച് കാര്യോപദേശക സമിതി ചേർന്ന് പിന്നീട് തീരുമാനിക്കും. നിശ്ചയിച്ചിട്ടുള്ള നടപടികൾ എല്ലാം പൂർത്തീകരിച്ചു മാർച്ച് 28ന് സഭ പിരിയുമെന്നും സ്പീക്കർ പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks