29 C
Trivandrum
Sunday, February 9, 2025

ഗാനസാഗരം ബാക്കിയാക്കി ഭാവഗായകൻ വിടവാങ്ങി

തൃശ്ശൂർ: സിനിമാഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും മലയാളത്തിന്‍റെ ഒരു കാലഘട്ടത്തെ മധുരമോഹനമാക്കിയ അത്ഭുതസ്വരം നിലച്ചു. മലയാളത്തിന്റെ പ്രിയ ഭാവഗായകന്‍ പാലിയത്ത് ജയചന്ദ്രൻ എന്ന പി.ജയചന്ദ്രന്‍ (81) അന്തരിച്ചു. 6 പതിറ്റാണ്ടിനിടെ പാടിത്തീർത്ത 16,000ഓളം ലളിതസുന്ദര ഗാനങ്ങൾ ബാക്കി.

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.54നാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദരോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് വീട്ടില്‍വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

സംസ്‌കാരം ശനിയാഴ്ച വൈകിട്ട് 3.30ന് ചേന്ദമംഗലം പാലിയത്ത് വീട്ടില്‍. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് മൃതദേഹം തൃശ്ശൂര്‍ പൂങ്കുന്നത്ത് വീട്ടില്‍ എത്തിക്കും. 10 മുതല്‍ 12 മണിവരെ തൃശ്ശൂര്‍ സംഗീത നാടക അക്കാദമിയില്‍ പൊതുദര്‍ശനം നടക്കും. ലളിതയാണ് ജയചന്ദ്രൻ്റെ ഭാര്യ. മക്കളായ ലക്ഷ്മിയും ദിനനാഥും ഗായകരാണ്.

1944 മാര്‍ച്ച് 3ന് എറണാകുളം ജില്ലയിലെ രവിപുരത്തായിരുന്നു രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും 5 മക്കളില്‍ മൂന്നാമനായി ജയചന്ദ്രന്റെ ജനനം. പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. വിദ്യാഭ്യാസ കാലഘട്ടമെല്ലാം ഇവിടെയായിരുന്നു. 1958ലെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ യേശുദാസ് ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ ജയചന്ദ്രന് മൃദംഗത്തിലായിരുന്നു ഒന്നാം സ്ഥാനം.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടി. 1966ല്‍ ചെന്നൈയില്‍ പ്യാരി കമ്പനിയില്‍ കെമിസ്റ്റായി. അതേവര്‍ഷം കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്‌കരന്‍-ചിദംബരനാഥ് ടീമിന്റെ ഒരു ‘മുല്ലപ്പൂമാലയുമായ്’ എന്ന ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. കുഞ്ഞാലി മരയ്ക്കാർ പുറത്തുവരുന്നതിനു മുന്നേ മദ്രാസില്‍ നടന്ന ഒരു ഗാനമേളയില്‍ ജയചന്ദ്രൻ പാടിയ 2 പാട്ടുകള്‍ കേട്ട സംവിധായകന്‍ എ.വിൻസെൻ്റിൻ്റെ ശുപാര്‍ശ പ്രകാരം സംഗീത സംവിധായകന്‍ ജി.ദേവരാജന്‍ പി.ഭാ്കരൻ്റെ രചനയായ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ പാടിക്കുകയായിരുന്നു.ആ ഒരൊറ്റ ഗാനത്തോടെ ജയചന്ദ്രന് പിന്തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഗായകൻ യേശുദാസിന്റെ സുഹൃത്തായിരുന്ന ജ്യേഷ്ഠൻ സുധാകരൻ വഴിയാണ് ജയചന്ദ്രൻ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നു വരുന്നത്.

ഹൃദയഹാരിയായ നിരവധി ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസ്സുകളില്‍ ജയചന്ദ്രൻ താമസിയാതെ കുടിയേറി. ചിദംബരനാഥില്‍ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഗാനങ്ങള്‍ ആലപിക്കാന്‍ ഭാഗ്യമുണ്ടായി. പി.ഭാസ്‌കരനും വയലാറും മുതല്‍ പുതിയതലമുറയിലെ ബി.കെ ഹരിനാരായണന്‍ വരെയുള്ള കവികളുടെ വരികള്‍ക്ക് ആ ശബ്ദത്തിലൂടെ ജീവന്‍തുടിച്ചു.

ഉദ്യോഗസ്ഥയിലെ ‘അനുരാഗ ഗാനം പോലെ’, സി.ഐ.ഡി നസീറിലെ ‘നിന്‍ മണിയറയിലെ’, പ്രേതങ്ങളുടെ താഴ് വരയിലെ ‘മലയാള ഭാഷതന്‍ മാദകഭംഗി’, ഉമ്മാച്ചുവിലെ ‘ഏകാന്ത പഥികന്‍ ഞാന്‍’, മായയിലെ ‘സന്ധ്യക്കെന്തിന് സിന്ദൂരം’, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു എന്ന ചിത്രത്തിലെ ‘ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്പം’ – അങ്ങനെ മലയാളികള്‍ ഒരിക്കലും മറക്കാത്ത നൂറുകണക്കിന് ഗാനങ്ങള്‍ ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പുറത്തുവന്നു.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രന്‍ സംഗീത സാന്നിധ്യമായി. എം.എസ്.വിശ്വനാഥനാണ് ജയചന്ദ്രനെ തമിഴില്‍ അവതരിപ്പിച്ചത്. 1973ല്‍ പുറത്തിറങ്ങിയ മണിപ്പയല്‍ എന്ന സിനിമയിലെ ‘തങ്കച്ചിമിഴ് പോല്‍’ ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ് ഗാനം. വൈദേഹി കാത്തിരുന്താളിലെ ‘രാസാത്തി ഉന്നെ കാണാതെ നെഞ്ച്’ നാനേ രാജ നാനേ മന്തിരിയിലെ ‘മയങ്കിനേന്‍ സൊല്ല തയങ്കിനേന്‍’, ആറിലിരുന്തു അറുപതു വരൈയിലെ ‘വാഴ്കയേ വേഷം’, അമ്മന്‍ കോവില്‍ കിഴക്കാലെയിലെ ‘പൂവാ എടുത്തു ഒരു’, കടല്‍ മീന്‍കള്‍ എന്ന ചിത്രത്തിലെ ‘താലാട്ടുതേ വാനം’, വാനത്തെ പോലെയിലെ ‘കാതല്‍ വെണ്ണിലാ’, കന്നത്തില്‍ മുത്തമിട്ടാള്‍ എന്ന ചിത്രത്തിലെ ‘ഒരു ദൈവം തന്ത പൂവേ’, കിരീടത്തിലെ ‘കനവെല്ലാം പലിക്കുതേ’ തുടങ്ങിയവ അതില്‍ ചിലതുമാത്രം.

1982ല്‍ പുറത്തിറങ്ങിയ എവരു വീരു എവരു വീരുവാണ് ജയചന്ദ്രന്‍ ഗാനമാലപിച്ച ആദ്യ തെലുങ്ക് ചിത്രം. 24 ചിത്രങ്ങളിലാണ് തെലുങ്കില്‍ അദ്ദേഹം ആലപിച്ചത്. കന്നഡയിലും 20ഓളം ചിത്രങ്ങള്‍ക്കായി ഗാനം ആലപിച്ചു. 2008ല്‍ എ.ആര്‍.റഹ്‌മാന്‍ സംഗീതം നല്‍കിയ അദാ എന്ന ചിത്രത്തിനായി അല്‍ക യാഗ്‌നിക്കിനൊപ്പം പാടിക്കൊണ്ട് ജയചന്ദ്രന്‍ ആദ്യമായി ഹിന്ദി ഗാനരംഗത്തേയ്ക്കും പ്രവേശനം നടത്തി.

സിനിമാഗാനങ്ങള്‍ക്ക് പുറമേ ജയചന്ദ്രന്‍ ആലപിച്ച ഭക്തിഗാനങ്ങളും ആസ്വാദക മനസുകളില്‍ ഇടംപിടിച്ചവയാണ്. പുഷ്പാഞ്ജലി എന്ന ആല്‍ബത്തിലെ ഗാനങ്ങള്‍ ഇന്നും ക്ലാസിക് ആയി നിലകൊള്ളുന്നു. ഇതിന് പുറമേ തമിഴില്‍ ദൈവ ദര്‍ശനം, താഗം, പാതൈ തുടങ്ങിയ ക്രിസ്തീയ ഭക്തിഗാന ആല്‍ബങ്ങളിലും പാടി.

1990കളുടെ അവസാനം മലയാള ഗാനശാഖയിലെ വൻമരങ്ങൾ ഒന്നൊന്നായി പിൻവാങ്ങിയതോടെ ജയചന്ദ്രനും പാട്ടുകൾ കുറഞ്ഞു. എന്നാൽ, 1999ൽ വന്ന നിറം എന്ന സിനിമയിലെ ‘പ്രായം നമ്മിൽ മോഹം നൽകി’ എന്ന ഒരൊറ്റ പാട്ടിലൂടെ ഗാനസിംഹാസനം വീണ്ടും ജയചന്ദ്രനു സ്വന്തമായി. നിറം എന്ന സിനിമയ്ക്ക് മുമ്പും ശേഷവും എന്ന് രണ്ട് ഘട്ടമായി പി.ജയചന്ദ്രന്റെ പാട്ടുജീവിതം ചരിത്രമായി നില്‍ക്കുന്നു.

2014ലും ഈ മാജിക് ആവർത്തിച്ചു. 1983 എന്ന സിനിമയിലെ ‘ഓലഞ്ഞാലി കുരുവീ’ എന്ന ഗാനം കേരളം മുഴുവൻ അലയടിച്ചു. പിന്നീട് അനാരോഗ്യം മൂലം കുറച്ചുകാലം വീണ്ടും ഗാനരംഗത്തുനിന്ന് വിട്ടുനിന്നെങ്കിലും വീണ്ടും അദ്ദേഹം ഒരു ഗുരുവായൂർ ഭക്തിഗാനം പാടാൻ മൈക്കിന് മുന്നിലെത്തി. 2024 സെപ്റ്റംബര്‍ 21ന് ആയിരുന്നു അത്.

1986ല്‍ പി.എ.ബക്കർ സംവിധാനം ചെയ്ത ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ‘ശിവശങ്കര സര്‍വ ശരണ്യവിഭോ’ എന്ന ഗാനത്തിലൂടെ ജയചന്ദ്രനെത്തേടി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരമെത്തി. 5 തവണയാണ് ജയചന്ദ്രന്‍ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയത്. 1972ല്‍ പണിതീരാത്ത വീട് എന്ന സിനിമയിലെ ‘നീലഗിരിയുടെ സഖികളേ’, 1978ല്‍ ബന്ധനത്തിലെ ‘രാഗം ശ്രീരാഗം’, 2000ല്‍ നിറത്തിലെ ‘പ്രായം നമ്മില്‍ മോഹം നല്‍കി’, 2004ല്‍ തിളക്കത്തിലെ ‘നീയൊരു പുഴയായ്’, 2015ല്‍ ജിലേബിയിലെ ‘ഞാനൊരു മലയാളി’, എന്നും എപ്പോഴുമിലെ ‘മലര്‍വാകക്കൊമ്പത്തെ’, എന്ന് നിൻ്റെ മൊയ്തീനിലെ ‘ശാരദാംബരം’ എന്നീ ഗാനങ്ങളായിരുന്നു അവ.

1994ല്‍ കിഴക്ക് സീമയിലേ എന്ന ചിത്രത്തിലെ ‘കട്ടാഴം കാട്ടുവഴി’ എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരവും ജയചന്ദ്രന്‍ സ്വന്തമാക്കി. തമിഴ് ചലച്ചിത്ര സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമെന്ന നിലയില്‍ 1997ല്‍ തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡിനും അദ്ദേഹം അര്‍ഹനായി. 2021ല്‍ കേരളം അദ്ദേഹത്തെ ജെ.സി.ഡാനിയല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

സംഗീതത്തിന് പുറമെ സിനിമാ അഭിനയത്തിലും ജയചന്ദ്രന്റെ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 1979 ഒ.രാംദാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കൃഷ്ണപരുന്തില്‍ പ്രധാന കഥാപാത്രമായിരുന്നു. കെ.ജി ജോര്‍ജ് സംവിധാനവും തിരക്കഥയും നിര്‍വഹിച്ച് 1983ല്‍ പുറത്തിറങ്ങിയ ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്കില്‍ പി.ജയചന്ദ്രനായി തന്നെ അഭിനയിച്ചു. എം.ടി വാസുദേവന്‍നായരാണ് തന്റെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങളില്‍ അഭിനയിക്കാന്‍ പി.ജയചന്ദ്രനെ പ്രേരിപ്പിച്ചത്. ഒരു നമ്പൂതിരിയുടെ വേഷമായിരുന്നു സിനിമയില്‍. ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം പിന്നീട് ജയചന്ദ്രനെ അഭിനേതാവായി കണ്ടത് 2012ല്‍ വി.കെ.പ്രകാശിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജിലാണ്. ചില സംഗീത ആൽബങ്ങളിലും പി.ജയചന്ദ്രൻ അഭിനയിച്ചിട്ടുണ്ട്‌.

പ്രണയഗാനങ്ങൾക്ക് ഭാവസൗന്ദര്യം പകർന്ന കലാകാരനാണ് വിട പറഞ്ഞത്. ഗാനഗന്ധർവന്‍ യേശുദാസിന്റെ ശബ്ദം സംഗീതലോകം ആഘോഷമാക്കുമ്പോഴായിരുന്നു ജയചന്ദ്രന്‍റെയും വളർച്ച. എന്നാൽ യോശുദാസിനൊപ്പം ഭാവഗായകനെയും ആസ്വാദകർ നെഞ്ചിലേറ്റി. പിന്നീട് കാലത്തിന് സ്പർശിക്കാനാവാത്ത നിത്യഹരിതശബ്ദമായി ഓരോ മലയാളിയുടെ മനസിലും മധുചന്ദ്രിക പെയ്തിറങ്ങി. മലയാളിയുടെ പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും സന്താപത്തിനും കൂട്ടായി ആ ശബ്ദസൗഭഗമുണ്ടായിരുന്നു.

Follow the FOURTH PILLAR LIVE channel on WhatsApp 

Recent Articles

Related Articles

Special

Enable Notifications OK No thanks