കാഠ്മണ്ഡു: നേപ്പാളില്‍ ചൊവ്വാഴ്ച രാവിലെ 6.35ന് വന്‍ ഭൂകമ്പം. ഭൂകമ്പമാപിനിയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ചലനം തിബറ്റന്‍ അതിര്‍ത്തിക്കരികെയാണ് ഉണ്ടായത്. ഇതിൻ്റെ തുടർച്ചയായി അസമിലും ബിഹാറിലും പശ്ചിമബംഗാളിലും ഡല്‍ഹിയിലും ചെറുചലനങ്ങള്‍ അനുഭവപ്പെട്ടു. ബംഗ്ലാദേശ്, ഭൂട്ടാന്‍, ചൈന എന്നിവിടങ്ങളിലും തുടര്‍ചലനങ്ങളുണ്ടായി.
ഹിമാലയ പ്രദേശമായ ലൊബൂചെയില്‍ നിന്നും 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം നാശനഷ്ടങ്ങളുണ്ടായോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ശക്തമായ ചലനങ്ങളെ തുടര്‍ന്ന് ബിഹാറിലും അസമിലുമുള്ളവര്‍ പരിഭ്രാന്തരായി വീടുകള്‍ക്ക് പുറത്തിറങ്ങി.
കഴിഞ്ഞ 22 ദിവസമായി പ്രദേശം അതീവ നിരീക്ഷണത്തിലാണെന്നും എപ്പോള്‍ വേണമെങ്കിലും ശക്തമായ ഭൂകമ്പമുണ്ടായേക്കാമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡിസംബര്‍ 17നാണ് നിലവിലെ ഭൂകമ്പങ്ങളുടെ തുടക്കം. അടുത്ത ദിവസം നേപ്പാളിലെ പലയിടങ്ങളിലും ചെറുചലനങ്ങളുണ്ടായി. ഡിസംബര്‍ 20ന് 5.2 തീവ്രതയുള്ള ഭൂകമ്പം ബജുറയില്‍ അനുഭവപ്പെട്ടു. സിന്ധുപാല്‍ ചോക്കില്‍ ജനുവരി 2 നും ശക്തമായ ഭൂകമ്പം ഉണ്ടായിരുന്നു.