29 C
Trivandrum
Tuesday, March 25, 2025

കെ.എഫ്.സിക്കെതിരെ അഴിമതി ആരോപണവുമായി വി.ഡി.സതീശന്‍; തള്ളി തോമസ് ഐസക്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെതിരെ (കെ.എഫ്.സി.) വന്‍ അഴിമതി ആരോപണം. അനില്‍ അംബാനിയുടെ ആര്‍.സി.എഫ്.എല്‍. കമ്പനി വന്‍ തകര്‍ച്ച നേരിടുന്നതിനിടെ 2018ല്‍ 60.80 കോടി നിക്ഷേപിച്ചുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. 2019ലും 2020ലും വാര്‍ഷിക റിപ്പോര്‍ട്ടില്‍ കെ.എഫ്.സി. ഇത് മറച്ചുവച്ചുവെന്നാണ് ആരോപണം. കെ.എഫ്.സിയുടെ വീഴ്ചയില്‍ ധനകാര്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. അടിയന്തരമായി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

അതേസമയം, അഴിമതി ആരോപണം തള്ളി മുന്‍ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് രംഗത്തെത്തി. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് റിലയൻസിൽ പണം നിക്ഷേപിച്ചത്. ചട്ടങ്ങളെല്ലാം പൂർണമായും പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

2019ൽ അംബാനിയുടെ കമ്പനി ലിക്വിഡേറ്റ് ചെയ്തുവെന്ന് സതീശൻ ചൂണ്ടിക്കാട്ടി.പലിശ ഉൾപ്പെടെ കെ.എഫ്.സിക്ക് കിട്ടേണ്ടിയിരുന്നത് 101 കോടി, എന്നാല്‍ കിട്ടിയത് 7 കോടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സഹായിക്കാൻ ചുമതലപ്പെട്ട സ്ഥാപനമാണ് കെ.എഫ്.സി. ഈ പണമാണ് അംബാനിക്ക് നൽകിയത്.ഇതിൽ വലിയ അഴിമതി നടന്നിട്ടുണ്ട്.കൈകൂലി വാങ്ങി സർക്കാരിലെ ഉന്നതരുടെ അനുവാദത്തോടെയാണ് നിക്ഷേപം നടത്തിയത് -അദ്ദേഹം ആരോപിച്ചു.

മൂന്ന് വർഷം നിക്ഷേപ വിവരം മറച്ചു വെച്ചു. 2021-22 വാർഷിക റിപ്പോർട്ടിൽ മാത്രമാണ് റിലയൻസ് കമ്പനിയിൽ നിക്ഷേപിച്ച കാര്യം ആദ്യമായി പുറത്തു വിടുന്നത്.അതിനു മുമ്പുള്ള 2 വർഷം, പേരു മറച്ചു വെച്ച് അവ്യക്തമായ വിവരങ്ങളാണ് വാർഷിക റിപ്പോർട്ടിൽ കൊടുത്തത്.ഇടപാടിന് പിന്നിൽ കോടികളുടെ കമ്മീഷനുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ആക്ഷേപങ്ങൾക്ക് തെളിവ് ഹാജരാക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറാകണമെന്ന് തോമസ് ഐസക്ക് ആവശ്യപ്പെട്ടു. ഏത് ധനകാര്യ സ്ഥാപനവും മിച്ചംവരുന്ന തുക നിക്ഷേപിക്കും. അതിനുള്ള നയം ഓരോ ധനകാര്യ സ്ഥാപനത്തിനുണ്ടാകും. കെ.എഫ്.സിക്കുമുണ്ട്. അതനുസരിച്ച് റിസര്‍വ് ബാങ്ക് അംഗീകാരമുള്ള ഷെഡ്യൂള്‍ ബാങ്കുകളിലോ എൻ.ബി.എഫ്.സികളിലോ മാത്രമേ നിക്ഷേപിക്കാന്‍ പാടൂള്ളൂ. അവയ്ക്ക് ഡബിള്‍ എ റേറ്റിങ് വേണം. ഈ സ്ഥാപനങ്ങളില്‍ നിന്ന് പലിശ സംബന്ധിച്ച ക്വട്ടേഷന്‍ വിളിച്ച് വേണം നിക്ഷേപം നടത്താന്‍. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട 2 ക്രെഡിറ്റ് ഏജന്‍സികള്‍ ഡബിള്‍ എ പ്ലസ് റേറ്റിങ്ങാണ് റിലയന്‍സിന് നല്‍കിയത്.

നിക്ഷേപം നടത്തുന്ന വർഷം 250 കോടി രൂപയാണ് ഈ കമ്പനിയുടെ ലാഭം. സതീശൻ കുറച്ചുകൂടെ പഠിക്കുന്നത് നല്ലതാണ്. ടെൻഡർ വിളിച്ചാണ് നിക്ഷേപം നടത്തുന്നത്. ഒന്നും മറച്ചുവെയ്ക്കാനില്ല. റേറ്റിങ് കമ്പനികളെ കെ.എഫ്.സി. സ്വാധീനിച്ച് റേറ്റിങ് ഉയര്‍ത്തിവെച്ചുവെന്ന് പറയുകയാണെങ്കില്‍ അത് അഴിമതിയാണ്. ക്വോട്ട് ചെയ്തപ്പോള്‍ മറ്റ് ക്വട്ടേഷനുകളില്‍ പങ്കെടുത്തുള്ള കമ്പനികള്‍ അവര്‍ താഴ്ത്തിവെച്ചു എങ്കിൽ അതും അഴിമതിയാണ്. ഇപ്പോള്‍ ഈ 60 കോടി രൂപ പോയിട്ടൊന്നുമില്ല. ഇപ്പോള്‍ 52 ശതമാനം തരാമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍, അത് പോരാ. നമുക്ക് പൂര്‍ണമായും പണം ലഭിക്കണമെന്ന നിലപാടിൽ ആലോചന നടക്കുന്നുണ്ട്’-ഐസക്ക് പറഞ്ഞു.

60 കോടി രൂപ നിക്ഷേപം നടത്തിയത് 250 കോടി രൂപയുടെ ബോണ്ട് ഇറക്കുന്നതിന് യോഗ്യത നേടാന്‍ വേണ്ടിയാണ്. ഇത് ബിസിനസ്സിന്റെ ഭാഗമാണ്. ഇതുവഴി നിക്ഷേപം കൂടുമ്പോള്‍ എ റേറ്റിങുള്ള കമ്പനി ഡബിള്‍ എ റേറ്റിങായി. നമ്മള്‍ ബോണ്ടിറക്കി പണം മേടിച്ച് അത് ആളുകള്‍ക്ക് വിതരണം ചെയ്തു. അതിന്റെ ഫലമായി 2,000 കോടിയുണ്ടായിരുന്ന വായ്പ 4,000 കോടിയായി. അതില്‍നിന്നുള്ള വരുമാനവുമില്ലേ -അദ്ദേഹം ചോദിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks