29 C
Trivandrum
Saturday, March 15, 2025

സതീശൻ്റെ ചാവേറായി ഹസൻ; എ, ഐ ഗ്രൂപ്പുകൾക്ക് അതൃപ്തി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ കോൺഗ്രസിൽ നടക്കുന്ന ശീതസമരത്തിൽ കക്ഷി ചേർന്ന് യു.ഡി.എഫ്. കൺവീനർ എം.എം.ഹസനും. സതീശനെ പിന്തുണച്ചാണ് ഹസൻ രംഗത്തിറങ്ങിയത്. ഇത് എ,ഐ. ഗ്രൂപ്പുകളിൽ ഹസനോട് കടുത്ത അതൃപ്തിക്കു കാരണമായിട്ടുണ്ട്.

സതീശനെതിരെ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ രൂക്ഷവിമർശത്തിനു മറുപടി നല്കിക്കൊണ്ടാണ് ഹസൻ തൻ്റെ നിലപാട് പരസ്യമാക്കിയിരിക്കുന്നത്. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കുന്നത്‌ വെള്ളാപ്പള്ളിയാണോ എന്നാണ് ഹസൻ ചോദിച്ചത്‌. സാമുദായിക സംഘടനകളല്ല അക്കാര്യം തീരുമാനിക്കേണ്ടതെന്നും ഹസൻ പറഞ്ഞു.

വെള്ളാപ്പള്ളിക്കു താൻ നേരിട്ടു മറുപടി നല്കിയാൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നു ബോധ്യമുള്ളതിനാൽ സതീശൻ ഹസനെ രംഗത്തിറക്കുകയായിരുന്നു. എ ഗ്രൂപ്പുകാരനായ ഹസൻ കുറച്ചുനാളുകളായി സതിശനൊപ്പമാണ് നില്ക്കുന്നത്. യു.ഡി.എഫ്. കൺവീന‍ർ സ്ഥാനത്തു നിന്ന് ഹസനെ മാറ്റണമെന്ന ആവശ്യം കുറച്ചുനാളായി ശക്തമാണ്. നിലവിൽ എ, ഐ ഗ്രൂപ്പുകാരുടെ പിന്തുണ തനിക്കില്ലെന്നു മനസ്സിലാക്കി സതീശനെ പിണക്കാതിരിക്കാനുള്ള മാർഗങ്ങളാണ്‌ ഹസൻ തേടുന്നത്.

സതീശനെക്കാൾ രമേശ്‌ ചെന്നിത്തലയാണ്‌ യോഗ്യനെന്ന്‌ പറഞ്ഞ വെള്ളാപ്പള്ളിയെ തള്ളിയതിലൂടെ ഹസൻ പാർടിക്കുള്ളിൽ തന്റെ നിലപാടാണ്‌ വ്യക്തമാക്കിയിരിക്കുന്നത്‌. വെള്ളാപ്പള്ളിയെ എതിർത്തതിലൂടെ അദ്ദേഹം എ, ഐ ഗ്രൂപ്പുകൾ ഇപ്പോൾ പിന്തുണയ്ക്കുന്ന ചെന്നിത്തലയെ തള്ളുക തന്നെയാണ് ചെയ്തത്. ഇതോടെ ഹസനെ കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയേ അടങ്ങൂ എന്ന വാശിയിലേക്ക് എ, ഐ ഗ്രൂപ്പുകൾ എത്തിയിട്ടുണ്ട്. ഇതിന് കെ.പി.സി.സി. പ്രസിഡൻ്റ് കെ.സുധാകരൻ്റെ പിന്തുണയും അവർ ഉറപ്പാക്കിയിട്ടുണ്ട്. സതീശനൊപ്പം നില്ക്കുന്ന ആരെയും എതിർക്കുക എന്ന നിലപാടാണ് സുധാകരൻ സ്വീകരിച്ചിരിക്കുന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks