29 C
Trivandrum
Saturday, March 15, 2025

തോമസ് മന്ത്രിയാകാൻ സാധ്യതയില്ലെങ്കിൽ താനെന്തിന് രാജിവെയ്ക്കണമെന്നു ശശീന്ദ്രൻ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: എൻ.സി.പിയിലെ മന്ത്രിമാറ്റം സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ രാജിവെക്കില്ലെന്ന് പരോക്ഷമായി പറഞ്ഞ് മന്ത്രി എ.കെ.ശശീന്ദ്രൻ. തോമസ് കെ.തോമസ് മന്ത്രിയാകാൻ സാധ്യതയില്ലെങ്കിൽ താനെന്തിന് രാജിവെയ്ക്കണമെന്ന് ശശീന്ദ്രൻ ചോദിച്ചു.

തോമസിനെ മന്ത്രിയാക്കാന്‍ എന്തു നിലപാടാണോ സ്വീകരിക്കേണ്ടത് അതു സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണെന്ന് കേരളസമൂഹത്തേയും പാര്‍ട്ടിപ്രവര്‍ത്തകരേയും നേതൃത്വത്തേയും മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ എനിക്കൊരു പിടിവാശിയുമില്ല. വിഷയം ദേശീയനേതൃത്വം ആദ്യം ചര്‍ച്ച ചെയ്ത ഘട്ടത്തില്‍ പറഞ്ഞകാര്യമാണ്. തോമസ് കെ. തോമസ് മന്ത്രിയാകാന്‍ വേണ്ടി മാറാന്‍ ഞാന്‍ തയ്യാറാണ് എന്നത്. എന്നാല്‍ അതിനു സാധ്യതയില്ലെങ്കില്‍ എന്താണ്, ആര്‍ക്കാണ് പ്രയോജനം? ഞാന്‍ രാജി വെച്ചാല്‍ അതിനര്‍ഥം മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ പ്രതിഷേധിക്കുന്നു എന്നാണ്. മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ പ്രതിഷേധിക്കുന്ന ഒരു രാഷ്ട്രീയ തീരുമാനത്തിലേക്ക് പോകുന്നതിനോട് എനിക്ക് താല്‍പര്യമില്ല -ശശീന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു.

ചൊവ്വാഴ്ച രാത്രി എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയിലെത്തി തോമസ് കെ.തോമസും പി.സി.ചാക്കോയും പ്രകാശ് കാരാട്ടും കൂട്ടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിമാറ്റം സംബന്ധിച്ച കാര്യങ്ങളായിരുന്നു അനൗദ്യോഗിക ചർച്ചയിലുണ്ടായിരുന്നത്.

മന്ത്രിമാറ്റം സംബന്ധിച്ച് ചര്‍ച്ചയില്‍ കൂടുതല്‍ സംസാരം നടന്നില്ലെന്നാണ് കൂടിക്കാഴ്ചയ്ക്കുശേഷം തോമസ് കെ.തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ബുധനാഴ്ച വീണ്ടും ചര്‍ച്ചയ്ക്ക് ശ്രമം നടത്തിയെങ്കിലും ക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് തോമസ് കെ.തോമസ് പുലര്‍ച്ചെ തന്നെ നാട്ടിലേക്ക് മടങ്ങിയിരുന്നു.

ചർച്ചയിൽ പ്രകാശ് കാരാട്ടും പങ്കാളിയായത് ഫലത്തിൽ തോമസിന് തിരിച്ചടിയായി. തോമസിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറല്ല എന്ന രീതിയിൽ നേരത്തേ തന്നെ വാർത്തകൾ വന്നിരുന്നു. അജിത് പവാറുമായി തോമസിനെ ബന്ധപ്പെടുത്തി ഉണ്ടായ വിവാദവും അതിനെത്തുടർന്ന് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്ന നിലപാടും ശരദ് പവാറിനെ കാരാട്ട് അറിയിച്ചു. അജിത് പവാറുമായി ബന്ധപ്പടുത്തിയുള്ള ആരോപണം വന്നതോടെയാണ് രണ്ടാമതും ചർച്ചയ്ക്ക് തോമസിനെ പവാർ അനുവദിക്കാതിരുന്നത് ‌എന്ന സൂചനയുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks