29 C
Trivandrum
Wednesday, July 16, 2025

ഇ.ഡിക്ക് തിരിച്ചടി: കരുവന്നുരിൽ കുറ്റം ചെയ്തതിന് തെളിവില്ലെന്ന് ഹൈക്കോടതി

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം. നേതാവ് പി.ആർ.അരവിന്ദാക്ഷനും ബാങ്ക് ജീവനക്കാരൻ സി.കെ.ജിൽസിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനടക്കം ജാമ്യം നൽകിയ സുപ്രീം കോടതി ഉത്തരവുകൾ കൂടി പരിഗണിച്ചാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ നടപടി.

അരവിന്ദാക്ഷനും ജിൽസും കുറ്റം ചെയ്തിട്ടില്ലെന്ന് കരുതാൻ മതിയായ കാരണങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ട് പ്രതികൾക്കും ജാമ്യം നൽകുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട കുറ്റങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ വിചാരണ അടുത്ത കാലത്തൊന്നും തുടങ്ങാനുള്ള വിദൂര സാധ്യതയില്ല. 14 മാസത്തോളമായി രണ്ട് പേരും റിമാൻഡിൽ തുടരുകയാണ്. ഇരുവർക്കും ക്രിമിനൽ പശ്ചാത്തലമുള്ളതായി കണ്ടെത്താനായിട്ടില്ല. അതിനാൽ രണ്ട് പ്രതികൾക്കും ജാമ്യത്തിന് അർഹതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് ഈ വർഷം ജൂണിൽ അരവിന്ദാക്ഷന് ഹൈക്കോടതി 10 ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു.

കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. രജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിൽ ആദ്യമായാണ് രണ്ട് പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത്. 2023 സെപ്റ്റംബർ 27 മുതൽ ഇരുവരും ഇ.ഡിയുടെ കസ്റ്റഡിയിലായിരുന്നു. വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാനായിരുന്നു അരവിന്ദാക്ഷൻ. ഇ.ഡി. രജിസ്റ്റർ ചെയ്ത 334 കോടി രൂപ വെളുപ്പിച്ചെന്ന കേസിലെ മൂന്നാം പ്രതിയാണ് അരവിന്ദാക്ഷൻ. കരുവന്നൂർ സഹകരണ ബാങ്കിലെ എല്ലാ തട്ടിപ്പുകളും അരവിന്ദാക്ഷന്റെ അറിവോടെയാണ് നടന്നതെന്നായിരുന്നു ഇ.ഡിയുടെ ആരോപണം.

അരവിന്ദാക്ഷന് കരുവന്നൂർ ബാങ്കിൽ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം ഉണ്ടെന്നും ഇത് ബിനാമി വായ്പകൾ വഴി ലഭിച്ച പണം ആണെന്നുമാണ് ഇ.ഡി. പറയുന്നത്. കേസിലെ മറ്റൊരു പ്രതിയായ കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റ് ജിൽസ് ലക്ഷക്കണക്കിന് രൂപയുടെ ഭൂമി വിൽപന നടത്തിയിരുന്നുവെന്നും ഇ.ഡി. ആരോപിച്ചു.

കള്ളപ്പണക്കേസുകളിൽ ജാമ്യം നിഷേധിക്കാൻ ചില കർശന നിർദേശങ്ങൾ സുപ്രീം കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ, ഈ നിർദേശങ്ങളുടെ പരിധിയിലേക്ക് നിലവിൽ അരവിന്ദാക്ഷന്റെയും ജിൽസിന്റെയും ഈ കേസിലെ പങ്കാളിത്തം ഉൾപ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കുന്നു. ഇതേത്തുടർന്നാണ് അരവിന്ദാക്ഷനും ജിൽസിനും കോടതി ജാമ്യം അനുവദിച്ചത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വകാര്യ പണമിടപാടുകാരൻ പി.സതീഷ് കുമാർ, ഇടനിലക്കാരൻ പി.പി.കിരൺ എന്നിവരും അറസ്റ്റിലായിരുന്നു. അരവിന്ദാക്ഷനും സതീഷ് കുമാറും തമ്മിൽ നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖയും കള്ളപ്പണ ഇടപാടിന്റെ തെളിവായി ഇഡി കോടതിയിൽ സമർപ്പിക്കുകയുണ്ടായി.

Recent Articles

Related Articles

Special

Enable Notifications OK No thanks