29 C
Trivandrum
Tuesday, March 25, 2025

ഐ.എഫ്.എഫ്.കെ. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ആൻ ഹുയിക്ക്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: 29-ാമത് ഐ.എഫ്.എഫ്.കെയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് വിഖ്യാത ഹോങ്കോങ് സംവിധായികയും തിരക്കഥാകൃത്തും നിർമ്മാതാവും നടിയുമായ ആൻ ഹുയിക്ക് സമ്മാനിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയോടനുബന്ധിച്ചാണ് 10 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം നല്കുന്നത്. ഡിസംബർ 13ന് വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും.

ഏഷ്യയിലെ സംവിധായികമാരിൽ പ്രധാനിയായ ആൻ ഹുയി ഹോങ്കോങ് നവതരംഗ പ്രസ്ഥാനത്തിന്റെ മുഖ്യപ്രയോക്താക്കളിലൊരാളാണ്. 2020ൽ നടന്ന 77-ാമത് വെനീസ് ചലച്ചിത്രമേളയിൽ ആയുഷ്‌കാല സംഭാവനക്കുള്ള ഗോൾഡൻ ലയൺ പുരസ്‌കാരം ലഭിച്ചിരുന്നു.

1997ലെ 47-ാമത് ബെർലിൻ ചലച്ചിത്രമേളയിൽ ബെർലിനാലെ ക്യാമറ പുരസ്‌കാരം, 2014ലെ 19-ാമത് ബുസാൻ മേളയിൽ ഏഷ്യൻ ഫിലിം മേക്കർ ഓഫ് ദ ഇയർ അവാർഡ്, ന്യൂയോർക്ക് ഏഷ്യൻ ചലച്ചിത്രമേളയിൽ സ്റ്റാർ ഏഷ്യ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് എന്നിങ്ങനെ മുൻനിര മേളകളിലെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ ആൻ ഹുയിക്ക് ലഭിച്ചിട്ടുണ്ട്. അരനൂറ്റാണ്ടുകാലമായി ഹോങ്കോങിലെ സ്ത്രീകളുടെ ദൈനംദിന ജീവിതത്തിന്റെ ആവിഷ്‌കാരങ്ങളിലൂടെ സാമൂഹിക പ്രശ്നങ്ങളെ അവതരിപ്പിക്കുകയാണ് 77കാരിയായ ആൻ ഹുയി.

ഹോങ്കോങ് നവതരംഗ മുന്നേറ്റത്തിന് സ്ത്രീപക്ഷ കാഴ്ചപ്പാട് പകർന്നു നൽകിയത് ആൻ ഹുയി ആണ്. ഏഷ്യൻ സംസ്‌കാരങ്ങളിലെ വംശീയത, ലിംഗവിവേചനം, ബ്രിട്ടീഷ് കോളനിയെന്ന നിലയിൽനിന്ന് ചൈനയുടെ പരമാധികാരത്തിനു കീഴിലേക്കുള്ള ഹോങ്കോങിന്റെ ഭരണമാറ്റം ജനജീവിതത്തിൽ സൃഷ്ടിച്ച പരിവർത്തനങ്ങൾ, കുടിയേറ്റം, സാംസ്‌കാരികമായ അന്യവത്കരണം എന്നിവയാണ് ആൻ ഹുയി സിനിമകളുടെ മുഖ്യപ്രമേയങ്ങൾ.

ചൈനയിലെ ലയോണിങ് പ്രവിശ്യയിലെ അൻഷാനിൽ 1947ൽ ജനിച്ച ആൻ ഹുയി 1952ൽ ഹോങ്കോങിലേക്ക് മാറുകയും ഹോങ്കോങ് സർവകലാശാലയിൽനിന്ന് ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമെടുക്കുകയും ചെയ്തു. 1975ൽ ലണ്ടൻ ഫിലിം സ്‌കൂളിൽ ചലച്ചിത്രപഠനം പൂർത്തിയാക്കി ടെലിവിഷൻ ബ്രോഡ് കാസ്റ്റ് ലിമിറ്റഡിൽ ഡയറക്ടർ ആയി ജോലി തുടങ്ങി.1979ൽ സംവിധാനം ചെയ്ത ദ സീക്രറ്റ് ആണ് ആദ്യചിത്രം. തുടർന്ന് 26 ഫീച്ചർ സിനിമകളും രണ്ട് ഡോക്യുമെന്ററികളും നിരവധി ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു.

കരിയറിന്റെ തുടക്കത്തിൽ തന്നെ ആൻ ഹുയിയുടെ സിനിമകൾ മുൻനിര ചലച്ചിത്രമേളകളിൽ ഇടംപിടിച്ചിരുന്നു. ബോട്ട് പീപ്പിൾ (1982), സോങ് ഓഫ് എക്സൈൽ (1990) എന്നിവ കാൻ ചലച്ചിത്രമേളയിലും സമ്മർ സ്നോ (1995), ഓർഡിനറി ഹീറോസ് (1999) എന്നിവ ബെർലിൻ ചലച്ചിത്രമേളയിലും എ സിമ്പിൾ ലൈഫ്(2011), ദ ഗോൾഡൻ ഇറ (2014) എന്നിവ വെനീസ് ചലച്ചിത്രമേളയിലും പ്രദർശിപ്പിച്ചു. ഹോങ്കോങ് ഫിലിം അവാർഡിൽ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ആറു തവണ നേടിയ ഏക ചലച്ചിത്ര പ്രതിഭയാണ് ആൻ ഹുയി.

29-ാമത് ഐ.എഫ്.എഫ്.കെയിൽ ആൻ ഹുയിയുടെ അഞ്ച് സിനിമകൾ പ്രദർശിപ്പിക്കും. ജൂലൈ റാപ്സഡി, ബോട്ട് പീപ്പിൾ, എയ്റ്റീൻ സ്പ്രിങ്സ്, എ സിമ്പിൾ ലൈഫ്, ദ പോസ്റ്റ് മോഡേൺ ലൈഫ് ഓഫ് മൈ ഓൺട് എന്നീ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

2009ലാണ് ഐ.എഫ്.എഫ്.കെയിൽ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ഏർപ്പെടുത്തിയത്. മൃണാൾസെൻ, ജർമ്മൻ സംവിധായകൻ വെർണർ ഹെർസോഗ്, സ്പാനിഷ് സംവിധായകൻ കാർലോസ് സൗറ, ഇറ്റാലിയൻ സംവിധായകൻ മാർക്കോ ബെല്ളോക്യോ, ഇറാൻ സംവിധായകരായ ദാരിയുഷ് മെഹർജുയി, മജീദ് മജീദി, ചെക് സംവിധായകൻ ജിറി മെൻസൽ, റഷ്യൻ സംവിധായകൻ അലക്സാണ്ടർ സോകുറോവ്, അർജന്റീനൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസ്, ഫ്രഞ്ച് സംവിധായകൻ ഗൊദാർദ്, ഹംഗേറിയൻ സംവിധായകൻ ബേല താർ, പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി തുടങ്ങിയവർക്കാണ് ഇതുവരെ ഈ പുരസ്‌കാരം നൽകിയത്.

Recent Articles

Related Articles

Special

Enable Notifications OK No thanks