29 C
Trivandrum
Wednesday, April 30, 2025

തർക്കങ്ങൾക്കിടെ നയൻസും ധനുഷും ഒരേ ചടങ്ങിൽ; പരസ്പരം മുഖംകൊടുക്കാതെ താരങ്ങൾ

Follow the FOURTH PILLAR LIVE channel on WhatsApp 

ചെന്നൈ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചയായിരുന്നു നടി നയൻതാരയും നടൻ ധനുഷും തമ്മിലുള്ള വീഡിയോ പകർപ്പവകാശം സംബന്ധിച്ച തർക്കം. ആരുടെ പക്ഷത്താണ് ശരി എന്നുള്ള ചർച്ചകൾക്കിടെ രണ്ടുതാരങ്ങളും ഒരേ ചടങ്ങിനെത്തിയത് കൗതുകമായി. എന്നാൽ ഇരുവരും പരസ്പരം മുഖം കൊടുത്തില്ല.

ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഇഡ്‌ലി കടയുടെ നിർമാതാവായ ആകാശ് ഭാസ്‌കരന്റെ വിവാഹച്ചടങ്ങിനാണ് ഇരുവരുമെത്തിയത്. പകർപ്പവകാശത്തർക്കം കൊടുമ്പിരിക്കൊണ്ടിരിക്കേ ആദ്യമായാണ് നയൻതാരയും ധനുഷും ഒരേ ചടങ്ങിനെത്തിയത്. വിഘ്‌നേഷ് ശിവനൊപ്പമാണ് നയൻതാരയെത്തിയത്. ഇവർ എത്തുമ്പോൾ സദസിന്റെ മുൻനിരയിൽ ധനുഷുമുണ്ടായിരുന്നു.

ചടങ്ങിൽ ധനുഷ് ഇരുന്നതിന് തൊട്ടടുത്ത ഇരിപ്പിടത്തിൽത്തന്നെയാണ് നയൻതാരയും ഇരുന്നത്. എന്നാൽ ഇരുവരും പരസ്പരം മുഖംകൊടുത്തില്ല. ധനുഷ് വിവാഹച്ചടങ്ങുകളിൽ മുഴുകിയിരിക്കുകയും നയൻതാര മറ്റ് അതിഥികൾക്കൊപ്പം സമയം ചെലവിടുകയുമായിരുന്നു. ഇതിന്റെ വീഡിയോകൾ ഇപ്പോൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാണ്.

നയൻതാരയെ നായികയാക്കി വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമ നിർമിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്‌നേഷും പ്രണയത്തിലാകുന്നത്. ഈ സിനിമയുടെ ചില പിന്നണി ദൃശ്യങ്ങൾ നെറ്റ്ഫ്‌ളിക്‌സിലെ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതിനെതിരെ 10 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് ധനുഷ് നയൻതാരയ്ക്ക് നോട്ടീസ് അയച്ചിരുന്നു.

ഇതിനെതിരെ വിമർശനവുമായി നയൻതാര രംഗത്തെത്തി. ധനുഷിന് തന്നോട് പകയാണെന്നായിരുന്നു നയൻതാര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ വ്യക്തമാക്കിയത്. തുടർന്ന് കഴിഞ്ഞദിവസം ഡോക്യുമെന്ററി നിർമിക്കാൻ തന്നോട് സഹകരിച്ച നിർമാതാക്കളുടെ പേരുവിവരങ്ങളും നടി പുറത്തുവിട്ടിരുന്നു.

 

 

 

 

Recent Articles

Related Articles

Special

Enable Notifications OK No thanks