ബംഗളൂരു: 2016ല്‍ നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപ്പെട്ട മാവോവാദി കമാന്‍ഡര്‍ വിക്രം ഗൗഡയെ കര്‍ണാടക പൊലീസ് വെടിവെച്ചു കൊന്നു. മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷന്‍സ് മേധാവിയായ വിക്രം ഗൗഡ ദക്ഷിണേന്ത്യയിലെ പ്രധാന മാവോയിസ്റ്റ് നേതാവാണ്.
ഛത്തീസ്ഗഢിലെ കാങ്കറില്‍ രണ്ട് സ്ത്രീകള്‍ അടക്കം അഞ്ച് മാവോവാദികള സുരക്ഷാസേന വധിച്ചു. തലയ്ക്ക് മൊത്തം 28 ലക്ഷംരൂപ ഇനാം പ്രഖ്യാപിച്ചിരുന്നവരെയാണ് ഛത്തീഗഢിലെ ഏറ്റുമുട്ടലില്‍ വധിച്ചത്.
കര്‍ണാടക ഉഡുപ്പി ജില്ലയിലെ കാര്‍ക്കള താലൂക്കിലെ സീതാംബിലു വനമേഖലയിലായിരുന്നു ഗൗഡയുടെ മരണത്തിലേക്കു നയിച്ച ഏറ്റുമുട്ടല്‍. ശൃംഗേരി, നരസിംഹരാജപുര, കാര്‍ക്കള, ഉഡുപ്പി മേഖലകളില്‍ അടുത്ത ദിവസങ്ങളില്‍ ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നു. ഈ പ്രദേശങ്ങളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
കര്‍ണാടക പൊലീസും ആന്റി നക്‌സല്‍ ഫോഴ്‌സും ഹിബ്രി വനമേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെ അഞ്ച് മാവോയിസ്റ്റുകളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുമായി ഏറ്റുമുട്ടല്‍ ഉണ്ടായി. ഈ ഏറ്റുമുട്ടലിലാണ് വിക്രം ഗൗഡ കൊല്ലപ്പെട്ടത്. ഗൗഡ ഒഴികെയുള്ളവര്‍ ഓടിരക്ഷപ്പെട്ടു. മുണ്ട്ഗാരു ലത, ജയണ്ണ, വനജാക്ഷി എന്നിവര്‍ ആണ് രക്ഷപ്പെട്ടത്.
കേരളത്തില്‍ നിന്ന് രണ്ടു മാസം മുമ്പാണ് ഇവര്‍ ഉഡുപ്പി വനമേഖലയിലേക്ക് തിരിച്ചെത്തിയതെന്നാണ് ആന്റി നക്സല്‍ ഫോഴസ് പറയുന്നത്. സംഘത്തിലെ മറ്റ് നേതാക്കള്‍ വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഛത്തീഗഢില്‍ കൊല്ലപ്പെട്ടവരില്‍ മാവോവാദി പ്രമുഖനായ വിനോജ മിര്‍ച്ച കരാം (42) ഉള്‍പ്പെടുന്നു. ഇയാളുടെ തലയ്ക്ക് എട്ടു ലക്ഷമാണ് ഈനാം പ്രഖ്യാപിച്ചിരുന്നത്. പുനിത (21), സന്തോഷ് കൊര്‍ചാമി (35), കജു സൈനു പദ്ദ (35) നാഗേഷ് ഗൗഡ (30) എന്നിവരാണ് കൊല്ലപ്പെട്ട മറ്റു മാവോവാദികള്‍. ഇവരുടെ തലയ്ക്ക് അഞ്ചു ലക്ഷം വീതമായിരുന്നു ഈനാം പ്രഖ്യാപിച്ചിരുന്നത്. ഇവരില്‍ നിന്ന് തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തു.
വനത്തില്‍ മാവോവാദികളുടെ ക്യാമ്പ് പ്രവര്‍ത്തിക്കുന്നു എന്ന രഹസ്യവിവരം അറിഞ്ഞാണ് പ്രത്യേക ദൗത്യ സംഘം പ്രദേശത്ത് എത്തിയത്. ആദ്യം മാവോവാദികളാണ് വെടിയുതിര്‍ത്തെന്നാണ് ഔദ്യോഗിക വിശദീകരണം. പിന്നീട് നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് മാവോവാദികളെ വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
ഇവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. കൂടുതല്‍ സൈനികരെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ബി.എസ്.എഫ്., ഛത്തീസ്ഗഢ് മാവോവാദി വിരുദ്ധ സേന എന്നിവര്‍ സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇവരെ വധിച്ചത്.