തൊടുപുഴ: എക്സൈസ് വാഹന പരിശോധനയിൽ ബിഗ് ബോസ് താരവും സുഹൃത്തും എം.ഡി.എം.എയും കഞ്ചാവുമായി പിടിയിൽ. ബിഗ് ബോസ് താരവും മിനി സ്‌ക്രീൻ, ചലച്ചിത്ര നടനുമായ പരീക്കുട്ടി എന്നറിയപ്പെടുന്ന പെരുമ്പാവൂർ കണ്ണങ്കര പള്ളിക്കൂടത്തുങ്കൽ പി.എസ്.ഫരീദുദ്ദീൻ (31), വടകര കാവിലുംപാറ പൊയിലക്കരയിൽ പെരുമാലിൽ ജിസ്മോൻ (24) എന്നിവരെയാണ് മൂലമറ്റം എക്സൈസ് സംഘം പിടികൂടിയത്.
Follow the FOURTH PILLAR LIVE channel on WhatsApp
വാഗമൺ റൂട്ടിൽ പുള്ളിക്കാനം എസ് വളവിൽ നടന്ന വാഹനപരിശോധനയ്ക്കിടെ, ഇവർ സഞ്ചരിച്ച കർണാടക രജിസ്ട്രേഷൻ കാറിൽ നിന്നാണ് എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്തത്. ജിസ്മോന്റെ പക്കൽനിന്ന് 10.50 ഗ്രാം എം.ഡി.എം.എയും 5 ഗ്രാം കഞ്ചാവും പരീക്കുട്ടിയുടെ കയ്യിൽനിന്ന് 230 മില്ലിഗ്രാം എം.ഡി.എം.എയും 4 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. ഇതിന് ലക്ഷങ്ങളുടെ വില വരും.
ഇവർ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. കാറിനുള്ളിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയും കുട്ടിയുമുണ്ടായിരുന്നു. അതിനാൽ ഏറെ കഷ്ടപ്പെട്ടാണ് ഉദ്യോഗസ്ഥർ പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒരു അഡാർ ലൗ, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിൽ പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്.