പാലക്കാട്: ബി.ജെ.പി. പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ വ്യാജ വോട്ടറാണെന്ന് തെളിവുകള്‍ നിരത്തി സി.പി.എം. ആരോപണം. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ബൂത്ത് 73, ക്രമ നമ്പര്‍ 431 ആയി പേരു ചേര്‍ത്തിട്ടുള്ള ഇദ്ദേഹം വര്‍ഷങ്ങളായി പട്ടാമ്പിയില്‍ സ്ഥിരതാമസക്കാരനാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു പറഞ്ഞു. പട്ടാമ്പി അസംബ്ലി മണ്ഡലം ബൂത്ത് നമ്പര്‍ 79ലെ ക്രമ നമ്പര്‍ 491ല്‍ ഹരിദാസിന്റെ പേരുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പട്ടാമ്പിയില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്നു. അങ്ങനെ വരുമ്പോള്‍ ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്റ് പാലക്കാടും പട്ടാമ്പിയിലും വോട്ടറാണെന്ന് സുരേഷ് ബാബു ചൂണ്ടിക്കാട്ടി.
Follow the FOURTH PILLAR LIVE channel on WhatsApp
ഇത്തരത്തില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഇരട്ടവോട്ടും വ്യാജവോട്ടും വ്യാപകമെന്ന് സുരേഷ് ബാബു ആരോപിച്ചു. തെളിവുകള്‍ നിരത്തി ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ 18ന് ശക്തമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേഷ് ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബി.ജെ.പി. നേതാവും ചാവക്കാട് സ്വദേശിയുമായ ജിതേഷ് ക്രമ നമ്പര്‍ 430 ആയി പാലക്കാട് മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിരിക്കുന്നു. ബൂത്ത് നമ്പര്‍ 134ലെ ക്രമ നമ്പര്‍ 1434 വോട്ടറായ കോയപ്പ് എന്നയാളുടെ പേര് 135-ാം ബൂത്തില്‍ ക്രമ നമ്പര്‍ 855ലുമുണ്ട്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ അടുത്ത ബന്ധുവാണ് അദ്ദേഹം. 105 ബൂത്തിലെ 786 ക്രമ നമ്പര്‍ വത്സലക്ക് 66 ബൂത്തിലും വോട്ടുണ്ട്. കണ്ണാടിയില്‍ 176ാം ബൂത്തിലെ ക്രമ നമ്പര്‍ 1538 രമേഷ് മലമ്പുഴ മണ്ഡലത്തിലെ വോട്ടറാണ്.
ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ സ്വാധീനിച്ചാണ് ഇത്തരത്തില്‍ വ്യാപകമായി വ്യാജവോട്ടുകള്‍ ചേര്‍ത്തിട്ടുള്ളത്. വീട്ടു നമ്പര്‍ പോലും പ്രദര്‍ശിപ്പിക്കാതെയാണ് പട്ടികയില്‍ പേര് ചേര്‍ത്തിയിരിക്കുന്നത്. ഈ വോട്ടര്‍മാര്‍ ബൂത്തിലെത്തുമ്പോള്‍ റേഷന്‍കാര്‍ഡ് പരിശോധിക്കണം. റേഷന്‍ കാര്‍ഡില്‍ പേരുണ്ടെങ്കില്‍ വോട്ട് ചെയ്തോട്ടെ. അല്ലാത്ത പക്ഷം വ്യാജവോട്ട് ചെയ്യുന്ന ഓരോ വോട്ടര്‍മാര്‍ക്കെതിരെയും നിയമനടപടിയുമായി മുന്നോട്ട് പോകും. തെളിവ് സഹിതമാണ് എല്‍.ഡി.എഫ്. പറയുന്നതെന്നും കള്ള വോട്ട് ചെയ്യിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതിരോധിക്കുമെന്നും സുരേഷ് ബാബു വ്യക്തമാക്കി.
മണ്ഡലത്തില്‍ 2,700 ലേറെ വ്യാജ വോട്ടര്‍മാരെയാണ് കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ത്തിട്ടുള്ളത്. പിരായിരിയില്‍ മാത്രം 800ഓളം വ്യാജ വോട്ടര്‍മാരാണുള്ളത്. സി.പി.എം. പ്രവര്‍ത്തകര്‍ സ്ലിപ് കൊടുക്കാന്‍ പോകുമ്പോള്‍ പലരേയും കാണാനില്ലെന്നും സുരേഷ് ബാബു ആരോപിച്ചു.
സാധാരണഗതിയില്‍ 18, 19 വയസ്സുള്ള പുതിയ വോട്ടര്‍മാരെയാണ് പട്ടികയില്‍ ചേര്‍ക്കുക. പക്ഷേ, പിരിയാരി പഞ്ചായത്തില്‍ മാത്രം 800ഓളം പുതിയ വോട്ടര്‍മാര്‍ 40 വയസ്സു മുതല്‍ 60 വയസ്സുവരെയുള്ളവരാണ്.
സി.പി.എം പ്രവര്‍ത്തകര്‍ സ്ലിപ് കൊടുക്കാന്‍ പോകുമ്പോള്‍ ഈ പറയുന്ന ആളുകളെയൊന്നും വീടുകളില്‍ കാണാനില്ല. പലരും വിവിധ പ്രദേശങ്ങളിലും വിവിധ മണ്ഡലങ്ങളിലുമുള്ള ആളുകളാണ് -അദ്ദേഹം പറഞ്ഞു.