Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വാട്ട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനെതിരെയും മേലുദ്യോഗസ്ഥനെ പരസ്യമായ അധിക്ഷേപിച്ച വിഷയത്തില്‍ കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്തിനെതിരെയും നടപടി ഉണ്ടാവുമെന്ന് ഉറപ്പായി. ഇരു വിഷയങ്ങളെ സംബന്ധിച്ചും ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.
മൊബൈല്‍ ഹാക്ക് ചെയ്തതാണെന്ന ഗോപാലകൃഷ്ണന്റെ വിശദീകരണം ശരിയല്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെ സമൂഹമാധ്യമത്തിലൂടെ പ്രശാന്ത് നടത്തിയത് പരസ്യമായ വിമര്‍ശനമായതിനാല്‍ അദ്ദേഹത്തോട് പ്രത്യേകിച്ച് വിശദീകരണം തേടാതെ തന്നെ ചീഫ് സെക്രട്ടറി നേരിട്ട് റിപ്പോര്‍ട്ട് നല്കുകയായിരുന്നു. കീഴുദ്യോഗസ്ഥരുടെ ജീവിതവും കരിയറും തകര്‍ക്കലാണ് ജയതിലകിന്റെ രീതിയെന്ന് വീണ്ടും പ്രശാന്ത് വിമര്‍ശിച്ചിരുന്നു.
വാട്ട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്‍ തന്നെയാണ് പൊലീസിന് പരാതി നല്കിയത്. തന്റെ മൊബൈല്‍ ഹാക്ക് ചെയ്തു എന്ന അദ്ദേഹത്തിന്റെ വാദത്തിനുള്ള തെളിവുകളൊന്നും പൊലീസിന് കണ്ടെത്താനായില്ല. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ മനോരോഗി എന്ന് വരെ വിളിച്ചുള്ള പരസ്യ അധിക്ഷേപത്തിലാണ് പ്രശാന്തിനെതിരായ നടപടി ശുപാര്‍ശ. അധിക്ഷേപം പ്രശാന്ത് തുടരുകയും ചെയ്യുന്നു. പ്രശാന്തിന്റെ വിമര്‍ശനം സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ശാരദാ മുരളീധരന്റെ വസ്തുതാ റിപ്പോര്‍ട്ട്.