തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രനുമായുള്ള അടുത്ത ബന്ധം സമ്മതിച്ച് പ്രതിയായ ധർമ്മരാജൻ്റെ മൊഴി. ചെറുപ്പത്തിൽ ആർ.എസ്.എസുകാരൻ ആയിരുന്നുവെന്നും സുരേന്ദ്രുമായി ബന്ധമുണ്ടെന്നും ധർമ്മരാജൻ്റെ മൊഴിയിൽ പറയുന്നു. അതേസമയം കേസിൽ തുടരന്വേഷണം ആവശ്യമാണെന്ന് ആദ്യ കുറ്റപത്രത്തിൽ തന്നെ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Follow the FOURTH PILLAR LIVE channel on WhatsApp
വാജ്പേയി സർക്കാരിൻ്റെ കാലം മുതൽ സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളത്. സാമ്പത്തിക സഹായങ്ങൾ ചെയ്തിരുന്നു. അമിത് ഷാ തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് വന്നപ്പോൾ അവിടെ പോയി. സുരേന്ദ്രൻ്റെ കോന്നിയിലെ തിരഞ്ഞെടുപ്പ് പരിപാടിക്ക് വന്നപ്പോഴും പോയിരുന്നു. അസംബ്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നിയിൽ മൂന്നു തവണ പോയെന്നും ധർമ്മരാജൻ്റെ മൊഴിയിൽ പറഞ്ഞു.
കൊടകര കുഴല്‍പ്പണക്കേസിൽ ബി.ജെ.പി. നേതാക്കളുടെ പങ്ക് വ്യക്തമാക്കിയാണ് ആദ്യ കുറ്റപത്രം. കെ.സുരേന്ദ്രന്‍റെ അടുപ്പക്കാരന്‍ ധര്‍മ്മരാജന്‍ ഹവാല ഏജന്‍റാണെന്നും കേസിൽ തുടരന്വേഷണം ആവശ്യമാണെന്നും ആദ്യ കുറ്റപത്രത്തിൽ തന്നെ പൊലീസ് പറയുന്നു.
ബി.ജെ.പി. തൃശ്ശൂർ ഓഫീസിലെ മുൻ സെക്രട്ടരി തിരൂർ സതീഷിൻ്റെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ കേസിൽ തുടരന്വേഷണത്തിനുള്ള നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നല്കിയിരുന്നു. ഇതുപ്രകാരമുള്ള നടപടികൾക്ക് അന്വേഷണസംഘം തുടക്കമിട്ടിട്ടുണ്ട്.
തിരൂർ സതീഷിൻ്റെ മൊഴി ഉടനെ രേഖപ്പെടുത്തും. അന്വേഷണ ഉദ്യോഗസ്ഥനായ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. രാജുവാണ് മൊഴി രേഖപ്പെടുത്തുന്നത്. മൊഴി പരിശോധിച്ച ശേഷം വൈകാതെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ക്രമസമാധാന ചുമതലയുളള എ.ഡി.ജി.പി മനോജ് എബ്രഹാമിനാണ് മേല്‍നോട്ട ചുമതല.
അതേസമയം സതീഷിൻ്റെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. മെഡിക്കൽ കോളേജ് പൊലീസാണ് സുരക്ഷ ഒരുക്കുന്നത്.