29 C
Trivandrum
Friday, January 17, 2025

യാത്രയയപ്പ് യോഗത്തില്‍ എത്തിയത് ആസൂത്രിതമായെന്ന് റിമന്‍ഡ് റിപ്പോര്‍ട്ട്; ദിവ്യ ജാമ്യഹര്‍ജി സമര്‍പ്പിച്ചു

കണ്ണൂര്‍: എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ എത്തിയത് ആസൂത്രിതമായെന്ന് പൊലീസ്. കരുതിക്കൂട്ടി അപമാനിക്കാന്‍ യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയുമെന്നു ദിവ്യ ഭീഷണി സ്വരത്തില്‍ പറഞ്ഞുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Follow the FOURTH PILLAR LIVE channel on WhatsApp 

അതേസമയം തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ദിവ്യ ജാമ്യഹര്‍ജി നല്കി. ജാമ്യത്തെ എതിര്‍ത്ത് കക്ഷി ചേരുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം അറിയിച്ചിട്ടുണ്ട്.

യാത്രയയപ്പ് സമ്മേളനത്തില്‍ ആസൂത്രിതമായി എത്തിയ ദിവ്യ പ്രസംഗം ചിത്രീകരിക്കാന്‍ ഏര്‍പ്പാട് ചെയ്തുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. ആ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. ഇത് എ.ഡി.എമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കി. ഉപഹാരസമര്‍പ്പണത്തില്‍ പങ്കെടുക്കാത്തത് ക്ഷണിച്ചിട്ടില്ലെന്നതിനു തെളിവാണ്. വേദിയില്‍ ഇരിപ്പിടം മറ്റാരോ ഒഴിഞ്ഞു കൊടുക്കുകയായിരുന്നു.

കളക്ടറും സംഘാടകരും പരിപാടിയിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലായിരുന്നുവെന്ന് കളക്ടറേറ്റ് ഇന്‍സ്‌പെക്ഷന്‍ വിങ്ങിലെ സീനിയര്‍ ക്ലര്‍ക്കിന്റെ മൊഴിയുണ്ട്. ദിവ്യ മുന്‍പ് പല കേസുകളിലും പ്രതിയാണെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റകൃത്യം നേരിട്ട് നടപ്പില്‍ വരുത്തിയെന്നും അന്വേഷണത്തോട് സഹകരിക്കാതെ ദിവ്യ ഒളിവില്‍ പോയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

പൊലീസിന്റെ അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്നാണ് ജാമ്യഹര്‍ജിയില്‍ ദിവ്യ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഉന്നയിച്ചതില്‍നിന്ന് കൂടുതല്‍ വാദങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പൊലീസ് അന്വേഷണത്തില്‍ കൃത്യതയും വ്യക്തതയും ഇല്ല. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞതായുള്ള കളക്ടറുടെ മൊഴി പൊലീസ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍, ഇതിന്റെ വിശദാംശങ്ങളോ ഇത് എന്തിനെക്കുറിച്ചാണെന്നോ പൊലീസ് അന്വേഷിച്ചില്ല. സംഭവത്തില്‍ അന്വേഷണം നടത്തിയ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ മൊഴിയെടുക്കണം.

പരാതിക്കാരനായ ടി.വി.പ്രശാന്ത് വിജിലന്‍സ് ഡി.വൈ.എസ്.പി.ക്ക് മുന്നില്‍ ഹാജരായിരുന്നു. എന്നാല്‍, പൊലീസ് റിപ്പോര്‍ട്ടില്‍ ആ മൊഴിയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയില്ല. പ്രശാന്ത് എന്തിനാണ് നവീന്‍ ബാബുവിന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് പോയത് എന്നതിനെക്കുറിച്ച് അന്വേഷണം നടന്നില്ലെന്നും ജാമ്യ ഹര്‍ജിയില്‍ വാദിക്കുന്നു.

എ.ഡി.എം. നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കഴിഞ്ഞ ദിവസമാണ് ദിവ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയായിരുന്നു അവര്‍ പൊലീസിന്റെ കസ്റ്റഡിയിലായത്. തുടര്‍ന്ന് 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തതോടെ ദിവ്യയെ പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റി.

Recent Articles

Related Articles

Special

Enable Notifications OK No thanks