Follow the FOURTH PILLAR LIVE channel on WhatsApp
കണ്ണൂർ: എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി.ദിവ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജുഡീഷ്യൽ കസ്റ്റഡിയിലാണ് ദിവ്യയെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിനോട് ചേർന്ന വനിതാ ജയിലിലാണ് ദിവ്യയെ പാർപ്പിക്കുക.
മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കുന്നതിനു മുമ്പ് ദിവ്യയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ആശുപത്രിയുടെ പിൻവാതിലിലൂടെയാണ് അവരെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത്. കനത്ത പൊലീസ് കാവലിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലായിരുന്നു പരിശോധന. ശേഷം മുൻവാതിലിലൂ?ടെ പുറത്ത് വന്നു. പൊലീസ് വാഹനത്തിൽ തളിപ്പറമ്പിലെ മജിസ്‌ട്രേറ്റിന്റെ വസതിയിലേക്ക് കൊണ്ടുപോയി.

കനത്ത പൊലീസ് സുരക്ഷയോടെ ദിവ്യയെ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കുമ്പോൾ അവിടെ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, യുവ മോർച്ച പ്രവർത്തകർ കടുത്ത പ്രതിഷേധം നടത്തി. കരിങ്കൊടിയുമായി എത്തിയ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ബുധനാഴ്ച തലശ്ശേരി സെഷൻസ് കോടതിയിൽ ദിവ്യ ജാമ്യ ഹർജി നൽകും. സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ കെ. വിശ്വൻ പറഞ്ഞു.
മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് കണ്ണൂർ കണ്ണപുരം പൊലീസിൽ ദിവ്യ കീഴടങ്ങിയത്. കസ്റ്റഡിയിലെടുത്ത പൊലീസ് കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ച് ചോദ്യംചെയ്തു. തുടർന്നാണ് വൈദ്യപരിശോധനക്ക് കൊണ്ടുപോയത്.