ന്യൂഡൽഹി: അംഗീകാരമില്ലാത്ത മദ്രസകളിലെ വിദ്യാർത്ഥികളെ സർക്കാർ സ്‌കൂളുകളിലേക്ക് മാറ്റാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ പുറപ്പെടുവിച്ച നിർദ്ദേശം നടപ്പാക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ച സ്റ്റേ ചെയ്തു. വിദ്യാഭ്യാസാവകാശ നിയമം ലംഘിച്ചുവെന്നാരോപിച്ചാണ് കമ്മീഷൻ ഈ നിർദ്ദേശം നല്കിയത്.
Follow the FOURTH PILLAR LIVE channel on WhatsApp
കമ്മീഷന്റെ നിർദ്ദേശങ്ങളും അനുബന്ധമായി ചില സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികളും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ജാമിയത് ഉലമ-ഇ-ഹിന്ദ് സമർപ്പിച്ച ഹർജിയിന്മേലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഢ്, ജസ്റ്റീസുമാരായ ജെ.ബി.പാർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഇക്കഴിഞ്ഞ ജൂൺ 7നും ജൂൺ 25നും ബാലാവകാശ കമ്മീഷൻ പുറപ്പെടുവിച്ച നിർദ്ദേശങ്ങൽ നടപടിയെടുക്കരുതെന്ന് കോടതി ഉത്തരവിട്ടു.
മദ്രസകളുടെ പ്രവർത്തനത്തെക്കുറിച്ച് കമ്മീഷൻ ഗുരുതരമായ ആശങ്കകൾ ഉന്നയിക്കുകയും വിദ്യാഭ്യാസാവകാശ നിയമം, 2009 അനുസരിച്ചില്ലെങ്കിൽ സംസ്ഥാനങ്ങൾക്കുള്ള ധനസഹായം നിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം വന്നപാടെ അംഗീകാരമില്ലാത്ത മദ്രസകളിലെ വിദ്യാർത്ഥികളെ സർക്കാർ സ്‌കൂളുകളിലേക്ക് മാറ്റാൻ ഉത്തർപ്രദേശ്, ത്രിപുര സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച നടപടികളെയാണ് ഹർജിക്കാർ പ്രധാനമായും ചോദ്യം ചെയ്തത്.
വ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ബാലാവകാശ കമ്മീഷൻ നിർദ്ദേശങ്ങൾ നിയമപരമായി നിലനില്ക്കില്ലെന്നും ഇത് മൗലികാവകാശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ജാമിയത് ഉലമ-ഇ-ഹിന്ദിനു വേണ്ടി ഹാജരായ ഇന്ദിരാ ജയ്‌സിങ് ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശും ത്രിപുരയും ഒഴിച്ചുള്ള മറ്റു സംസ്ഥാനങ്ങളെയും തങ്ങളുടെ ഹർജിയിൽ കക്ഷികളാക്കാൻ ജാമിയത് ഉലമ-ഇ-ഹിന്ദിനെ കോടതി അനുവദിച്ചിട്ടുണ്ട്.