തിരുവനന്തപുരം: ‘പ്രണയത്തിന് പല സ്റ്റേജസ്സുണ്ടത്രേ…. എന്റെ അറിവിൽ അത്. ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, സെക്കന്റ് സ്റ്റേജ്, തേർഡ് സ്റ്റേജ് പിന്നെ ഇതിനിടയ്ക്ക് സംഭവിക്കുന്ന ഫ്രണ്ട്ഷിപ്പ്, ഡ്രാമ, ഇമോഷൻസ്, ബ്രേക്കപ്പ്, പാച്ചപ്പ്, ഇതൊക്കെ ക്ലീഷേ ആണന്നും, പറഞ്ഞു പഴകിയതുമാണന്നുമൊക്കെ അറിയാം. പക്ഷേ എന്തു ചെയ്യാനാണ് ഭായ്… മാറ്ററ് പ്രണയമായിപ്പോയില്ലേ? സോ… ലെറ്റ്‌സ് ലൗ…’ എൻ.വി.മനോജ് സംവിധാനം ചെയ്യുന്ന ഓശാന എന്ന ചിത്രത്തിന്റെ ടീസറിലൂടെ പുറത്തുവിട്ടതാണ് പ്രണയത്തിന്റെ ഈ നിർവ്വചനങ്ങൾ
Follow the FOURTH PILLAR LIVE channel on WhatsApp
മലയാളത്തിലെ പ്രമുഖ താരങ്ങളായ ആസിഫ് അലി, വിഷ്ണു ഉണ്ണികൃഷ്ണൻ, അർജുൻ അശോകൻ, ബിബിൻ ജോർജ്, മിയാ ജോർജ്, അനു സിതാര, അനുശ്രീ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ട ഈ ടീസർ യുവജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യത നേടിയിട്ടുണ്ട്. പ്രണയമാണ് ഈ ചിത്രത്തിന്റെ കാതലായ വിഷയം. ആ വിഷയമാണ് ടീസറിലൂടെ വ്യക്തമാക്കപ്പെടുന്നതും.
കാമ്പസിന്റെയും ഒപ്പം ഒരു കാർഷിക ഗ്രാമത്തിന്റെയും പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ഒരു വ്യക്തിയുടെ ജീവിതത്തിൽ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന വികാരങ്ങളുടേയും ബന്ധങ്ങളുടേയും സങ്കീർണ്ണതകളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഓരോ കാലഘട്ടത്തിലും പ്രണയം എങ്ങനെ വ്യത്യാസപ്പെടുന്നു അത് എത്രത്തോളം ഒരു വ്യക്തിയുടെ വികാരങ്ങളേയും ജീവിത നിലവാരങ്ങളേയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഈ ചിത്രത്തിലൂടെ വരച്ചുകാട്ടുന്നു.
പുതുമുഖം ബാലാജി ജയരാജ്, നായകനാകുന്ന ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വർഷാ വിശ്വനാഥാണു നായിക. അൽത്താഫ് സലിം, ബോബൻ സാമുവൽ, നിഴൽകൾ രവി, സാബുമോൻ, ഡോ.ജോവിൻ ഏബ്രഹാം, വിനു വിജയകുമാർ, ഷാജി മാവേലിക്കര, ഗൗരി മോഹൻ, ചിത്രാ നായർ, സ്മിനു സിജോ എന്നിവരും ബാല താരങ്ങളായ ജാൻവി മുരളിധരൻ, ആദിത്യൻ, ആര്യാ രാജീവ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
എം.ജെ.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ മാർട്ടിൻ ജോസഫ് മായിപ്പൻ മഞ്ഞപ്രയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രചന -ജിതിൻ ജോസ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് മെജോ ജോസഫാണ്. ഗാനങ്ങൾ -ഹരി നാരായണൻ, വിനായക് ശശികുമാർ, ഷോബി കണ്ണങ്കാട്ട്, സാൽവിൻ വർഗീസ്. ഛായാഗ്രഹണം -മെൽബിൻ കുരിശിങ്കൽ, എഡിറ്റിങ്- സന്ദീപ് നന്ദകുമാർ, കലാസംവിധാനം – ബനിത് ബത്തേരി, വസ്ത്രാലങ്കാരം -ദിവ്യാ ജോബി, ചമയം -ജിത്തു പയ്യന്നൂർ, പ്രൊജക്റ്റ് – ഡിസൈൻ -അനുക്കുട്ടൻ ഏറ്റുമാന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ -കമലാക്ഷൻ പയ്യന്നൂർ.