തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ട പ്രകാരം ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും സംസ്ഥാന പൊലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബും അദ്ദേഹത്തിനു മുന്നില്‍ ഹാജരായി വിശദീകരണം നല്കില്ല. ഇരുവരും ഹാജരാകേണ്ടതില്ലെന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. സര്‍ക്കാര്‍ അറിയാതെ ഇവരെ വിളിച്ചുവരുത്താന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തു നല്കുകയും ചെയ്തു.
Follow the FOURTH PILLAR LIVE channel on WhatsApp
സ്വര്‍ണക്കടത്തും ഹവാലയുമായി ബന്ധപ്പെട്ട് അഭിമുഖത്തില്‍ മുഖ്യമന്ത്രിയുടേതായി വന്ന ‘ദേശവിരുദ്ധ’ പരാമര്‍ശം പി.വി.അന്‍വര്‍ വെളിപ്പെടുത്തിയ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം എന്നിവയെ കുറിച്ച് ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും രാജ്ഭവനിലെത്തി വിശദീകരിക്കണമെന്നാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് നാലിനു പൊലീസ് മേധാവിയെയും കൂട്ടിയെത്താനാണ് ചീഫ് സെക്രട്ടറിക്കുള്ള കത്തില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, നേരിട്ടു ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും മുഖ്യമന്ത്രിയോട് ആവശ്യമുന്നയിക്കാനേ കഴിയൂ എന്നുമുള്ള വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്.
ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി മൂന്നാഴ്ച മുന്‍പാണ് ഗവര്‍ണര്‍ കത്തയച്ചത്. മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ വന്ന ‘സ്വര്‍ണക്കടത്ത്, ദേശവിരുദ്ധ പ്രവര്‍ത്തനം’ തുടങ്ങിയ പരാമര്‍ശങ്ങളില്‍ ഗവര്‍ണര്‍ വിശദീകരണം തേടിയത് നാലു ദിവസം മുന്‍പാണ്. ഏതെല്ലാം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഈ പണം ഉപയോഗിക്കുന്നു, ആരെല്ലാമാണു പിന്നില്‍ തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു നിര്‍ദേശം. ഇരു വിഷയങ്ങളിലും ഗവര്‍ണര്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല.